നിങ്ങള്‍ക്ക് അധികാരമുള്ള സംസ്ഥാനങ്ങളില്‍ ഇങ്ങനെ ചെയ്ത് കാണിക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍
ന്യൂഡല്‍ഹി: പൂജാരി ഗ്രന്ഥി സമ്മാന്‍ യോജനയുടെ പ്രഖ്യാപനത്തെക്കുറിച്ചുള്ള ബിജെപിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. പൂജാരി ഗ്രന്ഥി സമ്മാന്‍ യോജന പദ്ധതിയുടെ പ്രഖ്യാപനം മുതല്‍ ബിജെപി അംഗങ്ങള്‍ തന്നെ വിമര്‍ശിക്കുന്നുണ്ടെന്നും അത്തരം വിമര്‍ശനങ്ങളില്‍ നിന്ന് രാജ്യത്തിന് നേട്ടമുണ്ടാകുമോയെന്നും കെജ്രിവാള്‍ ചോദിച്ചു.
20 സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തിലുണ്ട്. 30 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്നത് ബിജെപിയാണ്. എന്നിട്ടും എന്തുകൊണ്ടാണ് ആ സംസ്ഥാനങ്ങളില്‍ പുരോഹിതന്മാരോടും ഗ്രാന്റികളോടും ആദരവ് കാണിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു. ഡല്‍ഹിയില്‍ പദ്ധതി നടപ്പാക്കി തന്റെ സര്‍ക്കാര്‍ മാതൃക കാട്ടിയെന്നും തന്നെ വിമര്‍ശിക്കുന്നതിന് പകരം ബിജെപി അവര്‍ക്ക് ഭരണമുള്ള സംസ്ഥാനങ്ങളിലും ഈ പദ്ധതി നടപ്പിലാക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

'പൂജാരി ഗ്രന്ഥി സമ്മാന്‍ യോജന പ്രഖ്യാപിച്ചത് മുതല്‍ ബിജെപിക്കാര്‍ എന്നെ അധിക്ഷേപിക്കുകയായിരുന്നു. അവരോട് എന്റെ ചോദ്യം, എന്നെ അധിക്ഷേപിക്കുന്നത് കൊണ്ട് രാജ്യത്തിന് നേട്ടമുണ്ടാകുമോ? നിങ്ങള്‍ക്ക് 20 സംസ്ഥാനങ്ങളില്‍ സര്‍ക്കാരുണ്ട്, ഗുജറാത്തില്‍ 30 വര്‍ഷമായി നിങ്ങള്‍ അധികാരത്തിലാണ്. വര്‍ഷങ്ങളായി നിങ്ങള്‍ അവിടെയുള്ള പുരോഹിതന്മാരെ ബഹുമാനിക്കാത്തത് എന്തുകൊണ്ടാണ്,' കെജ്രിവാള്‍ ആരാഞ്ഞു.
അതേസമയം, കെജ്രിവാളും ഭാര്യ സുനിത കെജ്രിവാളും കൊണാട്ട് പ്ലേസിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ നിന്ന് പൂജാരി ഗ്രന്ഥി സമ്മാന്‍ യോജന ആരംഭിക്കും. ഡല്‍ഹി മുഖ്യമന്ത്രി അതിഷി കരോള്‍ ബാഗിലെ ഗുരുദ്വാരയില്‍ നിന്ന് പദ്ധതി ആരംഭിക്കും. 2025 ലെ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ആം ആദ്മി പാര്‍ട്ടി പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് നിരവധി ക്ഷേമ പദ്ധതികള്‍ പാര്‍ട്ടി ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.
പൂജാരി ഗ്രന്ഥി സമ്മാന്‍ യോജന പദ്ധതി പ്രകാരം ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്കും ഡല്‍ഹിയിലെ ഗുരുദ്വാരയിലെ ഗ്രാന്റികള്‍ക്കും പ്രതിമാസം 18000 രൂപ ഓണറേറിയം ലഭിക്കും. അതേസമയം പദ്ധതി പ്രഖ്യാപനത്തിന് പിന്നാലെ ഡല്‍ഹി ബിജെപി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്ദേവ ആപ്പിനേയും കെജ്രിവാളിനേയും കടന്നാക്രമിച്ചിരുന്നു. കെജ്രിവാള്‍ അധികാരത്തില്‍ തുടരാന്‍ ജനകീയ പ്രഖ്യാപനങ്ങള്‍ നടത്തുന്ന നിരാശനായ നേതാവാണെന്നായിരുന്നു സച്ച്‌ദേവ പറഞ്ഞത്.
ഡല്‍ഹി തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് എഎപിക്ക് അറിയാമെന്ന് ബിജെപി അധ്യക്ഷന്‍ പറഞ്ഞു. അതുകൊണ്ടാണ് അവര്‍ ശ്രീരാമനെ സ്മരിക്കുന്നതെന്നും ദിനംപ്രതി ജനകീയ പ്രഖ്യാപനങ്ങള്‍ നടത്തുന്നത് എന്നും അദ്ദേഹം പരിഹസിച്ചു. രണ്ട് വര്‍ഷത്തിലേറെയായി ഡല്‍ഹി ബിജെപിയുടെയും പൂജാരി പ്രകോഷിന്റെയും നിരന്തരമായ സമ്മര്‍ദം കാരണമാണ് പൂജാരി ഗ്രന്ഥി സമ്മാന്‍ യോജന പ്രഖ്യാപിക്കാന്‍ അരവിന്ദ് കെജ്രിവാള്‍ നിര്‍ബന്ധിതനായത് എന്നും അദ്ദേഹം അവകാശപ്പെട്ടു.












Click it and Unblock the Notifications