പ്രതിരോധ സ്ഥാപനവും സംശയനിഴലില്‍! നിര്‍ണായക ടെന്‍ണ്ടര്‍ നല്‍കിയത് മുന്‍ മേധാവിയുടെ കമ്പനിക്ക്

പൊതുമേഖലാ പ്രതിരോധ സ്ഥാപനമായ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് (ബിഡിഎല്‍) മിസൈലുകള്‍ക്കായി ഒപ്റ്റിക്കല്‍ സൈറ്റുകള്‍ വാങ്ങാന്‍ ഒരു സ്വകാര്യ കമ്പനിയെ സമീപിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ആദ്യത്തെ സംഭവമാണിത്. മത്സരാധിഷ്ഠിത ടെന്‍ഡര്‍ നടപടികളൊന്നുമില്ലാതെ ഒരു സിംഗിള്‍ ടെന്‍ഡര്‍ ക്ഷണിച്ചാണ് സ്വകാര്യ കമ്പനിയുമായി കരാറിലേര്‍പ്പെട്ടത്.

മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന സിദ്ധാര്‍ത്ഥ് മിശ്ര വിരമിച്ച ശേഷം അദ്ദേഹവും ഭാര്യയും ചേര്‍ന്ന് രൂപീകരിച്ച കമ്പനിക്കാണ് ഈ കരാര്‍ നല്‍കിയത്. നിലവില്‍, ഈ കമ്പനിയുടെ 95 ശതമാനം ഓഹരികളും സിദ്ധാര്‍ത്ഥ് മിശ്രയുടെ ഭാര്യ ശാംഭവി മിശ്രയുടെ ഉടമസ്ഥതയിലാണ്.

Defence PSU BDL

കമ്പനി നല്‍കിയ അഞ്ച് സാമ്പിള്‍ യൂണിറ്റുകളുടെ പരിശോധനയും വിജയകരമായി പൂര്‍ത്തിയായതിനെത്തുടര്‍ന്ന്, ഈ വര്‍ഷം മെയ് മാസത്തില്‍, 300 ഒപ്റ്റിക്കല്‍ സൈറ്റുകള്‍ ഏഴ് മാസത്തിനുള്ളില്‍ വിതരണം ചെയ്യുന്നതിനായി ഐന്ദ്രി ഡിഫന്‍സ് അഡൈ്വസറി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ബിഡിഎല്‍ സിംഗിള്‍ ടെന്‍ഡര്‍ നല്‍കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ബിഡിഎല്‍ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കി ഒരു മാസത്തിനുള്ളില്‍ ഈ അഞ്ച് യൂണിറ്റുകള്‍ വിതരണം ചെയ്യേണ്ടതുണ്ട്. ഗവണ്‍മെന്റ് ഇ-മാര്‍ക്കറ്റ്പ്ലേസ് പോര്‍ട്ടല്‍ പ്രകാരം, ഐന്ദ്രി ഡിഫന്‍സ് അഡൈ്വസറി സാങ്കേതിക മൂല്യനിര്‍ണ്ണയ ഘട്ടം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ ടെന്‍ഡറിനായി അവര്‍ 56.8 കോടി രൂപയാണ് ക്വോട്ട് ചെയ്തിരിക്കുന്നത്. അവരുടെ ബിഡിന്റെ സാമ്പത്തിക മൂല്യനിര്‍ണയം നടന്നുവരികയാണ്.

സിംഗിള്‍ ടെന്‍ഡര്‍ എന്നാലെന്ത്?

ഒരു വിതരണക്കാരനെ മാത്രം ബിഡ് ചെയ്യാന്‍ ക്ഷണിക്കുന്ന, മത്സരരഹിതമായ ഒരു രീതിയാണ് സിംഗിള്‍ ടെന്‍ഡര്‍. ആവശ്യകത നിറവേറ്റാന്‍ ഒരു വിതരണക്കാരന് മാത്രമേ കഴിയൂ എന്ന സാഹചര്യത്തിലോ, അല്ലെങ്കില്‍ അടിയന്തിര ആവശ്യമുണ്ടെങ്കിലോ മാത്രമേ ചട്ടങ്ങള്‍ പ്രകാരം ഇത് അനുവദിക്കൂ. ഈ ടെന്‍ഡര്‍ പ്രകാരം, ഉപകരണങ്ങളുടെ പരിപാലനം, അറ്റകുറ്റപ്പണി, ഓവര്‍ഹോള്‍ എന്നിവയ്ക്കായി കുറഞ്ഞത് 15 വര്‍ഷത്തേക്ക് സാങ്കേതിക പിന്തുണ നല്‍കാന്‍ വിതരണക്കാരന്‍ ബാധ്യസ്ഥനാണ്.

