യോഗയും പ്രകൃതി ചികിത്സയും; രോഗങ്ങള്‍ക്ക് വിടപറഞ്ഞ് കെജ്‌രിവാള്‍ ദില്ലിയിലെത്തി
ബെംഗളൂരു: ദില്ലി തെരഞ്ഞെടുപ്പില്‍ ചരിത്രം വിജയം നേടി മുഖ്യമന്ത്രിയായതിന് പിന്നാലെ ചികിത്സയ്ക്കായി ബെംഗളുരുവിലെത്തിയ ആം ആദ്മി നേതാവ് അരവിന്ദ് കെജ് രിവാള്‍ ദില്ലിയില്‍ മടങ്ങിയെത്തി. പത്തുദിവസത്തെ ചികിത്സയ്ക്കുശേഷമാണ് ആരോഗ്യം ഏറെക്കുറെ തിരിച്ചു പിടിച്ച് മഫഌ മാന്‍ ദില്ലിയിലേക്ക് മടങ്ങിയത്.
രോഗങ്ങളെല്ലാം നിയന്ത്രണത്തിലായതായി അദ്ദേഹം ദില്ലിയിലേക്ക് മടങ്ങും മുന്‍പ് തന്റെ ട്വിറ്ററില്‍ കുറിച്ചു. വിട്ടുമാറാത്ത ചുമ മാറി. ഏറെ പ്രശ്‌നങ്ങളുണ്ടാക്കിയ പ്രമേഹവും നിയന്ത്രണത്തിലായി. പഞ്ചസാരയുടെ അളവ് 130 മില്ലിഗ്രാമായി. ആഹാരം കഴിക്കാത്ത വേളയില്‍ ഇത് 90 മില്ലിഗ്രാം വരെ താഴ്ന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ബെംഗളൂരുവിലെ ജിന്‍ഡാള്‍ നാച്യുര്‍ കെയര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ചികിത്സയിലായിരുന്നു ദില്ലി മുഖ്യമന്ത്രി. യോഗയും പ്രകൃതി ചികിത്സയും തടവലുമെല്ലാം ചികിത്സയുടെ ഭാഗമായി. ദില്ലിയിലെത്തിയാലും യോഗ മുടങ്ങാതെ ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടുതല്‍ ആരോഗ്യവാനായി ദില്ലിയില്‍ മടങ്ങിയെത്തുന്നതിന്റെ ആവേശത്തിലാണ് കെജ് രിവാള്‍. മാതാപിതാക്കളും കെജ് രിവാളിനൊപ്പം ബെംഗളുരുവില്‍ എത്തിയിരുന്നു.
ബെംഗളുരുവിലേക്ക് തിരിക്കും മുന്‍പ് ആം ആദ്മി പാര്‍ട്ടി അഭിമുഖീകരിച്ചിരുന്ന മുതിര്‍ന്ന നേതാക്കള്‍ക്കെതിരായ അച്ചടക്ക നടപടി കെജ് രിവാള്‍ ദില്ലിയില്‍ എത്തുന്നതോടെ വീണ്ടും ചര്‍ച്ചയായേക്കും. ഇത്തരം പ്രശ്‌നങ്ങളില്‍ തനിക്ക് താത്പര്യമില്ലെന്നായിരുന്നു അദ്ദേഹം നേരത്തെ അറിയിച്ചിരുന്നത്. ദേശീയ കണ്‍വീനര്‍ പദവി രാജിവെക്കാനുള്ള സന്നദ്ധതയും അദ്ദേഹം അറിയിച്ചിരുന്നു.












Click it and Unblock the Notifications