തലസ്ഥാനത്ത് വായുമലിനീകരണ തോത് വീണ്ടും കൂടുന്നു, നഗരത്തിൽ നിയന്ത്രണങ്ങളേർപ്പെടുത്തി സർക്കാർ
ന്യൂ ഡൽഹി : തലസ്ഥാന നഗരിയിൽ വായുമലിനീകരണ തോത് വീണ്ടും ഉയരുന്നതായി റിപ്പോർട്ടുകൾ. നിലവിൽ, ഇന്ന് രാവിലത്തെ പരിശോധനയിൽ ഡൽഹിയിൽ കണ്ടെത്തിയ വായുമലിനീകരണ സൂചിക 303 ആണ്. വായു മലിനീകരണ തോത് ഉയർന്നതിനെ തുടർന്ന് സർക്കാർ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് 2 നടപ്പാക്കി തുടങ്ങി.
നഗരത്തിൽ കഴിവതും ചെറു വാഹനങ്ങൾ ഒഴിവാക്കി പൊതുഗതാഗതത്തെ ആശ്രയിക്കണമെന്ന് സർക്കാർ ജനങ്ങളോട് നിർദേശിച്ചു. ഇതിന്റെ ഭാഗമായി മെട്രോ ട്രെയിനുകളുടെ സമയ വ്യത്യാസം കുറച്ചും ജനങ്ങൾക്ക് പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ശ്രമിക്കുന്നുണ്ട്.

അയൽ സംസ്ഥാനങ്ങളിൽ കാർഷികാവശിഷ്ടങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതാണ് ഡൽഹിയിലെ ഇടയ്ക്കിടെയുള്ള ഈ വായു മലിനീകരണത്തിന് കാരണം. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഇത് കുറഞ്ഞെന്നാണ് കണക്കുകൾ പുറത്തു വരുന്നത്.
ഇനിയും വായുമലിനീകരണ തോത് കൂടുമെന്ന മുന്നറിയിപ്പാണ് വിദഗ്ദരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. ശ്വസന, ഹൃദയ സംബന്ധമായ അസുഖമുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വിദഗ്ദർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ സർക്കാർ ഇടപെടൽ ശക്തിപ്പെടുത്താനും വിദഗ്ദർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇനി വരുന്ന ദിവസങ്ങളിൽ ഡെൽഹിയിലെ മലിനീകരണത്തിന്റെ തോത് ഇതിലും മോശം അവസ്ഥയിൽ എത്തുമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേ സമയം സർക്കാരും വിഷയം സംബന്ധിച്ച് നടപടികൾ കൂടുതൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കെട്ടിട നിർമാണങ്ങൾ നടക്കുന്ന പ്രദേശങ്ങളിൽ എഞ്ചിനീയർമാർ നിരന്തരം പരിശോധന നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മലിനീകരണം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സർക്കാർ നിർദേശിച്ചു.
ഇത് കൂടാതെ നഗരത്തിലെ ചെറു വാഹനങ്ങൾ പരമാവധി കുറച്ച് പൊതു സംവിധാനങ്ങളിൽ യാത്ര ചെയ്യണമെന്നും ജനങ്ങളോട് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നഗരത്തിൽ സ്വകാര്യ- ചെറു വാഹനങ്ങൾക്ക് പാർക്കിങ് ഫീസ് വർധിപ്പിച്ചിട്ടുണ്ട്.
ഇലക്ട്രിക് - സി എൻ ജി വാഹനങ്ങൾ നഗരത്തിൽ കൂടുതലായി ഉപയോഗിക്കാനും പെട്രോൾ- ഡീസൽ വാഹനങ്ങൾ ഒരു പരിധി വരെ ഉപയോഗിക്കരുതെന്നും സർക്കാർ അറിയിച്ചു. മെട്രോ സർവ്വീസ് കൂടുതലായി ആശ്രയിക്കാനാണ് പ്രധാന നിർദേശം. ഇത് കൂടാതെ നഗരത്തിലെ ഹോട്ടലുകളിൽ വിറകും കൽക്കരിയും ഉപയോഗിച്ചുള്ള അടുപ്പുകൾ ഉപയോഗിക്കുന്നത് നിരോധിക്കുകയും ചെയ്തു.












Click it and Unblock the Notifications