എന്താണ് ഓപ്റ്റിക്കല്‍ സൈറ്റുകള്‍?

ആന്റി-ടാങ്ക് ഗൈഡഡ് മിസൈലുകളുടെ ലക്ഷ്യം കണ്ടെത്തുന്നതിനും അതിനുനേരെ മിസൈല്‍ തിരിച്ചുവിടുന്നതിനുമുള്ള സംവിധാനത്തിലെ നിര്‍ണായക ഘടകമാണ് ഓപ്റ്റിക്കല്‍ സൈറ്റുകള്‍. ലക്ഷ്യസ്ഥാനം കണ്ടെത്താനും അത് പിന്തുടരാനും, മിസൈലിനെ ലക്ഷ്യസ്ഥാനത്തിന് നേരെ ക്രമീകരിക്കാനും ഓപ്പറേറ്റര്‍ ഈ സൈറ്റുകള്‍ ഉപയോഗിക്കുന്നു. മിസൈലുകളില്‍ നിന്നുള്ള ഇന്‍ഫ്രാറെഡ് വികിരണങ്ങളെ സ്വീകരിച്ച്, അവയെ വൈദ്യുത സിഗ്‌നലുകളാക്കി മാറ്റി, തറയിലുള്ള കോര്‍ഡിനേറ്റര്‍ യൂണിറ്റുകളിലേക്ക് കൈമാറുകയാണ് ഇവ ചെയ്യുന്നത്.

കമ്പനി രേഖകള്‍ പ്രകാരം, 2024 മെയ് മാസത്തിലാണ് സിദ്ധാര്‍ത്ഥ് മിശ്രയും അദ്ദേഹത്തിന്റെ ഭാര്യയും ചേര്‍ന്ന് ഐന്ദ്രി ഡിഫന്‍സ് അഡൈ്വസറി രൂപീകരിച്ചത്. ഇരുവരും 50 ശതമാനം വീതം ഓഹരികളാണ് കൈവശം വെച്ചിരുന്നത്. നാല് വര്‍ഷം ബിഡിഎല്ലിന്റെ സിഎംഡി ആയിരുന്ന മിശ്ര, 2023 മാര്‍ച്ചിലാണ് വിരമിച്ചത്. കമ്പനി രൂപീകരിച്ച സമയം മുതല്‍ 2025 ജനുവരി വരെ അദ്ദേഹം അതിലെ ഡയറക്ടറും ഓഹരിയുടമയുമായിരുന്നു.

കൊല്‍ക്കത്തയിലെ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ അംഗമായി നിയമിതനായപ്പോഴാണ് അദ്ദേഹം കമ്പനിയില്‍ നിന്ന് ഒഴിഞ്ഞത്. നിലവില്‍ ശാംഭവിക്ക് 95 ശതമാനം ഓഹരികളുണ്ട്, അവര്‍ കമ്പനിയുടെ ഡയറക്ടറുമാണ്. മറ്റൊരു ഡയറക്ടറായ കൗശികി നന്ദന്‍ വത്സ്യായനയ്ക്ക് ബാക്കിയുള്ള 5 ശതമാനം ഓഹരികളാണുള്ളത്. ബിഡിഎല്‍ ടെന്‍ഡറിനെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെക്കാന്‍ കഴിയില്ലെന്നാണ് വത്സ്യായന അറിയിച്ചത് എന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു.

2024-ലും 2025-ലും ബിഡിഎല്‍ സമാനമായ ഒപ്റ്റിക്കല്‍ സൈറ്റുകള്‍ വാങ്ങിയിരുന്നു. എന്നാല്‍ ആ രണ്ട് അവസരങ്ങളിലും മത്സരാധിഷ്ഠിതമായ നടപടിക്രമങ്ങളിലൂടെയും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയുമാണ് വാങ്ങലുകള്‍ നടത്തിയത്. 2024-ലെ ടെന്‍ഡറില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നത്.

2025-ലെ ടെന്‍ഡറില്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പങ്കെടുക്കാമായിരുന്നു. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്‌ന പൊതുമേഖലാ സ്ഥാപനമായ ഇന്ത്യ ഒപ്റ്റല്‍ ലിമിറ്റഡ് ആണ് ഈ രണ്ട് ടെന്‍ഡറുകളും നേടിയത്. എന്നാല്‍ 2026-ലെ ടെന്‍ഡറില്‍ മത്സരസ്വഭാവവും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് മാത്രമായുള്ള നിയന്ത്രണവും ഒഴിവാക്കിയിരിക്കുന്നു.

