
വിഐപികള്‍ മാത്രം പങ്കെടുത്ത ചടങ്ങ്; മോഷണം പോയത് 9 ഫോണുകള്‍... അന്വേഷണം
ന്യൂഡല്‍ഹി: ഡിഎംകെയുടെ ഡല്‍ഹി ഓഫീസ് ഉദ്ഘാടനത്തിന് എത്തിയത് രാജ്യത്തെ പ്രധാന പ്രതിപക്ഷ നേതാക്കളാണ്. തിരഞ്ഞെടുക്കപ്പെട്ടവര്ക്കായിരുന്നു ക്ഷണം. സോണിയ ഗാന്ധി, അഖിലേഷ് യാദവ്, ഫാറൂഖ് അബ്ദുല്ല തുടങ്ങി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങ് ദേശീയ രാഷ്ട്രീയ നേതാക്കള്‍ ഉറ്റുനോക്കുന്നതായിരുന്നു. ഡല്‍ഹിയില്‍ കണ്ണായ സ്ഥലത്ത് ഓഫീസ് വരുന്നതോടെ ഒട്ടേറെ രാഷ്ട്രീയ ലക്ഷ്യങ്ങളാണ് ഡിഎംകെയ്ക്കുള്ളത്. എന്നാല്‍ പരിപാടിയുടെ അന്തസ്സിന് കോട്ടം തട്ടുന്ന രീതിയില്‍ മറ്റൊരു വാര്‍ത്ത വന്നു. ഡിഎംകെ ഓഫീസ് ഉദ്ഘാടന വേളയില്‍ അതിഥികളുടെ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു.
ഡിഎംകെ എംപി തമിലാച്ചി തങ്കപാണ്ഡ്യന്‍ ഉള്‍പ്പെടെ 9 പേരുടെ ഫോണുകളാണ് മോഷ്ടിക്കപ്പെട്ടതത്രെ. ഡല്‍ഹി പോലീസില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു. ഓഫീസ് ഉദ്ഘാടനത്തിന് പ്രതിപക്ഷ നേതാക്കള്‍ക്ക് പുറമെ ഡിഎംകെയുടെ എംപിമാരും മന്ത്രിമാരും പങ്കെടുത്തിരുന്നു. ഓഫീസ് അങ്കണത്തില്‍ വിഐപികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. എന്നാല്‍ കവാടത്തില്‍ ഡിഎംകെ പ്രവര്‍ത്തകരും പ്രദേശവാസികളും ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ ഒത്തുകൂടിയിരുന്നു. എവിടെ വച്ചാണ് ഫോണുകള്‍ മോഷ്ടിക്കപ്പെട്ടത് എന്ന് വ്യക്തമല്ല. തമിലച്ചി തങ്കപാണ്ഡ്യന്റെ ഐഫോണ്‍ ആണ് മോഷ്ടിക്കപ്പെട്ടത്.
ഡല്‍ഹിയിലെ ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗില്‍ 2013ലാണ് ഡിഎംകെയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ സ്ഥലം നല്‍കിയത്. ഇവിടെ പാര്‍ട്ടിയുടെ ദേശീയ ഓഫീസ് നിര്‍മിക്കാന്‍ തീരുമാനിച്ചു. അണ്ണാ കലൈഞ്ജര്‍ അറിവാലയം എന്നാണ് ഡിഎംകെയുടെ ഓഫീസിന്റെ പേര്. 8000 ചതുരത്ര അടിയില്‍ മൂന്ന് നിലകളിലാണ് ഓഫീസ്. തമിഴ്നാട് മുന്‍ മുഖ്യമന്ത്രിമാരുടെ ചിത്രങ്ങള്‍ ഓഫീസിലേക്ക് കയറിവരുന്ന സ്ഥലത്ത് തന്നെ സ്ഥാപിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് ഉദ്ഘാടന പരിപാടി ആരംഭിച്ചത്. പരിപാടി കഴിഞ്ഞ ശേഷമാണ് തമിലച്ചി തങ്കപാണ്ഡ്യന്റെ ഐഫോണ്‍ മോഷണം പോയി എന്ന വാര്‍ത്ത വന്നത്. ദുരൂഹമായ സാഹചര്യത്തില്‍ ആരെയും കണ്ടിട്ടില്ല എന്നാണ് നേതാക്കളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. എംപി വരുമ്പോള്‍ ബാഗില്‍ ഫോണുണ്ടായിരുന്നു എന്നാണ് എംപി പറയുന്നത്. ഒരുപക്ഷേ അവര്‍ ഫോണെടുക്കാന്‍ മറന്നതാകാമെന്നും പോലീസ് കരുതുന്നു. പോലീസ് അന്വേഷണം തുടങ്ങിയതോടെയാണ് മാധ്യമങ്ങളില്‍ വാര്‍ത്തയായത്.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍സി നേതാവ് ഫാറൂഖ് അബ്ദുല്ല, തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്ര തുടങ്ങി നിരവധി പ്രമുഖരാണ് ഉദ്ഘാടനത്തിന് എത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ്, തെലുങ്ക് ദേശം പാര്‍ട്ടി, സിപിഐ, ബിജെഡി, ശിരോമണി അകാലിദള്‍ തുടങ്ങിയ പാര്‍ട്ടി പ്രതിനിധികളും ഉദ്ഘാടനത്തിന് എത്തി. തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിനാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. സോണിയ ഗാന്ധി ലൈബ്രറി ഉദ്ഘാടനം ചെയ്തു.