വിദ്യാസമ്പന്നര്‍ക്ക് വീട്ടിലിരിക്കേണ്ടി വരില്ല; ഡല്‍ഹിയിലെ തൊഴിലില്ലായ്മ ഇല്ലാതാക്കുമെന്ന് കെജ്രിവാള്‍
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയാല്‍ ഡല്‍ഹിയിലെ തൊഴിലില്ലായ്മ ഇല്ലാതാക്കുമെന്ന് പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുക എന്നതായിരിക്കും തങ്ങളുടെ മുന്‍ഗണനയെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ അതിന് വേണ്ട ആസൂത്രണങ്ങളാണ് തന്റെ ടീം ചെയ്യുന്നത് എന്നും അദ്ദേഹം അവകാശപ്പെട്ടു.
'അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ ഡല്‍ഹിയിലെ തൊഴിലില്ലായ്മ ഇല്ലാതാക്കുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ 10 വര്‍ഷമായി തങ്ങളുടെ സര്‍ക്കാര്‍ സാധാരണക്കാരുടെ ജീവിതത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, വെള്ളം, റോഡ് തുടങ്ങിയ മേഖലകളില്‍ ഞങ്ങള്‍ വിപുലമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.,' അദ്ദേഹം പറഞ്ഞു.

എന്നാല്‍ നമ്മുടെ കുട്ടികള്‍ വിദ്യാസമ്പന്നരായിട്ടും ജോലി തേടി വീട്ടില്‍ ഇരിക്കുന്നത് തന്നെ സങ്കടപ്പെടുത്തുന്നു എന്നും ഈ കുട്ടികളാണ് മോശം കൂട്ടുകെട്ടില്‍ വീഴുകയും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതില്‍ നിന്ന് അവരെ തിരികെ കൊണ്ടുവരുന്നത് ബുദ്ധിമുട്ടാണ് എന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മ കാരണം കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്.
'അതിനാല്‍, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തൊഴില്‍ നല്‍കാനാണ് മുന്‍ഗണന എന്ന് ഞങ്ങള്‍ തീരുമാനിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, വെള്ളം, മെട്രോ തുടങ്ങിയ മേഖലകളില്‍ ഞങ്ങള്‍ തുടര്‍ന്നും പ്രവര്‍ത്തിക്കും. എന്നാല്‍ ഡല്‍ഹിയിലെ തൊഴിലില്ലായ്മ ഇല്ലാതാക്കുക എന്നതായിരിക്കും ഞങ്ങളുടെ പ്രധാന ശ്രദ്ധാകേന്ദ്രം, കുട്ടികള്‍ക്ക് എങ്ങനെ ജോലി ലഭിക്കുമെന്ന് ആസൂത്രണം ചെയ്യുന്നതില്‍ എന്റെ ടീം പ്രവര്‍ത്തിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിഷി, മനീഷ് സിസോദിയ, ഗോപാല്‍ റായ്, ജാസ്മിന്‍ ഷാ, രാഘവ് ഛദ്ദ, സഞ്ജയ് സിംഗ്, സത്യേന്ദര്‍ ജെയിന്‍, സൗരഭ് ഭരദ്വാജ് എന്നിവര്‍ അടങ്ങുന്ന ഒരു മികച്ച ടീം തങ്ങള്‍ക്കുണ്ട് എന്നും ഇവരെല്ലാം വിദ്യാസമ്പന്നരും പ്രതിജ്ഞാബദ്ധരുമായ ആളുകളാണ് എന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ തൊഴിലില്ലായ്മ എങ്ങനെ ഇല്ലാതാക്കാമെന്ന് കണ്ടെത്താനുള്ള ചുമതല താന്‍ അവരെ ഏല്‍പ്പിച്ചിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5 ന് ഒറ്റ ഘട്ടമായാണ് നടക്കുന്നത്. ഫെബ്രുവരി 8 ന് വോട്ടെണ്ണല്‍ നടക്കും. ഡല്‍ഹിയിലെ 70 നിയമസഭാ സീറ്റുകളിലേക്ക് ആകെ 699 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഡല്‍ഹിയില്‍ 15 വര്‍ഷം തുടര്‍ച്ചയായി അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും സീറ്റുകളൊന്നും നേടാനായിരുന്നില്ല.
2015, 2020 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ആകെയുള്ള 70 സീറ്റുകളില്‍ യഥാക്രമം 67, 62 സീറ്റുകള്‍ നേടി എഎപിയാണ് ആധിപത്യം പുലര്‍ത്തിയത്. അതേസമയം ബിജെപിക്ക് ഈ തിരഞ്ഞെടുപ്പുകളില്‍ മൂന്ന്, എട്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.












Click it and Unblock the Notifications