ജനങ്ങള്‍ ആഗ്രഹിക്കുന്ന ശിക്ഷ ശത്രുക്കള്‍ക്ക് ലഭിക്കും; പഹല്‍ഗാം ഭീകരാക്രമണത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി
ന്യൂഡല്‍ഹി: കാശ്മീരില്‍ സാധാരണക്കാരെ കൂട്ടക്കൊല ചെയ്ത പഹല്‍ഗാം ഭീകരാക്രമണം നടന്നിട്ട് 12 ദിവസം കഴിയുമ്പോഴും അത് ഇന്ത്യന്‍ ജനതയുടെ മനസില്‍ സൃഷ്ടിച്ച മുറിപ്പാട് മാഞ്ഞിട്ടില്ല. ആക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. പാക് സൈന്യത്തിന്റെയും ചാരസംഘടനയായ ഐഎസ്‌ഐയുടെയും പരോക്ഷ പിന്തുയോടെയാണ് തീവ്രവാദികള്‍ പഹല്‍ഗാമിലെത്തി വിനോദ സഞ്ചാരികള്‍ക്കു നേരെ നിറയൊഴിച്ചത്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഒരാളെയും വെറുതെ വിടില്ലെന്നും കനത്ത ശിക്ഷ നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത ഷായും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും രംഗത്തുവന്നു. തീവ്രവാദികള്‍ക്കു ശക്തമായ തിരിച്ചടി നല്‍കുമെന്ന് രാജ്നാഥ് സിങ് ന്യൂഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ വ്യക്തമാക്കി.

കേന്ദ്ര പ്രതിരോധ മന്ത്രിയുടെ വാക്കുകള്‍: രാജ്യത്തിന്റെ അതിര്‍ത്തികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് പ്രതിരോധ മന്ത്രി എന്ന നിലയില്‍ എന്റെ ഉത്തരവാദിത്തമാണ്. നമ്മുടെ രാജ്യത്തെ ആക്രമിക്കാന്‍ ധൈര്യപ്പെടുന്നവര്‍ക്ക് ഉചിതമായ മറുപടി നല്‍കേണ്ടത്
സൈനികരോടൊപ്പം എന്റെ കൂടി ഉത്തരവാദിത്തമാണ്. രാഷ്ട്രം ആഗ്രഹിക്കുന്ന ശിക്ഷ ശത്രുക്കള്‍ക്കു ലഭിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത് തീര്‍ച്ചയായും സംഭവിക്കും. ശത്രുക്കള്‍ക്ക് തിരിച്ചടി നല്‍കാന്‍ അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കും. ഇന്ത്യയുടെ അതിര്‍ത്തികളെ സൈനികര്‍ ഭൗതികമായി സംരക്ഷിക്കുമ്പോള്‍ ഭാരതത്തിന്റെ ആത്മീയ സത്തയെ നമ്മുടെ ഋഷിമാരും ജ്ഞാനികളും ചേര്‍ന്ന് സംരക്ഷിക്കുന്നു.
ഇന്ത്യയുടെ ശക്തി അതിന്റെ സൈനികബലം മാത്രമല്ല, രാജ്യത്തിന്റെ സമ്പന്നമായ സാംസ്‌കാരികവും ആത്മീയവുമായ പൈതൃകമാണെന്നും രാജ്നാഥ് സിങ് ഓര്‍മിപ്പിച്ചു.
ഏപ്രില്‍ 22 നാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. സമീപ കാലത്ത് സാധാരണ പൗരന്മാരെ ലക്ഷ്യമിട്ട് നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്. പഹല്‍ഗാം താഴ്‌വരയില്‍ 26 നിരപരാധികളുടെ ജീവനാണ് വെടിയേറ്റ് നഷ്ടമായത്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-ത്വയ്ബ(എല്‍ഇടി)യുടെ ഉപ വിഭാഗമായ റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിക്കു ലഭിച്ചുകഴിഞ്ഞു. പാകിസ്ഥാന്‍ ചാരസംഘടന ഐഎസ്‌ഐയാണ് തീവ്രവാദികള്‍ക്ക് പിന്തുണ നല്‍കിയത്.
പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം മുന്‍പൊരിക്കലും ഇല്ലാത്തവിധം വഷളായിരിക്കുകയാണ്. പാകിസ്ഥാന്‍ പൗരന്മാരെ ഇന്ത്യയില്‍ നിന്നു പുറത്താക്കിയതിനു പിന്നാലെ വ്യാപാര-നയതന്ത്ര ബന്ധവും നിലച്ചു. ഇരു രാജ്യങ്ങളും അതത് ഹൈക്കമ്മിഷനുകളിലെ നയതന്ത്ര ജീവനക്കാരുടെ എണ്ണവും കുറച്ചിട്ടുണ്ട്. അട്ടാരി-വാഗ അതിര്‍ത്തി അടച്ചതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരക്കു ഗതാഗതവും നിലച്ചു.
ആക്രമണം നടത്തിയവരെ മാത്രമല്ല അതിന്റെ സൂത്രധാരന്മാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് കനത്ത ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞിരുന്നു.












Click it and Unblock the Notifications