ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെ ഡൽഹിയിൽ സംഘർഷം; പൊലീസ് സുരക്ഷ കർശനമാക്കി
ഡൽഹി: ഡല്‍ഹിയില്‍ ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെ സംഘർഷം. കല്ലേറിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. ഡൽഹി ജഹാംഗീർപുരിയിലാണ് സംഭവം നടന്നത്. പ്രദേശത്ത് സംഘർഷാവസ്ഥ നില നിൽക്കുന്നതായി പൊലീസ് വ്യക്തമാക്കി.
സംഘർഷത്തിന് പിന്നാലെ സുരക്ഷയ്ക്കായി നിരവധി പൊലീസ് ഉദ്യോഗസ്ഥരെ ജഹാംഗീർപുരിയിൽ വിന്യസിച്ചു. കല്ലേറിൽ പരിക്കേറ്റ പോലീസുകാർ ആശുപത്രികളിൽ ചികിത്സ തുടരുകയാണ്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടെന്നും സ്ഥിതി ഗതികൾ നിരീക്ഷിച്ച് വരികയാണ് എന്നും സ്‌പെഷ്യൽ സിപി ദേപേന്ദ്ര പതക് വ്യക്തമാക്കി.

ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ച് ഡല്‍ഹി ജഹാംഗീർപുരിയിൽ ഘോഷ യാത്ര നടന്നിരുന്നു. ഈ ഘോഷ യാത്രയ്ക്കിടെ രണ്ട് സമുദായങ്ങൾ തമ്മിൽ രൂക്ഷമായ വാക്ക് തർക്കം ഉണ്ടായി. തുടർന്ന് വാക്ക് തർക്കം സംഘർഷത്തിൽ എത്തി. സംഘർഷത്തിൽ ഘോഷ യാത്രയിൽ പങ്കെടുത്തവർ കല്ലെറിയുകയും ചെയ്തു. സംഭവത്തിൽ പൊതു മുതൽ നശിപ്പിക്കുകയും ചില വാഹനങ്ങൾ കത്തിക്കുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം, സംഘർഷം ഉണ്ടായതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സംഘത്തെ സ്ഥലത്ത് നിയോഗിച്ചു. സംഘർഷത്തിൽ പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പരിക്കേറ്റ ഉദ്യോഗസ്ഥരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പുറത്തു വിടുന്ന റിപ്പോർട്ട്.
അതേസമയം, ഡൽഹിയിൽ നടന്ന ആക്രമണത്തിന് പിന്നാലെ 14 ജില്ലകളിൽ പോലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോട് സംഘർഷം നടന്ന സ്ഥലം സ്ഥിതി ഗതികൾ വിലയിരുത്തുവാൻ നിർദ്ദേശം നൽകി. കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ ആണ് സുരക്ഷയുടെ ഭാഗമായി ഇവിടെ വിന്യസിച്ചിരിക്കുന്നത്. എന്നാൽ, പ്രദേശത്തെ ജനങ്ങളോട് സംയമനം പാലിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിർദ്ദേശിച്ചു. പൊലീസ് ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണിൽ ബന്ധപ്പെട്ടിരുന്നു.












Click it and Unblock the Notifications