ഒരു സ്ഥാനാര്‍ത്ഥിക്ക് 15 കോടി, ബിജെപി ഏഴ് പേരെ സമീപിച്ചു; ആരോപണവുമായി ആം ആദ്മി
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പാര്‍ട്ടി നേതാക്കള്‍ക്ക് ബി ജെ പി പണം വിതരണം ചെയ്യുന്നു എന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എം പിയുമായ സഞ്ജയ് സിംഗ് ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഏഴ് എ എ പി സ്ഥാനാര്‍ത്ഥികളെ വിളിച്ച് ബി ജെ പിയില്‍ ചേരാന്‍ 15 കോടി രൂപ വാഗ്ദാനം ചെയ്തു എന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
''ഫലത്തിന് മുമ്പ് ബി ജെ പി പരാജയം സമ്മതിച്ചുവെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്, അതിനാലാണ് ഇത്തരം പ്രവൃത്തികള്‍ക്ക് ശ്രമിക്കുന്നത്,'' അദ്ദേഹം പറഞ്ഞു. ഇത്തരം വാഗ്ദാനങ്ങളുമായി വരുന്ന ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യാനും ഓഫറുകള്‍ നല്‍കാനായി നേരിട്ടെത്തിയാല്‍ ഒളിക്യാമറകള്‍ ഉപയോഗിക്കാനും എ എ പി തങ്ങളുടെ സ്ഥാനാര്‍ത്ഥികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ ചവിട്ടിമെതിക്കുന്നതിലും നിയമസഭാംഗങ്ങളെ വിലയ്ക്ക് വാങ്ങുന്നതിലും സര്‍ക്കാരുകളെ തകര്‍ക്കുന്നതിലും വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ബി ജെ പി എന്നും അദ്ദേഹം ആരോപിച്ചു. ബി ജെ പിയുമായി ബന്ധപ്പെട്ടതായി ആരോപിക്കപ്പെടുന്നവരില്‍ ചിലര്‍ സിറ്റിംഗ് നിയമസഭാംഗങ്ങളാണ് എന്നും ബാക്കിയുള്ളവര്‍ എ എ പി സ്ഥാനാര്‍ത്ഥികളാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം ആരോപണങ്ങളോട് ബി ജെ പി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്നലെയായിരുന്നു ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടന്നത്. 70 അംഗ നിയമസഭയില്‍ 60.42 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 699 സ്ഥാനാര്‍ത്ഥികളാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഫെബ്രുവരി എട്ടിനാണ് ഫലം പ്രഖ്യാപിക്കുന്നത്. എ എ പിക്ക് തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ വരാന്‍ കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
എന്നാല്‍ 27 വര്‍ഷത്തിന് ശേഷം ബി ജെ പി ഡല്‍ഹിയില്‍ ഭരണം പിടിക്കും എന്നാണ് മിക്ക എക്‌സിറ്റ് പോളുകളുടേയും പ്രവചനം. 50 ലേറെ സീറ്റുകളാണ് ബി ജെ പിക്ക് ഭൂരിഭാഗം സര്‍വേകളും പ്രവചിക്കുന്നത്. അതേസമയം കോണ്‍ഗ്രസ് മൂന്നാം തവണയും അടിപതറും എന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. ഇന്നലെ പുറത്തുവന്ന എക്സിറ്റ് പോളുകളില്‍ വീപ്രെസൈഡ്, മൈന്‍ഡ് ബ്രിങ്ക് എന്നീ രണ്ട് സര്‍വേകള്‍ മാത്രമാണ് എഎപിക്ക് വിജയം പ്രവചിച്ചത്.












Click it and Unblock the Notifications