ഒറ്റ വര്‍ഷം മദ്യനികുതിയില്‍ നിന്ന് ഡല്‍ഹിക്ക് 5000 കോടി വരുമാനം, പാലില്‍ നിന്ന് 200 കോടി
ന്യൂഡല്‍ഹി: ഈ സാമ്പത്തിക വര്‍ഷം മദ്യത്തിന്റെ നികുതിയില്‍ നിന്ന് 5000 കോടി രൂപയിലധികം വരുമാനം ലഭിച്ചതായി ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹി നിയമസഭയില്‍ ബിജെപി എംഎല്‍എ അഭയ് വര്‍മ്മ ചോദിച്ച ചോദ്യത്തിന് മറുപടിയായാണ് സര്‍ക്കാരിന്റെ വിശദീകരണം. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ പാല്‍, പാല്‍ ഉല്‍പന്നങ്ങളില്‍ നിന്ന് വെറും 210 കോടി രൂപ മാത്രമാണ് വരുമാനം ലഭിച്ചത് എന്നും ഡല്‍ഹി സര്‍ക്കാര്‍ നിയമസഭയെ അറിയിച്ചു.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ മദ്യ വില്‍പ്പനയില്‍ എക്‌സൈസ് തീരുവ, വാറ്റ് (മൂല്യവര്‍ദ്ധിത നികുതി) എന്നിവയിലൂടെ 5068.92 കോടി രൂപ വരുമാനം ലഭിച്ചു. പാലില്‍ നിന്നും പാല്‍ ഉല്‍പന്നങ്ങളില്‍ നിന്നുമുള്ള ജിഎസ്ടി വരുമാനം 209.9 കോടി രൂപയാണ്. ഫെബ്രുവരി വരെയുള്ള കണക്കുകളാണ് ഇവ രണ്ടും. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് എഎപിയെ ബിജെപി നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കെയാണ് ഈ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടുന്നത്.

മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മദ്യനയ അഴിമതിക്കേസില്‍ ജയിലിലായിരുന്നു. കഴിഞ്ഞ മാസം നടന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി തോല്‍ക്കുന്നതില്‍ ഈ വിഷയം വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തല്‍. 2023-24 ല്‍ മദ്യ വില്‍പനയിലൂടെ 5164 കോടി രൂപയും 2022-23ല്‍ 5547 കോടി രൂപയും 2021-22ല്‍ 5,487 കോടി രൂപയും നികുതിയായി പിരിച്ചു.
2021 നവംബര്‍ മുതല്‍ 2022 ഓഗസ്റ്റ് വരെ എഎപി സര്‍ക്കാരിന് കീഴില്‍ ഡല്‍ഹിയില്‍ പുതിയ മദ്യനയം നടപ്പിലാക്കിയതിനാല്‍ സ്വകാര്യ കടകള്‍ക്ക് മാത്രമേ മദ്യം വില്‍ക്കാന്‍ അനുവാദമുണ്ടായിരുന്നുള്ളൂവെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എന്നിരുന്നാലും, 2022 സെപ്റ്റംബറില്‍ പഴയ മദ്യനയം വീണ്ടും നടപ്പിലാക്കിയപ്പോള്‍ സര്‍ക്കാര്‍ മദ്യശാലകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയരുന്നു.
കരിഞ്ചന്ത തടയുക, സര്‍ക്കാര്‍ വരുമാനം വര്‍ധിപ്പിക്കുക, ഉപഭോക്താക്കള്‍ക്ക് അനുഭവം മെച്ചപ്പെടുത്തുക എന്നിവയാണ് പുതിയ മദ്യനയത്തിലൂടെ ലക്ഷ്യമിടുന്നത് എന്ന് ആം ആദ്മി പാര്‍ട്ടി അന്ന് അവകാശപ്പെട്ടിരുന്നു. 2023-24 ല്‍ ഡല്‍ഹിയില്‍ 21.27 കോടി ലിറ്റര്‍ മദ്യമാണ് വിറ്റത്. അതായത് പ്രതിദിനം 5.82 ലക്ഷം ലിറ്റര്‍. 2022-23 ലെ കണക്ക് 25.84 കോടി ലിറ്ററായിരുന്നു. 2024-25 ലെ 210 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 2023-24 ല്‍ പാല്‍ വില്‍പ്പനയില്‍ നിന്ന് സര്‍ക്കാരിന് ഏകദേശം 300 കോടി രൂപയും 2022-23 ല്‍ 365 കോടി രൂപയും ലഭിച്ചു.












Click it and Unblock the Notifications