23 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത് മലയാളി യുവതിയെ; ആറുപേര്‍ അറസ്റ്റില്‍
ദില്ലി: രാജസ്ഥാനിലെ ബിക്കാനീറില്‍ വെച്ച് 23 പേര്‍ ചേര്‍ന്ന് കൂട്ടമാനഭംഗത്തിന് ഇരയാക്കിയ യുവതി മലയാളിയാണെന്ന് റിപ്പോര്‍ട്ട്. മാതാപിതാക്കള്‍ മലയാളികളായ യുവതി ജനിച്ചുവളര്‍ന്നത് ദില്ലിയിലാണ്. ദില്ലി സ്വദേശിയായ ഭര്‍ത്താവിനൊപ്പം വളക്കച്ചവടം നടത്തിവരികയായിരുന്ന ഇവര്‍ രാജസ്ഥാനിലെത്തിയപ്പോഴായിരുന്നു ബലാത്സംഗത്തിനിരയായത്.
സംഭവത്തില്‍ ആറുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശവാസികളായ സുഭാഷ്, രാജു റാം, ഭന്‍വര്‍ ലാല്‍, മനോജ് കുമാര്‍, ജുഗല്‍, മദന്‍ എന്നിവരാണു അറസ്റ്റിലായത്. ബിക്കാനീറില്‍ രണ്ടു വര്‍ഷം മുന്‍പ് വാങ്ങിയ സ്ഥലം സന്ദര്‍ശിക്കനാണ് യുവതി തനിച്ച് യാത്ര ചെയ്തത്. തിരിച്ച് ദില്ലിയിലേക്ക് മടങ്ങാനായി ജയ്പുര്‍ റോഡില്‍ ഖാട്ടു ശ്യാം മന്ദിറിനു സമീപം ബസ് കാത്തുനില്‍ക്കുമ്പോള്‍ വാഹനത്തിലെത്തിയ രണ്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു.

തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ഓടുന്ന വാഹനത്തില്‍ മണിക്കൂറുകളോളം യുവതിയെ മാനഭംഗപ്പെടുത്തി. പിന്നീട് വിളിച്ചുവരുത്തിയ ആറുപേര്‍ ചേര്‍ന്ന് വീണ്ടും മാനഭംഗപ്പെടുത്തി. ഇതിനുശേഷം പലാന ഗ്രാമത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പവര്‍ സബ്‌സ്റ്റേഷനിലെത്തിച്ച് കൂടുതല്‍പേര്‍ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
അടുത്തദിവസം പുലര്‍ച്ചെ യുവതിയെ തട്ടിക്കൊണ്ടുപോയ അതേ സ്ഥലത്ത് ഉപേക്ഷിച്ച് സംഘം രക്ഷപ്പെട്ടു. സപ്തംബര്‍ 27നാണ് യുവതി പോലീസില്‍ പരാതി നല്‍കുന്നത്. വാഹനത്തിന്റെ നമ്പരും മറ്റും തിരിച്ചറിഞ്ഞതിനാല്‍ പ്രതികളില്‍ ചിലരെ പിടികൂടുകയായിരുന്നു. മറ്റു പ്രതികള്‍ ഒളിവിലാണെന്ന് ബിക്കാനീര്‍ എസ്പി എസ്.എസ്. ഗോദര വ്യക്തമാക്കി. ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.












Click it and Unblock the Notifications