വനിതാ കോളേജ് അതിക്രമത്തിനിരയായെന്ന് വിദ്യാർത്ഥികൾ: കൈമലർത്തി പോലീസ്.. സംഭവം ദില്ലിയിൽ?
ദില്ലി: ക്യാമ്പസിനുള്ളിൽ ലൈംഗികാതിക്രമത്തിനിരയായെന്ന ആരോപണവുമായി വിദ്യാർത്ഥിനികൾ. ദില്ലിയിലെ ഗാർഗി വിമൻസ് കോളേജ് വിദ്യാർത്ഥികളാണ് പോലീസും സുരക്ഷാ സേനയും നോക്കി നിൽക്കെ തങ്ങൾക്ക് നേരെ പുറത്തുനിന്നെത്തിയവരിൽ നിന്ന് അതിക്രമമുണ്ടായെന്ന് വെളിപ്പെടുത്തിയത്. കോളേജിലെ വാർഷികാഘോഷങ്ങൾക്കിടെയാണ് സംഭവം. ജയ് ശ്രീരാം മുഴക്കി എത്തിയവരാണ് സംഭവത്തിന് പിന്നിലെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നു. കോളേജിൽ സംഘടിപ്പിച്ച റിവറി ഫെസ്റ്റിനിടെ ഫെബ്രുവരി ആറിന് വൈകിട്ട് 6.30ഓടെയാണ് സംഭവം.
പൌരത്വ നിയമത്തെ എതിർക്കുന്ന സംസ്ഥാന സർക്കാരുകൾ വികാരം കൊണ്ട് കളിക്കുന്നു: നവാബ് മാലിക്

എത്തിയത് മദ്യപിച്ചവർ
30-35 വയസ് പ്രായം തോന്നിക്കുന്നവരാണ് ക്യാമ്പസിനുള്ളിലെത്തിയതെന്നും ഇവരിൽ പകുതി പേരും മദ്യപിച്ചിരുന്നുവെന്നുമാണ് വിദ്യാർത്ഥികൾ പറയുന്നത്. ക്യാമ്പസിനുള്ളിൽ വെച്ച് ഇവർ പുകവലിച്ചുവെന്നും ഇതിന്റെ ദൃശ്യങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും വിദ്യാർത്ഥികൾ അവകാശപ്പെടുന്നു. ക്യാമ്പസിലെത്തിയവർ വിദ്യാർത്ഥിനികളെ പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നുവെന്നും വിദ്യാർത്ഥികൾ പറയുന്നു.

പോലീസും ദ്രുതകർമ സേനയും ക്യാമ്പസിൽ
സംഭവം നിയന്ത്രിക്കാൻ അധികൃതർ ഒന്നും ചെയ്തില്ലെന്നും ഈ സമയത്ത് ദ്രുതകർമ സേന ഉദ്യോസ്ഥരുൾപ്പെടെ ക്യാമ്പസ്സിനകത്തുണ്ടായിരുന്നുവെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാണിക്കുന്നു. ഇതിന്റെ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നുമാണ് വിദ്യാർത്ഥികൾ അവകാശപ്പെടുന്നത്. വിദ്യാർത്ഥികളെ ഉദ്ധരിച്ച് എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

വിദ്യാർത്ഥികളെ അപമാനിച്ചു?
പരിപാടി നടക്കുമ്പേൾ നിരവധി പേർ ക്യാമ്പസിനകത്തെത്തിയെന്നും വിദ്യാർത്ഥികൾക്ക് മുമ്പിൽ വെച്ച് ചിലർ സ്വയംഭോഗം ചെയ്തുുവെന്നും വിദ്യാർത്ഥികൾ പറയുന്നു. സംഭവം കോളേജ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി തിങ്കളാഴ്ച ക്യാമ്പസിനകത്ത് പ്രതിഷേധം സംഘടിപ്പിക്കാനാണ് വിദ്യാർത്ഥികളുടെ നീക്കും.

സംഭവത്തെക്കുറിച്ച് അറിയില്ലെന്ന്
എന്നാൽ ക്യാമ്പസിനുള്ളിൽ വെച്ച് വിദ്യാർത്ഥിനികൾക്ക് നേരെ അതിക്രമമുണ്ടായ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് പ്രിൻസിപ്പൽ പറയുന്നത്. പ്രിൻസിപ്പൽ പ്രൊമീള കുമാറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി ഐഎഎൻഎസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഇത് ഗുരുതരമായ സംഭവമാണെന്നും അടിയന്തരമായി ഇടപെടുമെന്നും വ്യക്തമാക്കിയ അവർ ദൌർഭാഗ്യവശാൽ ആരും റിപ്പോർട്ട് ചെയ്തില്ലെന്നും പ്രിൻസിപ്പൽ പറയുന്നു.

പരാതി ലഭിച്ചില്ലെന്ന് പോലീസും അധികൃതരും
"പരിപാടിക്കായി അധ്യാപകർക്കും ഇതര ജീവനക്കാർക്കും പുറമേ പോലീസിനെയും കമാൻഡോകളെയും വിന്യസിച്ചിരുന്നു. ഇത്തരത്തിലൊരു സംഭവമുണ്ടായതായി ആരും ഞങ്ങളോട് റിപ്പോർട്ട് ചെയ്തില്ല. ഞങ്ങൾ ആൾക്കൂട്ടത്തിനിടയിലൂടെ നടന്നിരുന്നു. എന്നാൽ ആളുകൾ തിങ്ങി നിറഞ്ഞിരുഞ്ഞതിനാൽ ഞങ്ങൾക്ക് സംശയം തോന്നിയില്ല. ഞങ്ങൾ ജാഗരൂകരായിരുന്നുവെങ്കിലും ഇത്തരം സംഭവങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല" പ്രിൻസിപ്പൽ പറയുന്നു. സംഭവത്തിൽ വിദ്യാർത്ഥികളിൽ നിന്നോ കോളേജ് അധികൃതരിൽ നിന്നോ പരാതി ലഭിച്ചില്ലെന്നാണ് ദില്ലി പോലീസ് പിടിഐയോട് പ്രതികരിച്ചത്.