കോണ്‍ഗ്രസ് രണ്ടും കല്‍പ്പിച്ച്; സ്ത്രീകള്‍ക്ക് മാസം 2500 രൂപ, തൊഴില്‍ രഹിതര്‍ക്ക് 8500, 500 രൂപയ്ക്ക് ഗ്യാസ്
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ പ്രഖ്യാപനങ്ങളുമായി കളംപിടിക്കാന്‍ കോണ്‍ഗ്രസ്. ഒട്ടേറെ ജനപ്രിയ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ച പ്രകടന പത്രികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയിരിക്കുന്നത്. ഡല്‍ഹി വോട്ടര്‍മാര്‍ വലിയ പ്രതിസന്ധി നേരിടുന്ന വൈദ്യുതി, ജോലി തുടങ്ങിയ വിഷയങ്ങളില്‍ ഉള്‍പ്പെടെ വാരിക്കോരിയാണ് വാഗ്ദാനങ്ങള്‍.
ഷീലാ ദീക്ഷിതിന് ശേഷം ഡല്‍ഹിക്ക് കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ ലഭിച്ചിട്ടില്ല. വന്‍ അഴിമതി ആരോപണം ഉന്നയിച്ച് സമരം നയിച്ചാണ് അരവിന്ദ് കെജ്രിവാള്‍ കളം നിറഞ്ഞതും കോണ്‍ഗ്രസിനെ പുറത്താക്കി എഎപി അധികാരത്തിലെത്തിയതും. മൂന്നാമൂഴം തേടുന്ന കെജ്രിവാളും എഎപിയും ലോക്‌സഭയില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസുമായി സഹകരിക്കാതെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങിയിരിക്കുന്നത്.

ഇത്തവണ ശക്തമായ ത്രികോണ മല്‍സരമാണ് ഡല്‍ഹിയില്‍. എഎപിയും ബിജെപിയും കോണ്‍ഗ്രസും വാശിയേറിയ പോരാട്ടത്തിലാണ്. അതുകൊണ്ടുതന്നെ പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് മുന്നോട്ട് വച്ചിരിക്കുന്ന വാഗ്ദാനം വലിയ ചര്‍ച്ചയാകുകയാണ്. ട്രാന്‍സ്‌ജെന്റേഴ്‌സ് സമൂഹത്തിന് തൊഴിലിലും വിദ്യാഭ്യാസ രംഗത്തും സംവരണം കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നു.
300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതിയാണ് ആകര്‍ഷണീയമായ പ്രഖ്യാപനം. സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ സ്റ്റൈപെന്റ് അനുവദിക്കുമെന്നും ഡല്‍ഹിയില്‍ ജാതി സെന്‍സസ് നടത്തി വിഭവങ്ങള്‍ തുല്യമായി വീതിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. ഡല്‍ഹി നിവാസികള്‍ക്ക് 25 ലക്ഷം രൂപ കവറേജ് ലഭിക്കുന്ന ആരോഗ്യ പദ്ധതിയും കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു.
തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക് ഒരു വര്‍ഷം 8500 രൂപ സ്റ്റൈപെന്റോട് കൂടിയ അപ്രന്റിസ്ഷിപ്പ്, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടര്‍, സൗജന്യ റേഷന്‍, പൂര്‍വാഞ്ചല്‍ വിഭാഗക്കാരുടെ ക്ഷേമത്തിന് വേണ്ടി പ്രത്യേക മന്ത്രാലയം എന്നിവയും കോണ്‍ഗ്രസിന്റെ വാഗ്ദാനമാണ്. ഡല്‍ഹിയിലെ പ്രധാന വോട്ട് സമൂഹമാണ് പൂര്‍വാഞ്ചലില്‍ നിന്നുള്ളവര്‍. ഇവരെ കൂടെ നിര്‍ത്താനുള്ള ശ്രമങ്ങളും കോണ്‍ഗ്രസ് നടത്തിവരികയാണ്.
എല്‍ജിബിടിക്യുഐഎ സമൂഹത്തിന് എതിരായ വിവേചനം അവസാനിപ്പിക്കുമെന്നു കോണ്‍ഗ്രസ് പറയുന്നു. സ്‌കോളര്‍ഷിപ്പുകളും മറ്റും അനുവദിച്ച് അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുമെന്നും വാഗ്ദാനമുണ്ട്. പ്യാരി ദിദി യോജന എന്ന പദ്ധതി വനിതാ വോട്ടര്‍മാരെ കൂടെ നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്. പാവപ്പെട്ട വനിതകള്‍ക്ക് പ്രതിമാസം 2500 രൂപയാണ് ഈ പദ്ധതിയുടെ ഭാഗമായി ലഭിക്കുക.
മെഹന്‍ഗായ് മുക്തി യോജനയും വനിതാ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ്. അഞ്ച് കിലോ അരി, രണ്ട് കിലോ പഞ്ചസാര, ഒരു കിലോ പാചക ഓയില്‍, ആറ് കിലോ പരിപ്പ്, 250 ഗ്രാം ചായപ്പൊടി എന്നിവ നല്‍കുന്ന കിറ്റ് ഈ പദ്ധതിക്ക് കീഴില്‍ വരും. ഒപ്പം 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറും. മുതിര്‍ന്ന പൗരന്മാര്‍, വിധവകള്‍, അംഗപരിമിതര്‍, ട്രാന്‍സ്‌ജെന്റര്‍ എന്നിവര്‍ക്ക് 5000 രൂപ പ്രതിമാസം പെന്‍ഷന്‍ നല്‍കുമെന്നും വാഗ്ദാനമുണ്ട്.
തെലങ്കാന മോഡലില്‍ യുവജനങ്ങളെ ആകര്‍ഷിക്കാന്‍ സ്‌റ്റൈപെന്റും പ്രഖ്യാപിച്ചു. ആദ്യ മന്ത്രിസഭാ യോഗത്തില്‍ ജാതി സെന്‍സസ് പ്രഖ്യാപനം നടത്തുമെന്നും പ്രകടനപത്രികയിലുണ്ട്. മേല്‍ത്തട്ട് പരിധി 12 ലക്ഷമാക്കി ഉയര്‍ത്തും. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കും. പട്ടിക ജാതി വിഭാഗത്തിന് വേണ്ടി സര്‍ക്കാര്‍ കരാറുകളുടെ 15 ശതമാനം നീക്കിവയ്ക്കുമെന്നും പ്രകടന പത്രികയില്‍ പറയുന്നു. ഫെബ്രുവരി അഞ്ചിനാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ്. എട്ടിന് വോട്ട് എണ്ണും.












Click it and Unblock the Notifications