എക്‌സിറ്റ് പോളില്‍ വിശ്വാസമില്ല, കെജ്രിവാള്‍ തന്നെ മുഖ്യമന്ത്രിയാകും: ആം ആദ്മി
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്ന് പുറത്ത് വന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി ആം ആദ്മി പാര്‍ട്ടി. അരവിന്ദ് കെജ്രിവാള്‍ തുടര്‍ച്ചയായി നാലാം തവണയും ഡല്‍ഹി മുഖ്യമന്ത്രിയാകുമെന്നും മുന്‍കാലങ്ങളിലെ എക്‌സിറ്റ് പോളുകളും പാര്‍ട്ടിയുടെ പ്രകടനത്തെ കുറച്ചുകാണിച്ചിരുന്നു എന്നും എഎപിയുടെ ദേശീയ വക്താവ് റീന ഗുപ്ത പറഞ്ഞു.
2015 ലെയും 2020 ലെയും തിരഞ്ഞെടുപ്പുകളില്‍ ആം ആദ്മി പാര്‍ട്ടി തൂത്തുവാരി. എന്നാല്‍ അങ്ങനെയായിരുന്നില്ല അന്നത്തെ എക്‌സിറ്റ് പോളുകള്‍ പറഞ്ഞിരുന്നത് എന്ന് റീന ഗുപ്ത ചൂണ്ടിക്കാട്ടി. 2013, 2015, 2020 എന്നിങ്ങനെ ഏത് എക്സിറ്റ് പോള്‍ പരിശോധിച്ചാലും ആം ആദ്മി പാര്‍ട്ടിക്ക് സീറ്റുകള്‍ കുറവാണെന്നാണ് കാണിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ ഫലങ്ങളില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചു എന്നും റീന ഗുപ്ത പിടിഐയോട് പറഞ്ഞു.

എക്‌സിറ്റ് പോളുകള്‍ വിശ്വാസയോഗ്യമല്ലെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സോംനാഥ് ഭാരതിയും പറഞ്ഞു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനമല്ലെന്നാണ് എഎപി വക്താവ് പ്രിയങ്ക കക്കര്‍ പറഞ്ഞത്. ആം ആദ്മി പാര്‍ട്ടി എല്ലായ്പ്പോഴും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത് എന്നും ഇത്തവണയും അതില്‍ നിന്ന് വ്യത്യസ്തമായി ഒന്നും സംഭവിക്കില്ല എന്നും അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഇന്ന് പുറത്തുവന്ന ഭൂരിഭാഗം എക്സിറ്റ് പോളുകളും ഡല്‍ഹി തിരഞ്ഞടുപ്പില്‍ ബി ജെ പിക്ക് തകര്‍പ്പന്‍ വിജയമാണ് പ്രവചിച്ചത്. പല എക്‌സിറ്റ് പോള്‍ ഫലങ്ങളും 40 ന് മുകളില്‍ സീറ്റുകളാണ് ബി ജെ പിക്ക് പ്രവചിക്കുന്നത്. മാട്രിസ്-എ ബി പി സര്‍വ്വെ 35-40 സീറ്റുകള്‍ വരെ ബിജെപിക്ക് ലഭിക്കുമെന്ന് പ്രവചിച്ചപ്പോള്‍ ആം ആദ്മിക്ക് 32 മുതല്‍ 37 വരെ സീറ്റുകള്‍ വരെ ലഭിച്ചേക്കും എന്നും പ്രവചിച്ചു.
ഈ ഒരു സര്‍വേയില്‍ മാത്രമാണ് ഇഞ്ചോടിഞ്ച് പോരാട്ടം എന്ന പ്രതീതി സൃഷ്ടിക്കുന്നത്. രണ്ട് സര്‍വേകള്‍ ആം ആദ്മി പാര്‍ട്ടിക്കും മുന്‍തൂക്കം പ്രവചിച്ചു. മൈന്‍ഡ് ബ്ലിങ്ക് എക്സിറ്റ് പോള്‍ എഎപി 44 മുതല്‍ 49 വരെ സീറ്റുകള്‍ നേടുമെന്ന് പ്രവചിച്ചു. ബിജെപി 21 -25, കോണ്‍ഗ്രസ് 0-1 എന്നിങ്ങനെയാണ് മൈന്‍ഡ് ബ്ലിങ്ക് എക്സിറ്റ് പോളിന്റെ പ്രവചനം. വീപ് റിസൈഡ് എക്‌സിറ്റ് പോളും ആം ആദ്മിക്കാണ് മുന്‍തൂക്കം പ്രവചിക്കുന്നത്.
46 മുതല്‍ 52 സീറ്റുകള്‍ വരെയാണ് ഈ എക്‌സിറ്റ് പോളിന്റെ പ്രവചനം. ബി ജെ പി ഇത്തവണ 18 മുതല്‍ 23 സീറ്റുകള്‍ വരെ നേടും എന്നാണ് പ്രവചനം. ബാക്കിയുള്ള എല്ലാ സര്‍വേകളിലും ബി ജെ പി അധികാരകത്തില്‍ എത്തും എന്നാണ് പ്രവചനം.












Click it and Unblock the Notifications