ഐന്ദ്രി ഡിഫന്‍സ് അഡൈ്വസറി എന്ന സ്ഥാപനത്തെ മാത്രമാണ് ഇതിനായി പരിഗണിച്ചിരിക്കുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഇത്തരം സംഭരണ നടപടികള്‍ക്കിടയില്‍, ഒരു സ്വകാര്യ കമ്പനിക്ക് കരാര്‍ ലഭിക്കാന്‍ സാധ്യതയുള്ള ആദ്യ സന്ദര്‍ഭമാണിത്. ഈ മാര്‍ഗം തിരഞ്ഞെടുക്കുന്നതിനുള്ള കാരണമായി ബിഡിഎല്‍ ചൂണ്ടിക്കാട്ടുന്നത് അടിയന്തര സാഹചര്യത്തെയാണ്.

'ഈ ആവശ്യം അടിയന്തരമാണെന്നും, പരസ്യ ടെന്‍ഡര്‍ നടപടികളിലൂടെയല്ലാതെ സാധനങ്ങള്‍ സംഭരിക്കുമ്പോള്‍ ഉണ്ടാകുന്ന അധിക ചെലവ് ഈ അടിയന്തര സാഹചര്യം കണക്കിലെടുക്കുമ്പോള്‍ ന്യായീകരിക്കാവുന്നതാണെന്നും ബന്ധപ്പെട്ട മന്ത്രാലയത്തിലെ അല്ലെങ്കില്‍ വകുപ്പിലെ അധികാരി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യത്തിന്റെ സ്വഭാവവും, ഈ സംഭരണം മുന്‍കൂട്ടി പ്രതീക്ഷിക്കാന്‍ കഴിയാതിരുന്നതിനുള്ള കാരണങ്ങളും മന്ത്രാലയം അല്ലെങ്കില്‍ വകുപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്,' എന്നാണ് ടെന്‍ഡറില്‍ പറഞ്ഞിരിക്കുന്നത്.

എങ്കിലും, എന്താണ് ആ കാരണങ്ങള്‍ എന്ന് വ്യക്തമായി പറയുന്നില്ല. ഈ മാറ്റം, മൈക്രോ, ചെറുകിട സംരംഭങ്ങളെ ടെന്‍ഡറുകള്‍ എങ്ങനെ പരിഗണിക്കുന്നു എന്നതിലേക്കും വെളിച്ചം വീശുന്നു. 2024-ലെയും 2025-ലെയും ടെന്‍ഡറുകള്‍ക്ക്, ബന്ധപ്പെട്ട അധികാരിയുടെ അനുമതിയോടെ, മൈക്രോ, ചെറുകിട സംരംഭങ്ങള്‍ക്കുള്ള പര്‍ച്ചേസ് പ്രിഫറന്‍സ് ബാധകമാക്കുന്നതില്‍ നിന്ന് ഔദ്യോഗികമായി ഇളവ് നല്‍കിയിരുന്നു.

എന്നാല്‍ 2026-ലെ ടെന്‍ഡറില്‍ ഇത് ബാധകമാക്കിയിട്ടുണ്ട്. ഈ മുന്‍ഗണനാ വ്യവസ്ഥ പ്രകാരം, ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ തുകയുടെ 15 ശതമാനത്തിനുള്ളില്‍ ക്വോട്ട് ചെയ്യുന്ന യോഗ്യരായ മൈക്രോ, ചെറുകിട സംരംഭങ്ങള്‍ക്കും ഒറിജിനല്‍ എക്വിപ്മെന്റ് മാനുഫാക്ചറര്‍മാര്‍ക്കും ആ കുറഞ്ഞ നിരക്കിന് തുല്യമായ തുകയ്ക്ക് സാധനങ്ങള്‍ നല്‍കാന്‍ അവസരം ലഭിക്കുന്നു.

അവര്‍ അതിന് തയ്യാറായാല്‍, മൊത്തം ഓര്‍ഡര്‍ അളവിന്റെ 25 ശതമാനം വരെ അവര്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. എന്‍ജിനീയറായ മിശ്ര, 2016 വരെ മൂന്ന് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ നാവികസേനയില്‍ സേവനമനുഷ്ഠിച്ചയാളാണ്. അതിനുശേഷം മൂന്ന് വര്‍ഷം ഇലക്ട്രോണിക്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ജനറല്‍ മാനേജരായി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് 2019-ല്‍ ബിഡിഎല്ലില്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറായി ചുമതലയേല്‍ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma