
രാഷ്ട്രപിതാവിനെതിരെ പോലും സംസാരിച്ചു; ഷര്‍ജീല്‍ ഇമാമിനെതിരായ ഉത്തരവില്‍ ദല്‍ഹി കോടതി
ന്യൂദല്‍ഹി: ജെ എന്‍ യു വിദ്യാര്‍ത്ഥിയായ ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്താനുള്ള ഉത്തരവില്‍ കോടതി നടത്തിയത് ഗുരുതര പരാമര്‍ശങ്ങള്‍. ഷര്‍ജീലിന്റെ പ്രസംഗങ്ങള്‍ മുസ്ലീങ്ങളെ ലക്ഷ്യം വച്ചുള്ളതും അവര്‍ അസ്തിത്വ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് കാണിക്കുന്നതും ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതും ഭരണകൂട സ്ഥാപനങ്ങളോട് വിദ്വേഷം ഉളവാക്കുന്നതുമാണെന്ന് ദല്‍ഹി കോടതി നിരീക്ഷിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി എ എ) അലിഗഡ് മുസ്ലീം സര്‍വകലാശാലയിലും ദല്‍ഹിയിലെ ജാമിയയിലും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്ന് പറഞ്ഞ് ഷര്‍ജീല്‍ ഇമാമിനെതിരെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് തിങ്കളാഴ്ച കുറ്റം ചുമത്തിയിരുന്നു.
ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ ലക്ഷ്മണ രേഖ കടന്നോ എന്നതാണ് പരിശോധിക്കേണ്ടത്. ജുഡീഷ്യല്‍ വിധിന്യായങ്ങള്‍ നിശ്ചയിച്ചിട്ടുള്ള അതിരുകള്‍ ലംഘിക്കുന്നിടത്ത് നിയമം കടന്നുവരുമെന്നും കോടതി പറഞ്ഞു. ഭരണഘടനയാലും ഭരണഘടന ഉണ്ടാക്കിയവരാലും അത് സംരക്ഷിക്കേണ്ടവരാലും ഒരു സമുദായമെന്ന നിലയില്‍ മുസ്ലിങ്ങള്‍ ഒറ്റപ്പെട്ടുവെന്ന് അവരെ ബോധ്യപ്പെടുത്താനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് കോടതി പറഞ്ഞു.
അന്വേഷണ സംഘത്തെ കബിളിപ്പിച്ച് ദിലീപ്; പഴയ ഫോൺ മാറ്റി..നൽകിയത് പുതിയ ഫോണുകൾ
രാഷ്ട്രപിതാവിനെതിരെ പോലും ഷര്‍ജീല്‍ ഇമാം ക്രൂരമായ പ്രസ്താവനകള്‍ നടത്തിയെന്ന് അതില്‍ പറയുന്നു. ഷര്‍ജീലിന്റെ പ്രസംഗങ്ങളില്‍ അക്രമത്തിന് പ്രേരണ സൃഷ്ടിക്കുന്ന പ്രവണത ഉണ്ടെന്നും അവ ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയെയും പരമാധികാരത്തെയും വെല്ലുവിളിക്കുന്നതായും കാണുന്നു. പ്രഥമദൃഷ്ട്യാ, മതഗ്രൂപ്പുകളെ വികാരപരമായ വിഷയങ്ങളില്‍ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്ന് കോടതി പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടന പ്രകാരം പൗരന്മാര്ക്ക് അനുവദിച്ചിരിക്കുന്ന മൗലികാവകാശങ്ങളുടെ അനിഷേധ്യത അടിവരയിടാന്‍ തുടക്കത്തില്‍ തന്നെ താന്‍ ആഗ്രഹിക്കുന്നുവെന്ന് എ എസ് ജെ റാവത്ത് പറഞ്ഞു. എന്നിരുന്നാലും, അത്തരം അവകാശം ന്യായമായ നിയന്ത്രണങ്ങള്‍ക്ക് വിധേയമാണ് എന്നും കോടതി മുന്നറിയിപ്പ് നല്കി.
വെറും ദേശീയത....അല്ലാതെ സീറ്റ് മോഹിച്ചല്ല; ബിജെപിയില്‍ എത്തിയതിന്റെ കാരണം വ്യക്തമാക്കി അപര്‍ണ യാദവ്
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ(രാജ്യദ്രോഹം), 153 എ(മതത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത വിഭാഗങ്ങളില്‍ ശത്രുത വളര്‍ത്തല്‍), 153 ബി (തെറ്റായ ആരോപണം, രാജ്യത്തിന്റെ ഐക്യത്തിനു വിഘാതമായ പ്രസ്താവം), 505(പൊതുദ്രോഹത്തിനു വഴിയൊരുക്കുന്ന പ്രസ്താവനകള്‍), യു എ പി എയിലെ 13 (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ശിക്ഷ) വകുപ്പുകള്‍ പ്രകാരമാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് ഷര്‍ജീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
അതേസമയം താന്‍ ഒരു തീവ്രവാദിയല്ലെന്ന് ഷര്‍ജീല്‍ ഇമാം കോടതിയില്‍ പറഞ്ഞു. താന്‍ ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്ന വിചാരണ നിയമസംവിധാനത്തിലുള്ള ഒരു സര്‍ക്കാരിന്റേതല്ലെന്നും ഒരു രാജഭരണത്തിന്റെ പ്രഹരമാണെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. 2020 ജനുവരിയിലാണ് ഷര്‍ജീല്‍ ഇമാം ജുഡീഷ്യല്‍ കസ്റ്റഡിയിലായത്.
പദ്മഭൂഷൺ നിരസിച്ച് ബുദ്ധദേബ് ഭട്ടാചാര്യ; തിരുമാനം പാർട്ടിയുമായി ആലോചിച്ചെന്ന്
2019 ഡിസംബറില്‍ ജാമിയ മിലിയ, അലിഗഡ് എന്നീ സര്‍വകലാശാലകളില്‍ വിദ്വേഷം ജനിപ്പിക്കുന്ന രീതിയില്‍ പ്രസംഗിച്ചു എന്നതിനായിരുന്നു ഷര്‍ജീല്‍ ഇമാം അറസ്റ്റിലായത്.അസം അടക്കമുള്ള ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍തിരിക്കുമെന്ന രീതിയില്‍ പ്രസംഗിച്ചു എന്നായിരുന്നു ഷര്‍ജീല്‍ ഇമാമിനെതിരായ കേസ്.