വികസനവും സദ്ഭരണവും വിജയിച്ചു: ഡല്‍ഹി വിജയത്തിന് പിന്നാലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വന്‍ വിജയം നല്‍കിയ വോട്ടർമാരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലേത് വികസനത്തിന്റേയും സദ്ഭരണത്തിന്റേയം വിജയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയില്‍ ബി ജെ പി വന്‍ വിജയം ഉറപ്പിച്ചതിന് പിന്നാലെ എക്സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
'ബി ജെ പിക്ക് ചരിത്രപരമായ വിജയം നൽകിയതിന് എല്ലാ സഹോദരീ സഹോദരന്മാർക്കും എന്റെ സല്യൂട്ട്. അഭിനന്ദനങ്ങൾ... എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നിങ്ങൾ എല്ലാവരോടും ഞാൻ വളരെയധികം നന്ദിയുള്ളവനാണ്.' പ്രധാനമന്ത്രി എക്സില്‍ കുറിച്ചു. ഡൽഹിയുടെ സമഗ്ര വികസനം ഉറപ്പാക്കുന്നതിനും അവിടുത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുമെന്നും ഞങ്ങൾ ഉറപ്പ് നൽകുകയാണ് വികസിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ ഡൽഹി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'ഈ വലിയ ജനവിധിക്കായി രാവും പകലും പ്രവർത്തിച്ച എന്റെ എല്ലാ ബി ജെ പി പ്രവർത്തകരെയും ഓർത്ത് ഞാൻ വളരെ അഭിമാനിക്കുന്നു. ഇനി ഡൽഹിയിലെ ജനങ്ങളെ സേവിക്കുന്നതിൽ ഞങ്ങൾ കൂടുതൽ ശക്തമായ സമർപ്പണത്തോടെ പ്രവർത്തിക്കും' പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, വാഗ്ദാനങ്ങൾ ലംഘിക്കുന്നവരെ ഡൽഹി ഒരു പാഠം പഠിപ്പിച്ചുവെന്നായിരുന്നു കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായുടെ പ്രതികരണം. വ്യാജ വാഗ്ദാനങ്ങൾ നൽകുന്നവർക്ക് ഇത് ഒരു മാതൃകയയിരിക്കും. "ഡൽഹിയുടെ ഹൃദയത്തിലാണ് പ്രധാനമന്ത്രി മോദി. നുണകളുടെയും വഞ്ചനയുടെയും അഴിമതിയുടെയും 'ശീഷ്മഹൽ' നശിപ്പിച്ചുകൊണ്ട് ഡൽഹിയെ ആപ്ദാ രഹിതമാക്കാൻ ഡൽഹിയിലെ ജനങ്ങൾ പ്രവർത്തിച്ചു. വാഗ്ദാനങ്ങൾ ലംഘിക്കുന്നവരെ ഡൽഹി ഒരു പാഠം പഠിപ്പിച്ചു, രാജ്യത്തുടനീളമുള്ള പൊതുജനങ്ങൾക്ക് തെറ്റായ വാഗ്ദാനങ്ങൾ നൽകുന്നവർക്ക് ഇത് ഒരു മാതൃകയാകും," ഷാ പറഞ്ഞു.
അതേസമയം ആകെയുള്ള 70 സീറ്റുകളില്‍ 48 ഉം നേടിക്കൊണ്ടാണ് ബി ജെ പി 27 വർഷങ്ങള്‍ക്ക് ശേഷം രാജ്യതലസ്ഥാനത്ത് അധികാരത്തിലേക്ക് എത്താന്‍ പോകുന്നത്. കേവല ഭൂരിപക്ഷത്തിന് 36 സീറ്റുകളാണ് ഡല്‍ഹിയില്‍ വേണ്ടത്. മുന്നിട്ട് നില്‍ക്കുന്ന 48 ല്‍ 30 സീറ്റുകളില്‍ ഇതിനോടകം തന്നെ വിജയിച്ച് കഴിഞ്ഞു. മറുവശത്ത് എ എ പിക്കാകട്ടെ 22 സീറ്റിലാണ് മേധാവിത്വമുള്ളത്. ഇതില്‍ 14 സീറ്റുകളില്‍ അവർ വിജയിച്ച് കഴിഞ്ഞു.












Click it and Unblock the Notifications