റോഡിലിറങ്ങിയാല്‍ ബ്ലോക്ക്, മെട്രോ സ്റ്റേഷന്‍ അടച്ചു, ട്രെയിന്‍ റദ്ദാക്കി! ഡല്‍ഹിയില്‍ ഗതാഗതം താറുമാറാകും

ജന്തര്‍ മന്തറില്‍ നടക്കാനിരിക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ശനമാക്കി. മൊബൈല്‍ ഇന്റര്‍നെറ്റ്, മെട്രോ സേവനം, ട്രെയിന്‍ ഗതാഗതം, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയിലുള്ള നിയന്ത്രണങ്ങള്‍ തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ജനജീവിതത്തെ സാരമായി ബാധിക്കും.

വോട്ടര്‍ പട്ടികയിലെ എസ്‌ഐആര്‍ നടപടികളില്‍ ക്രമക്കേടുകള്‍ ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് സിജെപിയും വിവിധ വിദ്യാര്‍ത്ഥി സംഘടനകളും ചേര്‍ന്നാണ് ഈ പ്രതിഷേധം സംഘടിപ്പിക്കുന്നത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് ഇന്ത്യ സഖ്യവും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രത്യേകം പ്രതിഷേധങ്ങള്‍ നടത്തുന്നുണ്ട്.

Delhi CJP Protest

ന്യൂഡല്‍ഹിയിലെ ജന്‍പഥ്-കര്‍ത്തവ്യ പഥ് മേഖലയ്ക്ക് ചുറ്റുമുള്ള നാല് കിലോമീറ്റര്‍ ചുറ്റളവില്‍ 24 മണിക്കൂര്‍ നേരത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി 10 മണിക്ക് ആരംഭിച്ച നിയന്ത്രണം ശനിയാഴ്ച രാത്രി 10 മണി വരെ തുടരും. പൊതുസുരക്ഷാ കാരണങ്ങളാല്‍ ടെലികമ്മ്യൂണിക്കേഷന്‍സ് ചട്ടങ്ങള്‍, 2024 പ്രകാരമാണ് അധികൃതര്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

നിശ്ചയിക്കപ്പെട്ട മേഖലയ്ക്കുള്ളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളെ മാത്രമാണ് ഈ ഉത്തരവ് ബാധിക്കുന്നത്. 45 മെട്രോ സ്‌റ്റേഷനുകള്‍ ഇന്ന് അടച്ചിടും. നേരത്തെ 57 മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിടാനായിരുന്നു നീക്കം. എന്നാല്‍ സുപ്രീം കോടതി ഇടപെട്ടതിനെത്തുടര്‍ന്ന് ഈ തീരുമാനം ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ പരിഷ്‌കരിച്ചു. 45 മെട്രോ സ്റ്റേഷനുകളിലെയും പ്രവേശന-പുറത്തുകടക്കല്‍ കവാടങ്ങള്‍ ഇന്ന് വൈകുന്നേരം 6 മണി വരെ അടച്ചിടും.

കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുന്‍പ് സുരക്ഷാ ഏജന്‍സികള്‍ സാഹചര്യം വിലയിരുത്തും. ജന്‍പഥ്, പട്ടേല്‍ ചൗക്ക്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, ലോക് കല്യാണ്‍ മാര്‍ഗ്, രാജീവ് ചൗക്ക്, ന്യൂഡല്‍ഹി, സേവാ തീര്‍ത്ഥ്, മാണ്ഡി ഹൗസ്, ബരാഖംബ റോഡ് തുടങ്ങിയവയാണ് നിയന്ത്രണങ്ങള്‍ ബാധകമായ സ്റ്റേഷനുകളില്‍ ഉള്‍പ്പെടുന്നത്.

ന്യൂഡല്‍ഹി സ്റ്റേഷന്‍ ഒഴികെയുള്ള ബാധിക്കപ്പെട്ട സ്റ്റേഷനുകളില്‍ ഇന്റര്‍ചേഞ്ച് (ട്രെയിന്‍ മാറിക്കയറാനുള്ള) സൗകര്യം ലഭ്യമായിരിക്കും. എന്നാല്‍, അറിയിപ്പ് നല്‍കിയിട്ടുള്ള സമയപരിധിക്കുള്ളില്‍ യാത്രക്കാര്‍ക്ക് ഈ സ്റ്റേഷനുകള്‍ വഴി അകത്തേക്ക് പ്രവേശിക്കാനോ പുറത്തേക്ക് പോകാനോ സാധിക്കില്ല. സിജെപി പ്രതിഷേധത്തിന് മുന്നോടിയായി തലസ്ഥാനത്തുടനീളം ഗതാഗത തടസ്സങ്ങള്‍ ഉണ്ടാകുമെന്ന് ഡല്‍ഹി ട്രാഫിക് പോലീസ് മുന്നറിയിപ്പ് നല്‍കി.

രാവിലെ 6 മണി മുതല്‍ ഗതാഗതം വഴിതിരിച്ചുവിടല്‍ ആരംഭിച്ചു. ഇത് ധൗള കുവാന്‍, മാണ്ഡി ഹൗസ്, കണാട്ട് പ്ലേസ്, ജന്തര്‍ മന്തര്‍ റോഡ്, പട്ടേല്‍ ചൗക്ക്, സന്‍സദ് മാര്‍ഗ് തുടങ്ങിയ പ്രദേശങ്ങളെ ബാധിച്ചേക്കും. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് ടെര്‍മിനലുകള്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ യാത്രയ്ക്കായി കൂടുതല്‍ സമയം നീക്കിവയ്ക്കണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

സാഹചര്യത്തിനനുസരിച്ച് ഗതാഗത നിയന്ത്രണങ്ങളില്‍ മാറ്റം വന്നേക്കാം. ശനിയാഴ്ച പുലര്‍ച്ചെ 4 മുതല്‍ ഉച്ചയ്ക്ക് 2 വരെയുള്ള സമയത്തിനിടയില്‍ 75 മെയില്‍/എക്‌സ്പ്രസ് ട്രെയിനുകളും 179 ലോക്കല്‍ ട്രെയിനുകളും ഉള്‍പ്പെടെ ആകെ 254 ട്രെയിനുകള്‍ റദ്ദാക്കി. ഡല്‍ഹിയെ ഗാസിയാബാദ്, മീററ്റ്, പാനിപ്പത്ത്, കുരുക്ഷേത്ര തുടങ്ങിയ സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്ന ഹ്രസ്വദൂര റൂട്ടുകളെ ഈ നടപടി ബാധിക്കും.

ഹൗറന്യൂഡല്‍ഹി രാജധാനി എക്‌സ്പ്രസ്, തേജസ് രാജധാനി എക്‌സ്പ്രസ്, മഗധ് എക്‌സ്പ്രസ്, സമ്പൂര്‍ണ്ണ ക്രാന്തി എക്‌സ്പ്രസ്, ഷാന്‍-ഇ-ഭോപാല്‍ എക്‌സ്പ്രസ് തുടങ്ങിയവ റദ്ദാക്കിയ ട്രെയിനുകളില്‍ ഉള്‍പ്പെടുന്നു. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍, കണോട്ട് പ്ലേസിലെ കടകള്‍, ഓഫീസുകള്‍, റെസ്റ്റോറന്റുകള്‍, മറ്റ് വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവ ശനിയാഴ്ച അടച്ചിടണമെന്ന് ന്യൂഡല്‍ഹി ട്രേഡേഴ്‌സ് അസോസിയേഷന്‍ നിര്‍ദ്ദേശിച്ചു.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഡല്‍ഹി എക്‌സൈസ് വകുപ്പ് പ്രഖ്യാപിച്ച രണ്ട് ദിവസത്തെ ഡ്രൈ ഡേ ഉത്തരവ് പ്രകാരം ശനിയാഴ്ച ഡല്‍ഹിയിലുടനീളമുള്ള മദ്യവില്‍പനശാലകള്‍ അടച്ചിടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma