ഡല്‍ഹിയില്‍ ആംആദ്മിയെ ബിജെപി വീഴ്ത്തും?; ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് എക്സിറ്റ് പോൾ
ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയും ആം ആദ്മിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് മാട്രിസ്-എ ബി പി സർവ്വെ. 70 അംഗ നിയമസഭയിൽ ബി ജെ പിക്ക് 35-40 സീറ്റുകൾ വരെ ലഭിച്ചേക്കുമെന്നാണ് സർവ്വെ പ്രവചനം. ആം ആദ്മിക്ക് 32 മുതൽ 37 വരെ സീറ്റുകൾ ലഭിച്ചേക്കും. കോൺഗ്രസ് ഇത്തവണയും കനത്ത തിരിച്ചടിയായിരിക്കും രാജ്യതലസ്ഥാനത്ത് നേടുകയെന്നും സർവ്വെ പറയുന്നു. 0-1 സീറ്റ് വരെയാണ് കോൺഗ്രസിന് സാധ്യത കൽപ്പിക്കുന്നത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 62 സീറ്റുകൾ നേടിയായിരുന്നു ആം ആദ്മി അധികാരത്തുടർച്ച നേടിയത്. അന്ന് വെറും 8 സീറ്റുകൾ മാത്രമായിരുന്നു ബി ജെ പിക്ക് ലഭിച്ചത്. കോൺഗ്രസ് അക്കുറിയും സംപൂജ്യരായി. ഇത്തവണ അതിശക്തമായ ത്രികോണ പോരാട്ടത്തിനാണ് രാജ്യതലസ്ഥാനം വേദിയായത്. ആം ആദ്മി കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരായ അഴിമതിക്കേസും അറസ്റ്റുമെല്ലാം ആവർത്തിച്ച് പറഞ്ഞായിരുന്നു ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചരണം. മോദിയടക്കമുള്ള ബി ജെ പി നേതാക്കൾ പാർട്ടിക്ക് വേണ്ടി ശക്തമായ തിരഞ്ഞെടുപ്പ് പ്രചരണമായിരുന്നു കാഴ്ചവെച്ചത്.

സ്ത്രീവോട്ടർമാരെ ലക്ഷ്യം വെച്ചായിരുന്നു ബി ജെ പിയുടെ പ്രചരണങ്ങൾ. മഹാരാഷ്ട്രയിൽ ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിയെ സംബന്ധിച്ച് ഗെയിം ചെയ്ഞ്ചറായത് സ്ത്രീകൾക്ക് മാസം തോറും ധനസഹായം പ്രഖ്യാപിച്ചതായിരുന്നു. അതേ മാതൃകയാണ് ബി ജെ പി ഡൽഹിയിലും പയറ്റിയത്. തിരഞ്ഞെടുക്കപ്പെട്ടാൽ സ്ത്രീകൾക്ക് മാസം 2500 രൂപ വരെ ധനസഹായം നൽകുമെന്നായിരുന്നു ബി ജെ പിയുടെ വാഗ്ദാനങ്ങളിലൊന്ന്. മാത്രമല്ല സൗജന്യ ചികിത്സ, വിദ്യാഭ്യാസം ഇവയെല്ലാം ബി ജെ പി പ്രഖ്യാപിച്ചിരുന്നു.
വാഗ്ദാനങ്ങളുടെ കാര്യത്തിൽ ആം ആദ്മിയും ഒട്ടും പിന്നിലായിരുന്നില്ല. കൂടുതൽ തൊഴിലവസരങ്ങൾ, മുതിർന്ന പൗരൻമാർക്ക് സൗജന്യ ചികിത്സ, മുടക്കമില്ലാത്ത ശുദ്ധജലവിതരണം, യമുനാ നദി ശുചീകരണം, റോഡുകളുടെ വികസനം , ഓട്ടോ-ടാക്സി ഡ്രൈവർമാർക്ക് ക്ഷേമനിധി എന്നിങ്ങനെയായിരുന്നു ആം ആദ്മിയുടെ വാഗ്ദാനങ്ങൾ. ബി ജെ പി അധികാരത്തിലേറിയാൽ തങ്ങൾ നൽകിവരുന്ന സൗജന്യ പദ്ധതികളെല്ലാം അവർ ഇല്ലാതാക്കുമെന്നായിരുന്നു ആം ആദ്മിയുടെ പ്രധാന പ്രചാരണം. അതേസമയം 219 വാഗ്ദാനങ്ങളാണ് കോൺഗ്രസ് പ്രകടന പത്രികയൽ പറയുന്നത്. ആരുടെ വാഗ്ദാനങ്ങളാണ് ജനം വിശ്വസിച്ചതെന്ന് അറിയാൻ ഫെബ്രുവരി 8 വരെ കാത്തിരിക്കേണ്ടി വരും.












Click it and Unblock the Notifications