ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്രിവാൾ പരാജയത്തിലേക്കോ?; തിരിച്ചുകയറാനാകാതെ അതിഷിയും സിസോദിയയും
ഡൽഹി: നിയമസഭ തിരഞ്ഞെടുപ്പിൽ ന്യൂഡൽഹി മണ്ഡലത്തിൽ തിരിച്ചുകയറാനാകാതെ അരവിന്ദ് കെജ്രിവാൾ. കനത്ത തിരിച്ചടിയാണ് ആം ആദ്മി കൺവീനർക്ക് മണ്ഡലത്തിൽ നേരിടേണ്ടി വന്നിരിക്കുന്നത്. കഴിഞ്ഞ മൂന്ന് തവണ വിജയിച്ച മണ്ഡലത്തിൽ വോട്ടെണ്ണിലിൻറെ ഒരു ഘട്ടത്തിൽ പോലും മുന്നേറാൻ കെജ്രിവാളിന് സാധിച്ചിട്ടില്ല.
1998 മുതൽ 2008 വരെ കോൺഗ്രസിന്റെ ഷീല ദീക്ഷിത് വിജയിച്ച മണ്ഡലമാണ് ന്യൂഡൽഹി. 2013 മുതലാണ് ഇവിടെ നിന്നും കെജ്രിവാൾ മത്സരിക്കുന്നത്. തുടർന്ന് നടന്ന രണ്ട് തിരഞ്ഞെടുപ്പിലും കൂറ്റൻ വിജയമാണ് കെജ്രിവാൾ സ്വന്തമാക്കിയത്. 2015 ൽ 57213 വോട്ടുകളും 2020 ൽ 46758 വോട്ടുകളുമാണ് കെജ്രിവാൾ മണ്ഡലത്തിൽ നേടിയത്. ഇക്കുറിയും വിജയം സ്വപ്നം കണ്ടിറിങ്ങിയ കെജ്രിവാളിന് കനത്ത ആഘാതമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. നിലവിൽ ബി ജെ പിയുടെ പർവേശ് ശർമയാണ് മണ്ഡലത്തിൽ നിന്നും ലീഡ് ചെയ്യുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയും ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത് മണ്ഡലത്തിൽ മൂന്നാം സ്ഥാനത്താണ്.

അതേസമയം ഡൽഹി മണ്ഡലത്തിൽ മനീഷ് സിസോദിയയും കൽക്കാജി മണ്ഡലത്തിൽ മുഖ്യമന്ത്രി അതിഷി മനേലയും പിന്നിലാണ്. കൽക്കാജിയിൽ ബി ജെ പി സ്ഥാനാർത്ഥിയായ രമേശ് ബിദുരിയാണ് ലീഡ് ചെയ്യുന്നത്. അൽക്ക ലംബയാണ് ഇവിടെ നിന്നുള്ള കോൺഗ്രസ് സ്ഥാനാർത്ഥി.
അതിനിടെ ഡൽഹിയിൽ ബി ജെ പി കേന്ദ്രങ്ങളിൽ ആഘോഷം തുടങ്ങി. നിലവിൽ 40 ഓളം സീറ്റുകളിലാണ് പാർട്ടി ലീഡ് ചെയ്യുന്നത്. 70 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് ആവശ്യം 35 സീറ്റുകളാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതൽ വ്യക്തമായ ലീഡാണ് ബി ജെ പിക്ക് ലഭിച്ചത്. പോസ്റ്റൽ വോട്ടുകളിലും പാർട്ടിക്ക് മുന്നേറാൻ സാധിച്ചിരുന്നു. ബി ജെ പിയുടെ പ്രമുഖ സ്ഥാനാർത്ഥികളെല്ലാവരും തന്നെ വലിയ ലീഡ് നേടി മുന്നേറുന്നതാണ് കാഴ്ച.
എക്സിറ്റ് പോൾ ഫലങ്ങളെല്ലാം തന്നെ ഇക്കുറി ഡൽഹിയിൽ ബി ജെ പി വിജയമാണ് പ്രവചിച്ചത്. മിക്ക സർവ്വേകളും 50 സീറ്റുകൾ വരെ സാധ്യത പ്രവചിച്ചിരുന്നു. 27 വർഷങ്ങൾക്ക് ശേഷമാണ് രാജ്യതലസ്ഥാനം താമര കൈകളിൽ എത്തുന്നത്. അതേസമയം കനത്ത തിരിച്ചടിയാണ് ആം ആദ്മി കേന്ദ്രങ്ങൾ ഉണ്ടായിരിക്കുന്നത്. 27 സീറ്റുകളിൽ മാത്രമാണ് ആം ആദ്മിക്ക് നിലവിൽ ലീഡ് ഉള്ളത്.












Click it and Unblock the Notifications