'വയോജനങ്ങള്‍ക്ക് സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്, സ്വകാര്യ ആശുപത്രിയിലും ബാധകം'; കെജ്രിവാളിന്റെ വാഗ്ദാനം
ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നേരത്തെ തുടങ്ങിയിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി. 70 സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞ ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ 18 വയസ് പൂര്‍ത്തിയായ എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 2100 രൂപ നല്‍കും എന്ന് പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു വാഗ്ദാനം കൂടി വോട്ടര്‍മാര്‍ക്ക് മുന്നിലേക്ക് വെച്ചിരിക്കുകയാണ് ആം ആദ്മി പാര്‍ട്ടി.
ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഡല്‍ഹിയിലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ നല്‍കുന്ന 'സഞ്ജീവനി' പദ്ധതി നടപ്പിലാക്കും എന്നാണ് ആം ആദ്മി പാര്‍ട്ടി മേധാവിയും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവഴി മുതിര്‍ന്ന പൗരന്മാര്‍ക്ക് ഡല്‍ഹിയിലെ ഏതെങ്കിലും സ്വകാര്യ - പൊതു ആശുപത്രിയില്‍ നിന്ന് സൗജന്യ ആരോഗ്യ സേവനങ്ങള്‍ ലഭിക്കും.

'സഞ്ജീവനി' പദ്ധതി 60 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ബാധകമാകും. മാത്രമല്ല വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയില്‍ മുതിര്‍ന്ന പൗരന്മാരെ രജിസ്റ്റര്‍ ചെയ്യുന്നതിനായി എഎപി പ്രവര്‍ത്തകര്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ വോട്ടര്‍മാരുടെ വീട്ടിലേക്ക് എത്തും എന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
'ഇന്ന്, ഡല്‍ഹിയിലെ ജനങ്ങള്‍ക്കായി ഞാന്‍ സഞ്ജീവനി പദ്ധതി പ്രഖ്യാപിക്കാന്‍ പോവുകയാണ്. ഇത് പ്രകാരം 60 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ ആരോഗ്യ പരിരക്ഷ ലഭിക്കും. തിരഞ്ഞെടുപ്പിന് ശേഷം ഞങ്ങള്‍ ഈ പദ്ധതി അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്യും,' പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ഒരു പൊതുപരിപാടിയില്‍ അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
ബിപിഎല്‍, എപിഎല്‍, ആര്‍പിഎല്‍ എന്നീ വ്യത്യാസമില്ലാതെ പൂര്‍ണ്ണ ചികിത്സയുടെ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 'രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. രജിസ്റ്റര്‍ ചെയ്യാന്‍ നിങ്ങള്‍ എവിടെയും പോകേണ്ടതില്ല. രജിസ്‌ട്രേഷനായി എഎപി പ്രവര്‍ത്തകര്‍ നിങ്ങളുടെ വീട്ടിലെത്തും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീ, വയോജന വോട്ടര്‍മാരെ ലക്ഷ്യമിട്ട് കൊണ്ടാണ് കെജ്രിവാളിന്റെ പുതിയ പ്രഖ്യാപനം.
ബദര്‍പൂര്‍ മണ്ഡലത്തിലെ ഒരു പദയാത്രയ്ക്കിടെ ഡല്‍ഹിയിലെ 60 ശതമാനം സ്ത്രീകളും ആം ആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ ഒരുങ്ങുന്നതായി തങ്ങളുടെ സര്‍വേയില്‍ നിന്ന് വ്യക്തമായതായി കെജ്രിവാള്‍ അവകാശപ്പെട്ടിരുന്നു. 2020 ലെ തിരഞ്ഞെടുപ്പില്‍ 70 ല്‍ 62 സീറ്റും നേടിയാണ് ആം ആദ്മി അധികാരത്തില്‍ തിരിച്ചെത്തിയത്.












Click it and Unblock the Notifications