ദില്ലി പീഡനം; ആശാറാം ബാപ്പുവിന് നോട്ടീസ്
ദില്ലി: വിവാദ ആള്‍ദൈവം ആശാറാം ബാപ്പു ദില്ലി പീഡനക്കേസുമായി ബന്ധപ്പെട്ട് കോടതിയില്‍. മുസാഫിര്‍നഗറിലെ കോടതിയാണ് ഹാജരാകാന്‍ ആവശ്യപ്പെട്ട് ആശാറാം ബാപ്പുവിന് നോട്ടീസയച്ചത്. ഒക്ടോബര്‍ 21 നകം കോടതിയില്‍ ഹാജരാകണം എന്നാണ് 72 കാരനായ സന്യാസിയോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
കോളിളക്കം സൃഷ്ടിച്ച ദില്ലി കൂട്ടബലാത്സംഗക്കേസിലെ ഇരയായ പെണ്‍കുട്ടിയെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളാണ് ബാപ്പുവിനെ കോടതിയില്‍ എത്തിച്ചിരിക്കുന്നത്. കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടി അക്രമികളെ സഹോദരാ എന്ന് വിളിച്ചിരുന്നെങ്കില്‍ അവര്‍ ഉപദ്രവിക്കാതെ വിടുമായിരുന്നു എന്ന ബാപ്പുവിന്റെ പരാമര്‍ശമാണ് വിവാദമായത്.

ക്രൂരമായി പീഡിപ്പിച്ച ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ അക്രമികളെക്കുറിച്ച് ഒന്നും പറയാതെ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്കെതിരെ സംസാരിച്ചത് വിമര്‍ശനത്തിന് കാരണമായത്. മുസാഫിര്‍ നഗര്‍ സ്വദേശിയായ സുധീര്‍ ഓജ എന്ന അഭിഭാഷകനാണ് ആശാറാം ബാപ്പുവിന്റെ പരാമര്‍ശത്തിനെതിരെ കോടതിയെ സമീപിച്ചത്.
പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സംസാരിച്ചു എന്നായിരുന്നു പരാതി. ഈ വര്‍ഷം ജനുവരിയിലാണ് പരാതി നല്‍കിയത്. ദില്ലി പീഡനത്തിലെ നാലുപ്രതികള്‍ക്ക് ഈ മാസം സാകേത് അതിവേഗകോടതി വധശിക്ഷ വിധിച്ചിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുകയാണ് ആശാറാം ബാപ്പു. ഭ്ക്തകളെ പീഡിപ്പിച്ചതായും ഭൂമി കയ്യേറിയതായും മറ്റും നിരവധി ആരോപണങ്ങള്‍ ആശാറാം ബാപ്പുവിന് നേരെ ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications