'ജാട്ട് സമുദായത്തെ എന്നാണ് ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്?'; മോദിയോട് കെജ്രിവാള്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജാട്ട് സമുദായത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള്‍. ജാട്ട് നേതാക്കളുടെ പ്രതിനിധി സംഘവുമായി കെജ്രിവാള്‍ അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെ 70 നിയമസഭാ മണ്ഡലങ്ങളില്‍ സമുദായത്തിന് ഗണ്യമായ വോട്ടുകള്‍ ഉണ്ട്. അതിനാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കെജ്രിവാളിന്റെ നീക്കം.
'ഇവിടെയുള്ള ജാട്ടുകള്‍ ഡല്‍ഹിയിലെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പക്ഷേ കേന്ദ്രത്തിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. രാജസ്ഥാനില്‍ നിന്നുള്ള ജാട്ടുകള്‍ക്ക് ഡല്‍ഹി സര്‍വകലാശാലയിലും അതിന്റെ കോളേജുകളിലും പ്രവേശനം, എയിംസ്, സഫ്ദര്‍ജംഗ് ഹോസ്പിറ്റല്‍, എല്ലാ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലികള്‍ എന്നിവ ലഭിക്കും, എന്നാല്‍ ഡല്‍ഹിയിലെ ജാട്ടുകള്‍ക്ക് അതില്ല,' കെജ്രിവാള്‍ പറഞ്ഞു.

രാജ്യത്തെ രണ്ട് മുന്‍നിര നേതാക്കളായ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഡല്‍ഹിയിലെ ജാട്ട് സമുദായത്തിന് കേന്ദ്ര തലത്തില്‍ ഒബിസി സംവരണം നല്‍കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലെ ജാട്ടുകളെ കേന്ദ്രത്തിന്റെ ഒബിസി പട്ടികയില്‍ എപ്പോഴാണ് ഉള്‍പ്പെടുത്തുക എന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ 10 വര്‍ഷമായി സംവരണ വിഷയത്തില്‍ ബിജെപി അനീതിയാണ് കാണിക്കുന്നത്. ഡല്‍ഹിയിലെ ജാട്ടുകളെ കേന്ദ്രത്തിന്റെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചതായി കെജ്രിവാള്‍ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ജാട്ട് സമുദായത്തിന്റെ ന്യായമായ ആവശ്യത്തെ ആം ആദ്മി പാര്‍ട്ടി പിന്തുണയ്ക്കുന്നു എന്നും കെജ്രിവാള്‍ വ്യക്തമാക്കി.
എന്നാല്‍ കെജ്രിവാളിന്റെ ആവശ്യം തിരഞ്ഞെടുപ്പ് ഗിമ്മിക്ക് മാത്രമാണ് എന്നാണ് ബിജെപി പ്രതികരിച്ചത്. കഴിഞ്ഞ 10 വര്‍ഷമായി ഡല്‍ഹിയില്‍ പൂര്‍ണ ഭൂരിപക്ഷത്തോടെ അധികാരത്തിലിരുന്ന ആം ആദ്മി സര്‍ക്കാര്‍ ഈ വിഷയം നിയമസഭയിലോ ഏതെങ്കിലും പൊതുവേദിയിലോ ഉന്നയിച്ചിട്ടില്ല എന്നും സംവരണം അനുവദിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ വിഷയമാണ് എന്ന് ബിജെപിയുടെ ലോക്സഭാ എംപി കമല്‍ജീത് സെഹ്രാവത് പറഞ്ഞു.
ഡല്‍ഹിയിലെ ജാട്ട് സമുദായത്തെ കേന്ദ്ര സംവരണത്തില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് കെജ്രിവാളിനോട് പലതവണ പറഞ്ഞിരുന്നതായി പാര്‍ട്ടി വിട്ട കൈലാഷ് ഗഹ്ലോട്ടും പറഞ്ഞു. ഡല്‍ഹിയിലെ ജാട്ട് സമുദായത്തെ കേന്ദ്ര സംവരണത്തില്‍ ഉള്‍പ്പെടുത്താത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സര്‍ക്കാരാണ് എന്ന് സെഹ്‌റാവത്് പറഞ്ഞു.












Click it and Unblock the Notifications