'എഎപി നേതാക്കള്‍ക്ക് 15 കോടിയും മന്ത്രിസ്ഥാനവും'; കെജ്രിവാളിന് നോട്ടീസ് അയച്ച് അഴിമതി വിരുദ്ധ സെല്‍
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് ബിജെപി കൈക്കൂലി നല്‍കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ നടപടിയുമായി ഡല്‍ഹി സര്‍ക്കാരിന്റെ ആന്റി കറപ്ഷന്‍ ബ്യൂറോ (എസിബി). അന്വേഷണത്തില്‍ സഹകരിക്കണം എന്നാവശ്യപ്പെട്ട് എസിബി ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന് നോട്ടീസ് അയച്ചു. എഎപി സ്ഥാനാര്‍ത്ഥികള്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ ഡല്‍ഹിയിലെ ജിഎന്‍സിടി എസിബി അന്വേഷണം നടത്തുകയാണ്.
ഈ ആരോപണങ്ങള്‍ വളരെ ഗൗരവമുള്ളതാണ് എന്നും അതിനാല്‍ വിഷയത്തില്‍ വസ്തുത കണ്ടെത്താന്‍ എസിബിയുടെ അടിയന്തര അന്വേഷണവും ഇടപെടലും ആവശ്യമാണ് എന്നും കെജ്രിവാളിന് നല്‍കിയ എസിബി നോട്ടീസില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ ചോദ്യം ചെയ്യലിനായി ഹാജരാകണം എന്നും കെജ്രിവാളിനോട് എസിബി പറഞ്ഞു. എഎപിയുടെ 16 എംഎല്‍എമാര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലിനോട് യോജിക്കുന്നുണ്ടോ എന്ന് എസിബി കെരിവാളിനോട് ചോദിച്ചു.

കൈക്കൂലി വാഗ്ദാനം ചെയ്ത് ഫോണ്‍കോളുകള്‍ ലഭിച്ച 16 എംഎല്‍എമാരുടെ വിവരങ്ങളും ആരാണ് വിളിച്ചത് എന്നത് സംബന്ധിച്ച വിവരങ്ങളും ഹാജരാക്കണം എന്നും എസിബി ആവശ്യപ്പെട്ടിട്ടുണ്ട്. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിക്കുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതിന് പിന്നാലെയാണ് 16 ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് മന്ത്രി സ്ഥാനവും പക്ഷം മാറിയാല്‍ 15 കോടി രൂപ വീതവും വാഗ്ദാനം ചെയ്തതായി അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചത്.
'എക്‌സിറ്റ് പോളുകള്‍ കാണിക്കുന്നത് ബിജെപിക്ക് 55-ല്‍ അധികം സീറ്റുകള്‍ ലഭിക്കും എന്നാണ്. കഴിഞ്ഞ രണ്ട് മണിക്കൂറിനുള്ളില്‍ ഞങ്ങളുടെ 16 സ്ഥാനാര്‍ത്ഥികള്‍ക്ക് ആം ആദ്മി പാര്‍ട്ടി വിട്ടാല്‍ അവരെ മന്ത്രിമാരാക്കുമെന്നും 15 കോടി രൂപ വീതം നല്‍കുമെന്നും അറിയിച്ചുള്ള കോളുകള്‍ ലഭിച്ചിട്ടുണ്ട്,' എന്നായിരുന്നു കെജ്രിവാളിന്റെ ട്വീറ്റ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേനയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് എസിബി കേസെടുത്തത്.
എസിബി സംഘം കെജ്രിവാളിന്റെ വീട്ടിലെത്തി. എന്നാല്‍ ബിജെപിയുടെ സ്വാധീനത്തില്‍ പ്രവര്‍ത്തിക്കുന്നെന്ന് ആരോപിച്ച് എഎപി നേതാക്കള്‍ എസിബി ഉദ്യോഗസ്ഥരെ തടഞ്ഞു. ഇത് നേരിയ സംഘര്‍ഷത്തിനും ഇടയാക്കി. അനുവദിക്കാത്തതിനെത്തുടര്‍ന്ന് സ്ഥിതി സംഘര്‍ഷഭരിതമായി. എസിബിക്ക് അന്വേഷണത്തിനുള്ള വാറണ്ടോ ഉത്തരവോ ഇല്ലെന്ന് എഎപിയുടെ ലീഗല്‍ സെല്‍ മേധാവി സഞ്ജീവ് നസിയാര്‍ പറഞ്ഞു.
കെജ്രിവാളില്‍ നിന്ന് പരാതി സ്വീകരിക്കാനാണ് തങ്ങളെ അയച്ചതെന്നാണ് എസിബി സംഘം പറഞ്ഞത് എന്ന് എഎപി നേതാക്കള്‍ പിന്നീട് പറഞ്ഞു. എന്നാല്‍ എഎപി രാജ്യസഭാ എംപി സഞ്ജയ് സിംഗ് പരാതി നല്‍കാന്‍ എസിബി ഓഫീസിലേക്ക് പോയിട്ടുണ്ട് എന്നും ഇത് ബിജെപിയുടെ രാഷ്ട്രീയ സ്റ്റണ്ട് മാത്രമാണെന്നും നസിയാര്‍ പറഞ്ഞു.












Click it and Unblock the Notifications