'അരവിന്ദ് കെജ്രിവാളിന് കെട്ടിവെച്ച കാശ് നഷ്ടപ്പെടും, ബിജെപി വലിയ വിജയം നേടും'; പർവേശ് വർമ
ഡൽഹിയിൽ ബി ജെ പി വലിയ വിജയം സ്വന്തമാക്കുമെന്ന് ബി ജെ പി നേതാവ് പർവേശ് ശർമ. ആം ആദ്മി കൺവീനർ അരവിന്ദ് കെജ്രിവാൾ കനത്ത പരാജയം രുചിക്കും. കെജ്രിവാളിന് കെട്ടിവെച്ച കാശടക്കം നഷ്ടപ്പെടുമെന്നും പർവേശ് ശർമ പറഞ്ഞു.
'20,000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ന്യൂഡൽഹി മണ്ഡലത്തിൽ ബി ജെ പി വിജയിക്കും. അരവിന്ദ് കെജ്രിവാളിന് കെട്ടിവെച്ച കാശ് അടക്കം നഷ്ടപ്പെടും. അദ്ദേഹം മൂന്നാം സ്ഥാനത്ത് എത്തും', പർവേശ് ശർമ പറഞ്ഞു. അതേസമയം ന്യൂഡൽഹിയിൽ കെജ്രിവാൾ പരാജയപ്പെടുമെന്ന് ഇന്ന് ബി ജെ പി എംപി നിഷികാന്ത് ഡുബെയും അവകാശപ്പെട്ടിരുന്നു.

'ഡൽഹി പോലീസ് കെജ്രിവാളിന്റെ എല്ലാ ഗുണ്ടകളേയും കൈകാര്യം ചെയ്തു. അദ്ദേഹം തിരഞ്ഞെടുപ്പിൽ പരാജയപ്പെടും. ബജറ്റിൽ പൂർവാഞ്ചലിക്കും ബിഹാറിനും ജാർഖണ്ഡിനും ഉത്തർപ്രദേശനും ധനമന്ത്രി നിർമല സീതാരാമൻ സഹായം പ്രഖ്യാപിച്ചു, ബി ജെ പിക്ക് കീഴിൽ തങ്ങൾ സുരക്ഷിതരാണെന്ന തോന്നൽ പൂർവാഞ്ചലുകാർക്കുണ്ട്. അതിനാലാണ് എ എ പിയിൽ നിന്ന് അവർ അകലുന്നത്. തീർച്ചയായും ന്യൂഡൽഹിയിൽ കെജ്രിവാൾ പരാജയപ്പെടും', ഡുബെ പറഞ്ഞു.
വ്യാജ വാഗ്ദാനങ്ങളിൽ നിന്ന് ഡൽഹിയിലെ ജനം സ്വതന്ത്രരാകും, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കീഴിൽ ഡൽഹിയിലെ ജനങ്ങൾക്ക് പുതിയ ഭരണം ലഭിക്കുമെന്നും കേന്ദ്രമന്ത്രി പിയൂഷ് ഖോയലും ഇന്ന് പ്രതികരിച്ചു. 'ഡബിൾ എൻജിൻ സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള കാത്തിരിപ്പിലാണ് ഡൽഹിയിലെ ജനം. ഡൽഹിയിലെ ബി ജെ പിയുടെ വിജയം ഏറെക്കുറെ ഉറപ്പിച്ച് കഴിഞ്ഞിരിക്കുന്നു. ബജറ്റിൽ ഇടത്തരക്കാർക്ക് വളരെ വലിയ സമ്മാനമാണ് പ്രധാനമന്ത്രി നൽകിയത്. ഏതാണ്ട് മധ്യവർഗത്തെ നികുതി ഭാരത്തിൽ നിന്ന് മോചിപ്പിച്ചു', ഗോയൽ പറഞ്ഞു.
അതേസമയം ഇത്തവണയും ഡൽഹിയിൽ ആം ആദ്മി അധികാരത്തിലേറുമെന്നായിരുന്നു അരവിന്ദ് കെജ്രിവാൾ പ്രതീക്ഷ പങ്കിട്ടത്. പാർട്ടി 55 സീറ്റുകൾ വരെ സ്വന്തമാക്കും. സ്ത്രീ വോട്ടർമാർ കൂടുതലായി വോട്ട് ചെയ്യാനെത്തിയാൽ 60 വരെ സീറ്റുകൾ പാർട്ടിക്ക് ലഭിക്കുമെന്നും കെജ്രിവാൾ പറഞ്ഞു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് ലഭിച്ചത് 62 സീറ്റുകളായിരുന്നു. ബി ജെ പി 8 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസിന് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല.












Click it and Unblock the Notifications