കെജ്രിവാളിനെ 'തൂത്തെറിഞ്ഞ്' ബിജെപി; ന്യൂ ഡൽഹിയിൽ കനത്ത തോൽവി, മണ്ഡലം പിടിച്ച് പർവേശ് വെർമ
ന്യൂഡൽഹി മണ്ഡലത്തിൽ ആം ആദ്മി കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന് കനത്ത പരാജയം. മൂവായിരത്തോളം വോട്ടിനാണ് തോൽവി. 25,057 വോട്ടുകൾ നേടി ബി ജെ പിയുടെ പർവേശ് വെർമ മണ്ഡലം പിടിച്ചു. കോൺഗ്രസിന്റെ സന്ദീപ് ദീക്ഷിതിന് 3873 വോട്ടുകളാണ് നേടാനായത്.
1998 മുതൽ 2008 വരെ കോൺഗ്രസിന്റെ ഷീല ദീക്ഷിത് വിജയിച്ച മണ്ഡലമാണ് ന്യൂഡൽഹി. 2013 മുതലാണ് ഇവിടെ നിന്നും കെജ്രിവാൾ മത്സരിക്കുന്നത്. തുടർന്ന് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും കൂറ്റൻ വിജയമാണ് കെജ്രിവാൾ സ്വന്തമാക്കിയത്. 2015 ൽ 57213 വോട്ടുകളും 2020 ൽ 46758 വോട്ടുകളുമാണ് കെജ്രിവാൾ മണ്ഡലത്തിൽ നേടിയത്.

ഇക്കുറിയും മണ്ഡലത്തിൽ വലിയ വിജയം നേടുമെന്നായിരുന്നു കെജ്രിവാളിന്റെ അവകാശവാദം. എന്നാൽ വോട്ടെണ്ണലിന്റെ തുടക്കം മുതൽ ഏറെ പിന്നിലായിരുന്നു കെജ്രിവാൾ. അതേസമയം കനത്ത പരാജയത്തിൽ കെജ്രിവാളിനെ പരിഹസിച്ച് അണ്ണ ഹസാരെ രംഗത്തെത്തി. തന്റെ ഉപദേശം നിരസിച്ച് പണത്തിനും പദവിക്കും പിന്നാലെ പോയ വ്യക്തിയാണ് കെജ്രിവാളഅ എന്ന് അന്നാ ഹസാരെ കുറ്റപ്പെടുത്തി.
'ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്, സ്ഥാനാർത്ഥിയുടെ പെരുമാറ്റവും ചിന്തകളും എപ്പോഴും ശുദ്ധമായിരിക്കണം, ജീവിതവും കുറ്റമറ്റമായിരിക്കണം എന്നും ഞാൻ എപ്പോഴും പറയാറുണ്ട്. മാത്രമല്ല ത്യാഗം ചെയ്യാനുള്ള മനസും ഉണ്ടാകണം. ഇത്തരം ഗുണങ്ങളാണ് വോട്ടർമാർക്കിടയിൽ സ്ഥാനാർത്ഥിയോടുള്ള വിശ്വാസ്യത വർധിപ്പിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം ഞാൻ കെജ്രിവാളിനോട് പറഞ്ഞിരുന്നെങ്കിലും അദ്ദേഹം ഒരിക്കൽ പോലും ഇതൊന്നും ചെവിക്കൊണ്ടിരുന്നില്ല. അവസാനം അദ്ദേഹം മദ്യത്തിലാണ് ശ്രദ്ധ കേദ്രീകരിച്ചത്. എങ്ങനെയാണ് ഈ വിഷയം വന്നത്. പണത്തിലും അധികാരത്തിലും കെജ്രിവാൾ മയങ്ങിപ്പോയി', അണ്ണാ ഹസാരെ പറഞ്ഞു.
അതേസമയം ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ കനത്ത പരാജയമാണ് ആം ആദ്മി നേരിട്ടിരിക്കുന്നത്. വെറും 26 ഓളം സീറ്റുകളിൽ മാത്രമാണ് പാർട്ടിക്ക് മുന്നേറാൻ കഴിഞ്ഞത്. ആം ആദ്മിയുടെ വൻമരങ്ങളെല്ലാം തിരഞ്ഞെടുപ്പിൽ കനത്ത തോൽവി രുചിച്ചി. മനീഷ് സിസോദിയ അടക്കമുള്ളവരാണ് പരാജയപ്പെട്ടത്. 27 വർഷത്തിന് ശേഷമാണ് ഡൽഹിയൽ ബി ജെ പി വിജയിക്കുന്നത്. നിലവിൽ 44 ഓളം സീറ്റുകളിലാണ് പാർട്ടിക്ക് ലീഡുള്ളത്. 70 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 35 സീറ്റുകളാണ് ആവശ്യം.












Click it and Unblock the Notifications