ബിജെപിയുടെ രണ്ട് നീക്കം ഫലിച്ചു; 6 ശതമാനം വോട്ടര്‍മാരെ മാറ്റിയത് ആ തീരുമാനം, ഡല്‍ഹി വീണു
ന്യൂഡല്‍ഹി: ബിജെപിയുടെ പതിവ് ജാതി-മത രാഷ്ട്രീയത്തിന് ഏറെകാലം പിടികൊടുക്കാതിരുന്ന മണ്ണാണ് ഡല്‍ഹിയിലേത്. ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരം പിടിച്ചിരുന്നു എങ്കിലും പിന്നീട് കോണ്‍ഗ്രസിനെയും ശേഷം എഎപിയെയുമാണ് ഡല്‍ഹിക്കാര്‍ തിരഞ്ഞെടുത്തത്. 27 വര്‍ഷത്തിന് ശേഷം ബിജെപി വീണ്ടും അധികാരത്തിലെത്തിയത് കൃത്യമായ ഗൃഹപാഠം നടത്തിയാണ്.
വിവിധ ജാതി-മത സമൂഹങ്ങള്‍ക്ക് ഒരുപോലെ സ്വാധീനമുണ്ട് ഡല്‍ഹിയില്‍. വിഭാഗീയതയും മറ്റും വേണ്ടോളമുണ്ടെങ്കിലും മധ്യവര്‍ഗ വോട്ടര്‍മാരാണ് ഡല്‍ഹി ആര് ഭരിക്കണം എന്ന് തീരുമാനിച്ചിരുന്നത്. വികസനവും മുന്നേറ്റവും അഴിമതി വിരുദ്ധ പോരാട്ടവും പറഞ്ഞ് വന്നവര്‍ തന്നെയാണ് തലസ്ഥാനം ഭരിച്ചത് എന്നും ചരിത്രം...

ഏറ്റവും കൂടുതല്‍ കാലം ഡല്‍ഹിയില്‍ മുഖ്യമന്ത്രിയായിരുന്നത് കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് ആയിരുന്നു. ഡല്‍ഹിയെ ഇന്ന് കാണുന്ന മാറ്റങ്ങളുടെ ഭൂമിയാക്കിയത് ഷീല ദീക്ഷിത് ആണ്. ഏറ്റവും ഒടുവില്‍ അഴിമതിയുടെ കരിനിഴല്‍ വീണായിരുന്നു അവരുടെ മടക്കം. ഈ അവസരമാണ് മധ്യവര്‍ഗത്തിന്റെ പിന്തുണയുമായി എത്തിയ അരവിന്ദ് കെജ്രിവാള്‍ മുതലെടുത്തത്.
2013ല്‍ കെജ്രിവാള്‍ മുഖ്യമന്ത്രി പദത്തിലെത്തിയെങ്കിലും ലോക്പാല്‍ ബില്ലിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ 49 ദിവസത്തിന് ശേഷം രാജിവച്ചു. 2015ല്‍ വീണ്ടും തിരഞ്ഞെടുപ്പ് നേരിട്ട കെജ്രിവാള്‍ മികച്ച വിജയമാണ് നേടിയത്. കോണ്‍ഗ്രസ് പൂജ്യത്തില്‍ ഒതുങ്ങിയപ്പോള്‍ ബിജെപിക്ക് മൂന്ന് സീറ്റ് മാത്രമാണ് അന്ന് കിട്ടിയത്. 67 സീറ്റില്‍ ജയിച്ച എഎപി 2020ല്‍ 62 സീറ്റ് നേടി വീണ്ടും അധികാരത്തിലെത്തി.
2020ല്‍ എട്ട് സീറ്റിലേക്ക് ബിജെപി മുന്നേറിയപ്പോള്‍ കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാന്‍ സാധിച്ചില്ല. 2015ല്‍ നിന്ന് 2020ലെത്തിയപ്പോള്‍ മധ്യവര്‍ഗത്തിന്റെ വോട്ടുകള്‍ നേടുന്നതില്‍ എഎപിയും ബിജെപിയും തമ്മിലുള്ള അന്തരം വളറെ കുറഞ്ഞിരുന്നു. മധ്യവര്‍ഗ വോട്ടര്‍മാരെ കൂടെ നിര്‍ത്താന്‍ സാധിച്ചാല്‍ ഭരണത്തിലെത്താമെന്ന് ബിജെപി മനസിലാക്കി.
ബിജെപിക്കും എഎപിക്കും ലഭിക്കുന്ന മധ്യവര്‍ഗ വോട്ടുകളുടെ അകലം കുറഞ്ഞുവെന്ന് ലോക്‌നിധി സിഎസ്ഡിഎസ് സര്‍വ്വെയിലാണ് വ്യക്തമായത്. 2020ല്‍ ബിജെപിയും എഎപിയും തമ്മിലുള്ള മൊത്തം വോട്ട് വിഹിതത്തിലുള്ള വ്യത്യാസം 15 ശതമാനമായിരുന്നു. മധ്യവര്‍ഗത്തിന്റെ വോട്ടിലെ വ്യത്യാസം ആറ് ശതമാനവും. ഈ ആറ് ശതമാനത്തെ കൂടെ നിര്‍ത്താനുള്ള തന്ത്രമാണ് പിന്നീട് പയറ്റിയത്.
കെജ്രിവാള്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചു എന്ന പ്രതീതിയുണ്ടാക്കുകയാണ് ബിജെപി ആദ്യം ചെയ്തത്. അറിഞ്ഞോ അറിയാതെയോ കോണ്‍ഗ്രസും അതേറ്റുപിടിച്ചു. ഏറ്റവും ഒടുവില്‍ കേന്ദ്ര ബജറ്റില്‍ ആദായ നികുതി പരിധി 7ല്‍ നിന്ന് 12 ലക്ഷമാക്കി ഉയര്‍ത്തിയത് മധ്യവര്‍ഗത്തിനിടയില്‍ വലിയ സ്വാധീനം ചെലുത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് സഹായിച്ചത് ധനമന്ത്രി നിര്‍മല സീതാരാമന്റെ നീക്കങ്ങളായിരുന്നു. മധ്യവര്‍ഗം കൂട്ടത്തോടെ ബിജെപിയെ പിന്തുണച്ചു എന്നാണ് പുതിയ തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.
ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചത്. ഇതിന് ശേഷം നടന്ന സര്‍വ്വെയില്‍ ബജറ്റ് തീരുമാനം ഡല്‍ഹിയില്‍ ബിജെപിക്ക് അനുകൂലമായ തരംഗമുണ്ടാക്കുന്നു എന്ന് വിലയിരുത്തിയിരുന്നു. അഞ്ചിന് ജനം പോളിങ് ബൂത്തിലേക്കെത്തുകയും എട്ടിന് ഫലം വരികയും ചെയ്തപ്പോള്‍ ബജറ്റിലെ ഇളവ് ഫലം കണ്ടുവെന്ന് വ്യക്തം. ബജറ്റിന്റെ തൊട്ടടുത്ത ദിവസം ഡല്‍ഹിയിലെ പത്രങ്ങളില്‍ ബിജെപി നല്‍കിയ തിരഞ്ഞെടുപ്പ് പരസ്യം 'മധ്യവര്‍ഗ സൗഹൃദ' ബജറ്റ് എന്നായിരുന്നു.












Click it and Unblock the Notifications