വനിതാ കോളേജില്‍ നിന്ന് ബിജെപി എംഎല്‍എയുടെ ബിരുദം, വ്യാജം? മറുപടി ഇങ്ങനെ
പട്‌ന: ബീഹാറില്‍ വീണ്ടും വ്യാജ ബിരുദ വിവാദം. ബിജെപിയുടെ എംഎല്‍എ ഹരിഭൂഷണ്‍ താക്കൂര്‍ ബച്ചോളിനെതിരെയാണ് ആരോപണം. 2020ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തിലാണ് എംഎല്‍എ കുടുങ്ങിയിരിക്കുന്നത്. ഈ സത്യവാങ്മൂലത്തില്‍ ഒരു വനിതാ കോളേജില്‍ നിന്നാണ് ഹരിഭൂഷണ്‍ താക്കൂര്‍ ബിരുദമെടുത്തതെന്നാണ് കാണിച്ചിരിക്കുന്നത്.
വനിതാ കോളേജില്‍ നിന്ന് പുരുഷ എംഎല്‍എ എങ്ങനെ ബിരുദമെടുക്കും എന്നാണ് ചോദ്യം. എന്നാല്‍ ഇത് വെറും അക്ഷര പിശകാണെന്ന് എംഎല്‍എ വിശദീകരിച്ചിരിക്കുകയാണ്. എഴുതിയതില്‍ വന്ന പിശക് മാത്രമാണെന്നും, ബിരുദം ശരിക്കുമുള്ളതാണെന്നും എംഎല്‍എ പറഞ്ഞു.

സീതാമാര്‍ഗി ജില്ലയിലെ രാം സേവക് കോളേജില്‍ നിന്ന് 1993ലാണ് ബിരുദമെടുത്തതെന്നാണ് ഹരിഭൂഷണ്‍ സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നതെന്ന് ജെഡിയു വക്താവ് നീരജ് കുമാര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനം വിളിച്ചായിരുന്നു ജെഡിയു ഇക്കാര്യം തുരന്ന് കാണിച്ചത്. ഹരിഭൂഷണ്‍ പറയുന്ന കോളേജ് യഥാര്‍ത്ഥത്തില്‍ ഒരു വനിതാ കോളേജാണ്.
അങ്ങനെ നോക്കുമ്പോള്‍ എംഎല്‍എ എങ്ങനെയാണ് ആ കോളേജില്‍ നിന്ന് പാസായിട്ടുണ്ടാവുകയെന്ന് നീരജ് കുമാര്‍ ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും നീരജ് കുമാര്‍ ആവശ്യപ്പെട്ടു. ഇതോടെ എംഎല്‍എ ശരിക്കും വിവാദത്തിലായിരിക്കുകയാണ്.ഇത്തരം കാര്യങ്ങള്‍ ബിജെപിയില്‍ മാത്രമേ നടക്കൂ. അവിടെ പ്രധാനമന്ത്രിയുടെ ബിരുദം പോലും ചോദ്യം ചെയ്യപ്പെടുകയാണെന്നും നീരജ് കുമാര്‍ പറഞ്ഞു.
അതേസമയം ഹരിഭൂഷണ്‍ ബച്ചോള്‍ ആരോപണങ്ങളെ തള്ളിയിരിക്കുകയാണ്. ഇത് ടൈപ്പിംഗില്‍ സംഭവിച്ച പിശകാണ്. സീതാമാര്‍ഗിയില്‍ രണ്ട് കോളേജുകളുണ്ട്. ഒന്ന് രാം സകല്‍ സിംഗ് കോളേജാണ്, ഇത് ആണ്‍കുട്ടികള്‍ക്കായുള്ള കോളേജാണ്. രണ്ടാമത്തേത് രാംസേവക് കോളേജാണ്. ഇത് വനിതാ കോളേജാണ്. രാം സകല്‍ കോളേജില്‍ നിന്നാണ് ഞാന്‍ ബിരുദമെടുത്തത്. ഇതൊരു ടൈപ്പിംഗ് പിഴവാണെന്നും ഹരിഭൂഷണ്‍ പറഞ്ഞു. ഏത് അന്വേഷണത്തിനും താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ജെഡിയു എന്നെ ഇപ്പോള്‍ ടാര്‍ഗറ്റ് ചെയ്തിരിക്കുകയാണ്. ഞാന്‍ നിതീഷ് കുമാറിന്റെ വിമര്‍ശകനാണ്. ബിജെപിയുമായി സഖ്യത്തിലായിരുന്നപ്പോള്‍ പോലും നിതീഷിനെ താന്‍ വിമര്‍ശിച്ചിരുന്നുവെന്നും ഹരിഭൂഷണ്‍ പറഞ്ഞു. അതേസമയം ബീഹാറിലെ വിദ്യാഭ്യാസ മേഖല തകര്‍ന്ന് കൊണ്ടിരിക്കുകയാണെന്ന് മുന്‍ പട്‌ന യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ എന്‍കെ ചൗധരി പറഞ്ഞു.
ഒരുപാട് വ്യാജ ഡിഗ്രിക്കാര്‍ ബീഹാറിലുണ്ട്. അതില്‍ നിന്നെല്ലാം കാര്യങ്ങള്‍ വ്യക്തമാണെന്നും ചൗധരി വ്യക്തമാക്കി. മോശം റെക്കോര്‍ഡുള്ളവര്‍ക്കാണ് യൂണിവേഴ്‌സിറ്റികളുടെ ചുമതല നല്‍കുന്നത്. അതുകൊണ്ടാണ് ധാരാളം കേസുകള്‍ വരുന്നത്. 2007ല്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ എന്നെ സസ്‌പെന്‍ഡ് ചെയ്തതാണെന്നും ചൗധരി പറഞ്ഞു.












Click it and Unblock the Notifications