'ഞങ്ങളെ തോൽപ്പിക്കാൻ മോദി ഒരു ജന്മം കൂടി ജനിക്കണം', ബൂമറാംഗടിച്ച് കെജ്രിവാൾ, വീഡിയോ വൈറൽ
ഡല്‍ഹി: 70ല്‍ 48 സീറ്റുകളും നേടി ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാനൊരുങ്ങുകയാണ് ബിജെപി. മറുവശത്ത് അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും അടക്കം വീണ വന്‍ തോല്‍വിയാണ് ആം ആദ്മി പാര്‍ട്ടിക്ക് മുന്നില്‍. ബിജെപി വിജയിക്കുമെന്നുളള എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവെച്ച് കൊണ്ടുളള ഫലമാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരിക്കുന്നത്.
ആം ആദ്മി പാര്‍ട്ടി നേരിട്ട കൂറ്റന്‍ തോല്‍വിക്കിടെ അരവിന്ദ് കെജ്രിവാളിന്റെ ഒരു പഴയ വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഈ ജന്മത്ത് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയെ തോല്‍പ്പിക്കാന്‍ നരേന്ദ്ര മോദിക്ക് സാധിക്കില്ല എന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കെജ്രിവാള്‍ പ്രസംഗിക്കുന്നത്.

ഡല്‍ഹിയില്‍ വെച്ച് 2023ല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിലാണ് കെജ്രിവാളിന്റെ ഈ അവകാശവാദം. കെജ്രിവാളിന്റെ വാക്കുകള്‍ ഇങ്ങനെയാണ്: '' ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ അട്ടിമറിക്കുക എന്നതാണ് അവരുടെ ഉദ്ദേശം.ഡല്‍ഹിയില്‍ അങ്ങനെ സര്‍ക്കാരുണ്ടാക്കുക എന്നതാണ് നരേന്ദ്ര മോദിയുടെ ആവശ്യം. തിരഞ്ഞെടുപ്പിലൂടെ നമ്മെ തോല്‍പ്പിക്കാന്‍ സാധിക്കില്ലെന്ന് അവര്‍ക്കറിയാം. എനിക്ക് നരേന്ദ്ര മോദിജിയോട് പറയാനുളളത് നിങ്ങള്‍ക്കീ ജന്മം ഞങ്ങളെ തോല്‍പ്പിക്കാനാകില്ല എന്നാണ്. ഞങ്ങളെ ഡല്‍ഹിയില്‍ തോല്‍പ്പിക്കാന്‍ നിങ്ങള്‍ ഒരു ജന്മം കൂടി ജനിക്കണം ''.
ഈ പ്രസംഗത്തിന് രണ്ട് വര്‍ഷം തികയും മുന്‍പേ ഡല്‍ഹിയില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയെ തൂത്തെറിഞ്ഞിരിക്കുകയാണ് ബിജെപി. ആകെയുളള 70 നിയമസഭാ സീറ്റുകളില്‍ 48ലും ബിജെപി വിജയിച്ചപ്പോള്‍ ആപ്പിന് ലഭിച്ചത് 22 സീറ്റുകള്‍ മാത്രമായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നാമമാത്രമായ സീറ്റുകള്‍ നേടിയ ബിജെപിയാണ് ഇക്കുറി കൂറ്റന്‍ വിജയം സ്വന്തമാക്കിയിരിക്കുന്നത്.
മാത്രമല്ല കെജ്രിവാളിനെ അടക്കം വീഴ്ത്തി എന്നതാണ് ബിജെപിക്ക് വിജയമധുരം ഇരട്ടിയാക്കുന്നത്. ന്യൂ ഡല്‍ഹി മണ്ഡലത്തില്‍ 2013 മുതല്‍ വിജയിച്ച് വരുന്ന കെജ്രിവാളിനെ ബിജെപിയുടെ മുന്‍ എംപി പര്‍വേഷ് വെര്‍മയോടാണ് തോല്‍വി ഏറ്റ് വാങ്ങിയത്. 4089 വോട്ടുകള്‍ക്കാണ് കെജ്രിവാളിന്റെ പരാജയം.
കെജ്രിവാളിന്റെ മറ്റൊരു പഴയ വീഡിയോ കൂടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. 2017ല്‍ ഡല്‍ഹി നിയമസഭയില്‍ കെജ്രിവാള്‍ നടത്തിയ പ്രസ്താവനയാണ് ആപ്പിന്റെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ വീണ്ടും പ്രചരിക്കുന്നത്. ഞങ്ങള്‍ ഡല്‍ഹിയുടെ യജമാനന്മാരാണ്. ഞങ്ങള്‍ ഡല്‍ഹി ഭരിക്കും. അവര്‍ ഞങ്ങളുടെ ഉത്തരവുകള്‍ അനുസരിക്കും, എന്നാണ് കെജ്രിവാള്‍ പറയുന്നത്. ഡല്‍ഹി ലെഫ്റ്റനന്റ് ജനറലുമായി സര്‍ക്കാരിനുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സഭയിലെ കെജ്രിവാളിന്റെ പരാമര്‍ശം.












Click it and Unblock the Notifications