ഫെബ്രുവരി 20ന് തൂക്കിലേറ്റണം, പുതിയ മരണ വാറണ്ട് ഇറക്കണം; ജയില്‍ അധികൃതരുടെ ഹര്‍ജി കോടതി തള്ളി
ദില്ലി: നിര്‍ഭയ കൂട്ട ബലാല്‍സംഗ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ മരണവാറണ്ട് പുറപ്പെടുവിക്കണമെന്ന തിഹാര്‍ ജയില്‍ അധികൃതരുടെ ആവശ്യം ദില്ലി കോടതി തള്ളി. ഫെബ്രുവരി 20ന് വധശിക്ഷ നടപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കിയ ശേഷമേ ശിക്ഷ നടപ്പാക്കാന്‍ സാധിക്കൂ എന്ന് വിചാരണ പാട്യാല ഹൗസ് കോടതി വ്യക്തമാക്കി.

പ്രതികളുടെ ഹര്‍ജികള്‍ തള്ളിയ ശേഷം എല്ലാ നിയമനടപടികളും പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് ഒരാഴ്ച സമയം ദില്ലി ഹൈക്കോടതി നല്‍കിയിരുന്നു. ഇതിനിടെയാണ് ജയില്‍ അധികൃതര്‍ വിചാരണ കോടതിയെ സമീപിച്ചത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മരണവാറണ്ട് പുറപ്പെടുവിക്കേണ്ടത്. അതിപ്പോള്‍ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.
വധശിക്ഷയ്ക്കുള്ള മരണ വാറണ്ട് അനിശ്ചിത കാലത്തേക്ക് വിചാരണ കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ദില്ലി ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. പ്രതികളുടെ ശിക്ഷ വെവ്വേറെ നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിചാരണ കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യാന്‍ ആകില്ലെന്നും ഹൈക്കോടതി പറഞ്ഞു.
തിഹാര്‍ ജയില്‍ ചട്ടപ്രകാരം ഒരു കേസിലെ പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്താന്‍ സാധിക്കില്ല. ഏതെങ്കിലും പ്രതിയുടെ അപ്പീല്‍ നിലനില്‍ക്കുമ്പോഴാണ് മറ്റു പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ സാധിക്കാത്തത്. അതേസമയം, എല്ലാ നിയമപരമായ നടപടികളും ഒരാഴ്ച്ചക്കകം തീര്‍ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഒരാഴ്ച കഴിഞ്ഞാല്‍ ശിക്ഷ നടപ്പാക്കാനുള്ള നടപടികള്‍ വിചാരണ കോടതി ആരംഭിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഫെബ്രുവരി ഒന്നിന് നിര്‍ഭയ കേസിലെ നാല് പ്രതികളെയും തൂക്കിലേറ്റാന്‍ തീരുമാനിക്കുകയും മരണ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ചില പ്രതികള്‍ രാഷ്ട്രപതിയെ ദയാഹര്‍ജിയുമായി സമീപിച്ചു. രാഷ്ട്രപതി തള്ളിയതിനെ തുടര്‍ന്ന് ഇത് ചോദ്യം ചെയ്ത് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. പ്രതികളില്‍ ഓരോരുത്തല്‍ വെവ്വേറെ ഹര്‍ജികള്‍ സമര്‍പ്പിച്ചതാണ് നടപടികള്‍ നീണ്ടുപോകാന്‍ കാരണം.
നിര്‍ഭയ കേസിലെ നാല് പ്രതികള്‍ക്കാണ് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. 2012 ഡിസംബര്‍ 16നാണ് കോളിളക്കം സൃഷ്ടിച്ച നിര്‍ഭയ സംഭവം. 23കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഓടുന്ന ബസ്സില്‍ വച്ച് ആറ് പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്യുകയും റോഡിലേക്ക് എടുത്തെറിയുകയുമായിരുന്നു. ചികില്‍സക്കിടെ സിംഗപ്പൂരിലെ ആശുപത്രിയില്‍ വച്ച് പെണ്‍കുട്ടി മരിച്ചു.












Click it and Unblock the Notifications