' മൻ കീ ബാത്ത് അല്ല, ജനങ്ങൾ കേട്ടത് ജൻ കീ ബാത്ത്'... ബിജെപിയെ പരിഹസിച്ച് ഉദ്ധവ് താക്കറെ
മുംബൈ: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബിജെപിയെ പരിഹസിച്ച് മുൻ സഖ്യകക്ഷിയായ ശിവസേന. ' മൻ കി ബാത്ത്' അല്ല രാജ്യത്തെ ജനങ്ങൾ കേൾക്കുന്നതെന്നും ആം ആദ്മി പാർട്ടിയുടെ ' ജൻ കീ ബാത്താണ്' ജനങ്ങൾ കേട്ടതെന്നും ശിവസേനാ തലവനും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ പ്രതികരിച്ചു. തങ്ങൾക്കൊപ്പം നിൽക്കുന്നവരെല്ലാം രാജ്യസ്നേഹികളും എതിർക്കുന്നവർ രാജ്യദ്രോഹികളുമാണെന്ന പ്രചാരണം തിരഞ്ഞെടുപ്പ് ഫലം വന്നതോടെ തകിടം മറിഞ്ഞെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
ബിജെപി കെജ്രിവാളിനെ തീവ്രവാദിയെന്ന് വിളിച്ചു, പക്ഷെ അദ്ദേഹത്തെ പരാജയപ്പെടുത്താൻ സാധിച്ചില്ലെന്നും ഉദ്ധവ് താക്കറെ പ്രതികരിച്ചു. കേന്ദ്രം ഭരിക്കുന്നവർ മുഴുവൻ ശക്തിയും പ്രയോഗിച്ചെങ്കിലും ആം ആദ്മി പാർട്ടിയുടെ ചൂലിന്റെ ശക്തിക്ക് മുമ്പിൽ അവർക്ക് പിടിച്ചു നിൽക്കാനായില്ല. മഹാരാഷ്ട്രയിലെ ജനങ്ങളുടെയും ശിവസേനയുടെയും പേരിൽ ദില്ലിയിലെ വോട്ടർമാരെയും കെജ്രിവാളിനേയും അഭിനന്ദിക്കുന്നതായി ഉദ്ധവ് താക്കറെ പറഞ്ഞു.

വോട്ടർമാരാണ് യഥാർത്ഥ രാജാക്കന്മാർ എന്നായിരുന്നു ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രതികരണം. 70 അംഗ നിയമസഭാ തിരഞ്ഞെടുപ്പിൽ 63 സീറ്റുകളാണ് ആം ആദ്മിക്ക് ലഭിച്ചത്. ബിജെപിക്ക് 7 സീറ്റുകൾ ലഭിച്ചപ്പോൾ കോൺഗ്രസിന് ഒരു സീറ്റിലും വിജയിക്കാനായില്ല.












Click it and Unblock the Notifications