കോണ്‍ഗ്രസ് വീണ്ടും സംപൂജ്യർ: എനിക്ക് ഒന്നും അറിയില്ല, ഞാന്‍ തിരഞ്ഞെടുപ്പ് ഫലം നോക്കിയിട്ടില്ലെന്ന് പ്രിയങ്ക
ഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ തുടർച്ചയായ രണ്ടാം തവണയും വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ് നേരിട്ടുകൊണ്ടിരിക്കുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ ബദ്ലി മണ്ഡലത്തില്‍ ഒഴികെ ഒരിടത്തും പാർട്ടിക്ക് ലീഡ് പിടിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ വോട്ടെണ്ണല്‍ പുരോഗമിച്ചപ്പോള്‍ ഈ ലീഡും പാർട്ടി കൈവിട്ടു. ഇതോടെ ഇത്തവണയും കോണ്‍ഗ്രസ് പഴയ കോട്ടയില്‍ സംപൂജ്യരായി.
തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട സാഹചര്യത്തില്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളാരും തന്നെ ഇതുവരെ പ്രതികരണവുമായി മുന്നോട്ട് വന്നിട്ടില്ല. ശനിയാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തിയ വയനാട് എംപിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടെ ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ മാധ്യമപ്രവർത്തകർ പ്രതികരണം തേടിയെങ്കിലും അതേക്കുറിച്ച് എനിക്ക് ഒന്നും അറിയില്ല, ഫലം ഇതുവരെ പരിശോധിച്ചിട്ടില്ലെന്നായിരുന്നു അവരുടെ പ്രതികരണം.

അതേസമയം, വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവെക്കുന്ന തരത്തില്‍ ബി ജെ പി വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ആകെയുള്ള 70 സീറ്റുകളില്‍ 48 സീറ്റിലും ബി ജെ പി മുന്നേറുകയാണ്. ഇതില്‍ 4 സീറ്റില്‍ ബി ജെ പി സ്ഥാനാർത്ഥികള്‍ ഇതിനോടകം വിജയിച്ച് കഴിഞ്ഞു. കേവല ഭൂരിപക്ഷത്തിന് 36 സീറ്റുകള്‍ വേണ്ട ഡല്‍ഹിയില്‍ ബി ജെ പി 50 സീറ്റിലേക്ക് എത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
മറുവശത്ത് മൂന്നാം തവണയും വിജയം പ്രതീക്ഷ എ എ പിയാകട്ടെ സമാനതകളില്ലാത്ത തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ തവണ 68 സീറ്റുകളില്‍ വിജയിച്ച അരവിന്ദ് കെജ്രിവാളിന്റെ പാർട്ടി നിലവില്‍ 22 സീറ്റുകളിലാണ് മുന്നേറുന്നത്. നിലവില്‍ 4 സീറ്റുകളില്‍ അവർ വിജയിച്ച് കഴിഞ്ഞു. എ എ പി ദേശീയ കണ്‍വീനറും മുന്‍മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ തുടങ്ങിയവരെല്ലാം പരാജയപ്പെട്ടു. നിലവിലെ മുഖ്യമന്ത്രി അഥിഷി മർലേന കല്‍ക്കാജി മണ്ഡലത്തില്‍ അതിശക്തമായ മത്സരത്തിന് ഒടുവിലാണ് വിജയിച്ചത്.
അതേസമയം, എ എ പിയുടെ തോല്‍വിക്ക് പിന്നാലെ അരവിന്ദ് കെജ്രിവാളിനെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ച് അണ്ണാഹസാരെ രംഗത്ത് വന്നു. പണത്തിന്റെ ശക്തി കെജ്രിവാളിനെ കീഴടക്കിയെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. "ഒരു സ്ഥാനാർത്ഥിയുടെ പെരുമാറ്റം, ചിന്തകൾ, ജീവിതം എന്നിവ ശുദ്ധവും, കുറ്റപ്പെടുത്തലില്ലാത്തതും, ത്യാഗത്തിൽ കേന്ദ്രീകരിച്ചുള്ളതുമായിരിക്കണം എന്ന് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. ഈ ഗുണങ്ങൾ വോട്ടർമാരിൽ വിശ്വാസം വളർത്തുന്നു. ഈ തത്വങ്ങളെക്കുറിച്ച് ഞാൻ അരവിന്ദ് കെജ്‌രിവാളിനോട് ഉപദേശിച്ചു, പക്ഷേ അദ്ദേഹം എന്റെ ഉപദേശം ശ്രദ്ധിച്ചില്ല. പകരം, മദ്യം പോലുള്ള വിഷയങ്ങളിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു. പണശക്തി അദ്ദേഹത്തെ കീഴടക്കിയത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്" അണ്ണാ ഹസാരെ പറഞ്ഞു.












Click it and Unblock the Notifications