ഡല്‍ഹി നിയമസഭയില്‍ 10 വർഷത്തിന് ഇടയിലെ ഏറ്റവും കുറഞ്ഞ സ്ത്രീ അംഗബലം: ഇത്തവണ 5 പേർ മാത്രം
ഡല്‍ഹി: നൂറോളം വനിതാ സ്ഥാനാർത്ഥികള്‍ മത്സരിച്ച ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ വിജയിച്ച് കയറിയത് അഞ്ച് വനിത നേതാക്കള്‍ മാത്രം. ഇതോടെ കഴിഞ്ഞ പത്ത് വർഷത്തിന് ഇടയില്‍ സ്ത്രീ പ്രാതിനിധ്യം കുറഞ്ഞ നിയമസഭയുമായി ഇത്തവണത്തേത്. വിജയിച്ചവരില്‍ നാല് പേർ ബി ജെ പി അംഗങ്ങളും ഒരാള്‍ എ എ പി സ്ഥാനാർത്ഥിയുമാണ്. എ എ പിയുടെ വിജയിച്ച ഏക വനിതാ സ്ഥാനാർത്ഥി മുഖ്യമന്ത്രിയായിരുന്ന അതിഷിയാണ്.
ഡല്‍ഹിയിലെ ആകേയുള്ള 70 സീറ്റുകളിലേക്ക് ഈ വർഷം 699 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. ഇതില്‍ 96 പേരായിരുന്നു സ്ത്രീകള്‍. ഇതില്‍ ബി ജെ പിയിൽ നിന്നും എഎ പി യിൽ നിന്നും ഒമ്പത് പേർ വീതവും കോൺഗ്രസിൽ നിന്ന് ഏഴ് പേരും ഉൾപ്പെടുന്നു. മൂന്ന് പ്രധാന രാഷ്ട്രീയ പാർട്ടികളും 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വനിതാ സ്ഥാനാർത്ഥികളെ ഇത്തവണ നിർത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്.

1993 മുതൽ നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതുവരെയായി ആകെ 44 വനിതാ സ്ഥാനാർത്ഥികൾ മാത്രമേ വിജയിച്ചിട്ടുള്ളൂ. ഏറ്റവും കൂടുതൽ സ്ത്രീകൾ വിജയിച്ചത് 1998ലായിരുന്നു. അന്നത്തെ നിയമസഭയില്‍ ഒമ്പത് സ്ത്രീകളാണ് ഉണ്ടായിരുന്നത്. 1993 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ 3 സ്ത്രീകളാണ് വിജയിച്ചത്. 2008 ലും 2013 ലും നടന്ന തിരഞ്ഞെടുപ്പുകളിലും ഇതേ സംഖ്യ ആവർത്തിച്ച്. നിയമസഭയില്‍ സ്ത്രീകള്‍ക്ക് ഏറ്റവും കുറഞ്ഞ പ്രതിനിധ്യമുണ്ടായത് ഈ മൂന്ന് തിരഞ്ഞെടുപ്പുകളിലാണ്.
2003 ൽ ഏഴ് സ്ത്രീകൾ തിരഞ്ഞെടുക്കപ്പെട്ടുപ്പോള്‍ 2015 ൽ ആകെ 63 സ്ത്രീകൾ മത്സരിക്കുകയുംആറ് പേർ വിജയിക്കുകയും ചെയ്തു. 2020 ലെ തിരഞ്ഞെടുപ്പിൽ, വോട്ടെടുപ്പിൽ മത്സരിച്ച 672 സ്ഥാാർത്ഥികളില്‍ 76 പേർ സ്ത്രീകളായിരുന്നു. ഇതിൽ എട്ട് പേർ വിജയിച്ചു.
സ്ത്രീകളുടെ അംഗബലം കുറവാണെങ്കിലും ഡല്‍ഹിയുടെ ഭരണ ചരിത്രത്തില്‍ നിർണ്ണായക പങ്ക് സ്ത്രീകള്‍ക്കുണ്ട്. ഇതുവരെ മൂന്ന് വനിത മുഖ്യമന്ത്രിമാരാണ് ഡല്‍ഹിക്കുണ്ടായത്. 1998 ൽ ബി ജെ പിക്ക് അധികാരം ലഭിച്ചപ്പോള്‍ സുഷമ സ്വരാജിനെയായിരുന്നു പാർട്ടി മുഖ്യമന്ത്രി കസേര ഏല്‍പ്പിച്ചത്. പിന്നാലെ 1998 മുതൽ 2013 വരെ തുടർച്ചയായ 15 വർഷം കോണ്‍ഗ്രസ് നേതാവായ ഷീല ദിക്ഷിത് മുഖ്യമന്ത്രിയായി ചരിത്രം കുറിച്ചു. മദ്യനയ കേസില്‍ ജയില്‍ മോചിതനായതിന് പിന്നാലെ അരവിന്ദ് കെജ്‌രിവാൾ രാജിവച്ചതോടെ വീണ്ടും മുഖ്യമന്ത്രി കസേര മറ്റൊരു വനിതയെ തേടിയെത്തി. ഡല്‍ഹിയെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയുമായിരുന്നു അതിഷി.


Click it and Unblock the Notifications