ഡല്‍ഹി തിരഞ്ഞെടുപ്പിന് എന്തിന് ഗുജറാത്തിലെ പൊലീസ് എന്ന് കെജ്രിവാള്‍; പരിഹസിച്ച് ബിജെപി
ന്യൂഡല്‍ഹി: വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് ഗുജറാത്തില്‍ നിന്ന് സ്റ്റേറ്റ് റിസര്‍വ് പോലീസ് ഫോഴ്സിന്റെ (എസ്ആര്‍പിഎഫ്) എട്ട് കമ്പനികളെ വിന്യസിച്ചതിനെ ചോദ്യം ചെയ്ത് ആം ആദ്മി പാര്‍ട്ടി തലവന്‍ അരവിന്ദ് കെജ്രിവാള്‍. ഡല്‍ഹി തിരഞ്ഞെടുപ്പിന് എസ്ആര്‍പിഎഫിനെ വിന്യസിക്കുന്നത് സംബന്ധിച്ച് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, സായുധ വിഭാഗം ഓഫീസ് പുറത്തിറക്കിയ സര്‍ക്കുലറും അരവിന്ദ് കെജ്രിവാള്‍ എക്‌സില്‍ പങ്കുവെച്ചു.
'ഗുജറാത്ത് പൊലീസിന്റെ ഈ ഉത്തരവ് വായിക്കൂ. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പഞ്ചാബ് പൊലീസിനെ ദില്ലിയില്‍ നിന്ന് നീക്കി ഗുജറാത്ത് പൊലീസിനെ വിന്യസിച്ചു. എന്താണ് നടക്കുന്നത്?' എക്സിന്റെ പോസ്റ്റില്‍ അദ്ദേഹം ചോദിച്ചു. നേരത്തെ കെജ്രിവാളിന്റെ സുരക്ഷയ്ക്ക് വിന്യസിച്ചിരുന്ന പഞ്ചാബ് പൊലീസുകാരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം പിന്‍വലിച്ചിരുന്നു. ഇത് രാഷ്ട്രീയപ്രേരിതമാണ് എന്നായിരുന്നു കെജ്രിവാള്‍ പറഞ്ഞിരുന്നത്.

വ്യക്തി സുരക്ഷയുടെ കാര്യത്തിലെങ്കിലും രാഷ്ട്രീയം പാടില്ലെന്നും കെജ്രിവാള്‍ പറഞ്ഞിരുന്നു. അതേസമയം ഡല്‍ഹി പൊലീസിന്റെയും തിരഞ്ഞെടുപ്പ് കമ്മീഷന്റേയും നിര്‍ദേശത്തെ തുടര്‍ന്നാണ് കെജ്രിവാളിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്ന സംസ്ഥാന പൊലീസിനെ പിന്‍വലിച്ചതെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. ജനുവരി 13 നാണ് ഗുജറാത്ത് എസ്ആര്‍പിഎഫ് യൂണിറ്റുകള്‍ ഡല്‍ഹിയില്‍ എത്തിയത്.
അതേസമയം അരവിന്ദ് കെജ്രിവാളിന്റെ അവകാശവാദങ്ങള്‍ക്ക് മറുപടിയുമായി ബിജെപി നേതാവും ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായ ഹര്‍ഷ് സംഘവി രംഗത്തെത്തി. രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളില്‍ നിന്നുള്ള സേനകളും ഡല്‍ഹിയില്‍ വിന്യസിക്കപ്പെട്ടിട്ടും എന്തുകൊണ്ടാണ് ഗുജറാത്തിനെ മാത്രം പ്രത്യേകം പരാമര്‍ശിച്ചത് എന്നായിരുന്നു ഹര്‍ഷ് സംഘവിയുടെ പ്രതികരണം.
'കെജ്രിവാളിനെ 'ജാന്‍സെബാസ്' എന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. കെജ്രിവാള്‍ ജി ഒരു മുന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡങ്ങളെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാത്തതില്‍ ഞാന്‍ അത്ഭുതപ്പെടുന്നു. ഗുജറാത്ത് മാത്രമല്ല, വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സേനയെ ആവശ്യപ്പെട്ടിട്ടുണ്ട്,' അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇത് ഒരു പതിവ് നടപടിക്രമമാണ് എന്നും കമ്മീഷന്റെ അഭ്യര്‍ത്ഥന പ്രകാരം ഗുജറാത്തില്‍ നിന്നുള്ള 8 കമ്പനി എസ്ആര്‍പിയെ ഡല്‍ഹിയിലേക്ക് അയച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. ഡല്‍ഹിയിലെ 70 നിയമസഭാ സീറ്റുകളിലേക്കും ഫെബ്രുവരി 5 ന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി 8 നാണ് വോട്ടെണ്ണല്‍.












Click it and Unblock the Notifications