അശോക് നഗറിൽ വീണ്ടും പള്ളിക്ക് തീവെച്ചു, ജയ്ശ്രീറാം വിളിച്ചെത്തി മിനാരത്തിൽ ഹനുമാൻ കൊടി കെട്ടി
ദില്ലി: ദില്ലിയിൽ അയവില്ലാതെ സംഘർഷം. അശോക് നഗറിലെ പള്ളിക്ക് വീണ്ടും പ്രതിഷേധക്കാർ തീകൊളുത്തി. ഇത് രണ്ടാം തവണയാണ് അശോക് നഗറിൽ പള്ളിക്ക് തീകൊളുത്തുന്നത്. ആദ്യം തീവെച്ചതിനെ തുടർന്ന് ഫയർ ഫോഴ്സ് എത്തി തീയണച്ചിരുന്നു. എന്നാൽ ഫയർ ഫോഴ്സ് മടങ്ങിയതിന് പിന്നാലെ അക്രമികൾ വീണ്ടുമെത്തി തീകൊളുത്തുകയായിരുന്നു.
ജയ് ശ്രീറാം, ഹിന്ദുസ്ഥാൻ ഹിന്ദുക്കളുടേത് എന്ന മുദ്രാവാക്യം വിളിച്ചെത്തിയ അക്രമികൾ പള്ളിക്ക് തീ വയ്ക്കുകയും പള്ളിയുടെ മിനാരത്തിൽ ഹനുമാൻ കൊടി കെട്ടുകയും ചെയ്തെന്ന് 'ദി വയർ' റിപ്പോർട്ട് ചെയ്യുന്നു. പള്ളിയുടെ സമീപത്തുള്ള കടകൾ അക്രമികൾ കൊള്ളയടിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കടകൾ ആക്രമിച്ചത് പുറത്ത് നിന്നുള്ളവരാണെന്ന് പ്രദേശവാദികൾ പറയുന്നു. അക്രമം നടന്ന സ്ഥലത്ത് പോലീസുകാരുണ്ടായിരുന്നില്ലെന്നും മുസ്ലിം സമുദായത്തിൽ നിന്നുള്ളവരെ പോലീസ് പ്രദേശത്ത് നിന്ന് മാറ്റിയിരുന്നതായും പ്രദേശവാസികൾ ആരോപിച്ചു.

അതേ സമയം ദില്ലിയിൽ നടന്ന പ്രതിഷേധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. ഇരുന്നൂറിലധികം ആളുകളെയാണ് ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. മാധ്യമ പ്രവർത്തകർക്ക് നേരെയും വ്യാപക ആക്രമണമാണ് നടക്കുന്നത്. കലാപം നിയന്ത്രിക്കുന്നതിൽ കേന്ദ്ര സർക്കാർ മെല്ലപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന വിമർശനവും ശക്തമാണ്. ദില്ലിയിലെ നാലിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും കലാപകാരികൾ നിരത്തുകൾ കീഴടക്കിയിരിക്കുകയാണ്. ദില്ലിയിലേക്കുള്ള അതിർത്തികൾ പോലീസ് അടച്ചു.












Click it and Unblock the Notifications