ആം ആദ്മിയെ ചുരുട്ടിക്കൂട്ടി പൂർവാഞ്ചലിക്കാർ; പണി കൊടുത്ത് മധ്യവർഗവും,ബിജെപിയുടെ വിജയത്തിന് പിന്നിൽ
ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ കൂറ്റൻ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ബി ജെ പി. നിലവിൽ 42 ഓളം സീറ്റുകളിലാണ് പാർട്ടി ലീഡ് ചെയ്യുന്നത്. ഡൽഹിയിലെ എല്ലാ മേഖലകളിലും മുന്നേറാൻ പാർട്ടിക്ക് സാധിച്ചുവെന്നതാണ് ബി ജെ പിയുടെ മുന്നേറ്റം എളുപ്പമാക്കിയത്. മുൻ തിരഞ്ഞെടുപ്പുകളിൽ ആം ആദ്മിയെ പിന്തുണച്ചിരുന്ന 'പൂർവാഞ്ചലി'ക്കാരും ഇക്കുറി ബി ജെ പിക്കൊപ്പം നിന്നത് പാർട്ടിയുടെ വിജയത്തിന് ആക്കം കൂട്ടി.
മധ്യവർഗത്തിന് വലിയ സ്വാധീനമുള്ള വെസ്റ്റ് ഡൽഹി, ഈസ്റ്റ് ഡൽഹി, സൗത്ത് ഡൽഹി, സെൻട്രൽ ഡൽഹി കൂടാതെ ന്യൂഡൽഹി എന്നിവിടങ്ങളിലെല്ലാം ബി ജെ പിയാണ് ലീഡ് ചെയ്യുന്നത്. മാത്രമല്ല കിഴക്കൻ ഉത്തർപ്രദേശിൽ നിന്നും ബിഹാറിൽ നിന്നു മെത്തി സ്ഥിരതാമസമാക്കിയ ഡൽഹിയിലെ പൂർവാഞ്ചലി വോട്ടർമാരും ഇക്കുറി ആം ആദ്മിയെ തഴഞ്ഞ് ബി ജെ പിക്കൊപ്പം ചേർന്നു. അനധികൃത കോളനികൾ നിറഞ്ഞ ട്രാൻസ് യമുന മേഖലയിലെ 20 സീറ്റുകളിൽ 10 സീറ്റുകളിൽ ബി ജെ പക്ക് ലീഡ് ചെയ്യാനായി. 9 ഇടത്ത് ആം ആദ്മിയാണ് മുന്നിൽ. വോട്ടെണ്ണലിന്റെ അവസാനം വരേയും ബി ജെ പിക്ക് ലീഡ് നിലനിർത്താനായാൽ പാർട്ടിയുടെ വോട്ട് വിഹിതത്തിൽ വലിയ വർധനവായിരിക്കും രേഖപ്പെടുത്തുക.

മധ്യവർഗം കൈവിട്ടു
കനത്ത പരാജയത്തിലേക്കാണ് ആം ആദ്മി പാർട്ടി നീങ്ങുന്നത് . ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാൾ അടക്കം കനത്ത തിരിച്ചടിയാണ് നേരിട്ടത്. മൂന്ന് തവണ കെജ്രിവാൾ വിജയിച്ച മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർത്ഥിയായ പർവേശ് ശർമ്മയാണ് ഇപ്പോൾ മുന്നേറുന്നത്. 40 ശതമാനത്തോളം വരുന്ന മധ്യവർഗ വോട്ടുകൾ ആം ആദ്മിയെ കൈവിട്ടെന്നതിന്റെ വ്യക്തമായ സൂചനയായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.
ആദായ നികുതിയിൽ ഇളവ് അനുവദിച്ചുള്ള കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ മധ്യവർഗത്തിന്റെ പിന്തുണ നേടാൻ ബി ജെ പിയെ സഹായിച്ചെന്നാണ് വിലയിരുത്തുന്നത്. ഡൽഹി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള എട്ടാം ശമ്പള കമ്മീഷൻ പ്രഖ്യാപനവും ബി ജെ പിക്ക് അനുകൂലമായി. മാത്രമല്ല ഡൽഹിയിലെ വായുമലിനീകരണം, ജല മലിനീകരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കെജ്രിവാൾ സർക്കാരിനെതിരായ അമർഷവും തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പുകളിൽ മധ്യവർഗങ്ങൾക്കും താഴെ തട്ടിലുള്ളവർക്ക് ആം ആദ്മി നല്‍കിയ വാഗ്ദാനങ്ങളാണ് തിരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയത്തിലേക്ക് നയിച്ചത്. ഇത് വ്യക്തമായി അറിയുന്ന ബി ജെ പി ഇക്കുറി വാഗ്ദാനങ്ങളുടെ ഒരു നീണ്ട നിര തന്നെയായിരുന്നു പ്രഖ്യാപിച്ചത്. സ്ത്രീ വോട്ടർമാർക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങളും തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഇടംപിടിച്ചിരുന്നു. ഇതും ബി ജെ പിയെ സഹായിച്ചു.
പൂർവാഞ്ചലിക്കാരും ബി ജെ പിയെ തുണച്ചു
തിരഞ്ഞെടുപ്പിൽ ഏറെ നിർണായകമായ വിഭാഗമാണ് പൂർവാഞ്ചലികൾ. ഇവിടുത്തെ 30 ശതമാനത്തോളം വരുന്ന ജനങ്ങളുടെ പിന്തുണയാണ് മുൻ വർഷങ്ങളിൽ എ എ പി വിജയത്തിന് സഹായിച്ചത്. ഇത്തവണ പൂർവാഞ്ചലി വോട്ടർമാരെ ആകർഷിക്കാൻ ബുരാരിയിൽ ജെ ഡി യു, ദിയോലിയിൽ എൽ ജെ പി (ആർ) തുടങ്ങിയ വിശ്വസ്ത സഖ്യകക്ഷികളെ രംഗത്തിറക്കിയ ബി ജെ പി നീക്കവും പാർട്ടിയെ തുണച്ചു.












Click it and Unblock the Notifications