തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം; അരവിന്ദ് കെജ്രിവാളിനെതിരെ കേസെടുത്ത് ഹരിയാന പൊലീസ്
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാളിനെതിരെ പൊലീസ് കേസ്. ഡല്‍ഹിയിലെ ജലവിതരണം തടസപ്പെടുത്താന്‍ ഹരിയാന സര്‍ക്കാര്‍ യമുനാ നദിയിലെ വെള്ളത്തില്‍ വിഷം കലര്‍ത്തിയെന്ന പരാമര്‍ശത്തിലാണ് പൊലീസ് നടപടി.
ഹരിയാനയിലെ ഷഹബാദ് പൊലീസ് സ്റ്റേഷനില്‍ ആണ് കെജ്രിവാളിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സെക്ഷന്‍ 196(1) (ശത്രു വളര്‍ത്തല്‍), 197(1) (ഇന്ത്യയുടെ ഐക്യത്തിന് കോട്ടം തട്ടുന്ന തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍), 248(എ) (മറ്റൊരാള്‍ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുക), 299 (മതവിശ്വാസങ്ങളെ അവഹേളിക്കാന്‍ മനഃപൂര്‍വം പ്രവര്‍ത്തിക്കുക) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കെജ്രിവാളിനെതിരെ കേസെടുത്തിരിക്കുന്നത്.

സംഭവത്തില്‍ ഫെബ്രുവരി 17ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഹരിയാന കോടതി കെജ്രിവാളിന് നേരത്തെ സമന്‍സ് അയച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷനും കെജ്രിവാളിന്റെ വാദത്തിന് തെളിവ് ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹിയിലെ യമുന ജലത്തില്‍ 7 പാര്‍ട്‌സ് പെര്‍ മില്യണ്‍ (പിപിഎം) വരെ അമോണിയയുടെ അളവ് അടങ്ങിയിട്ടുണ്ടെന്ന് കെജ്രിവാള്‍ പറഞ്ഞിരുന്നു. ഇത് വിഷത്തിന് തുല്യമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാല്‍ ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴി വെച്ചത്. യമുനയിലെ വെള്ളം സുരക്ഷിതമാണെന്ന് തെളിയിക്കാന്‍ പരസ്യമായി കുടിക്കാന്‍ തയ്യാറുണ്ടോ എന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടപം കെജ്രിവാള്‍ ചോദിക്കുകയും ചെയ്തിരുന്നു. കെജ്രിവാളിന്റെ അവകാശവാദങ്ങളോട് പ്രതികരിച്ച ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനിയമുന ജലം കുടിക്കുകയും ഇതിന്റെ വീഡിയോ പങ്ക് വെക്കുകയും ചെയ്തിരുന്നു.
യമുനാ നദി വൃത്തിയാക്കുമെന്ന ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെ ഓര്‍മപ്പെടുത്തിയായിരുന്നു രാഹുലിന്റെ പരിഹാസം. യമുനയിലെ വെള്ളം സ്വയം കുടിച്ച് അതിന്റെ പരിശുദ്ധി തെളിയിക്കണം എന്നും രാഹുല്‍, കെജ്രിവാളിനോട് പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കെജ്രിവാളിനെതിരെ ആഞ്ഞടിച്ചിരുന്നു.
തന്റെ പരാമര്‍ശത്തിലൂടെ കെജ്രിവാള്‍ രാജ്യത്തെ അപമാനിച്ചെന്ന് ആരോപിച്ച മോദി, മറ്റെല്ലാ ഡല്‍ഹി പൗരന്മാരെയും പോലെ യമുന ജലം തന്നെയാണ് താനും കുടിച്ചതെന്നും വ്യക്തമാക്കി. ' ഹരിയാനയിലെ ജനങ്ങള്‍ ഡല്‍ഹിയിലുള്ളവരില്‍ നിന്ന് വ്യത്യസ്തരാണോ? ഹരിയാനയില്‍ താമസിക്കുന്നവരുടെ ബന്ധുക്കള്‍ ഡല്‍ഹിയില്‍ താമസിക്കുന്നില്ലേ? ഹരിയാനയിലെ ജനങ്ങള്‍ക്ക് സ്വന്തം ആളുകള്‍ കുടിക്കുന്ന വെള്ളം വിഷലിപ്തമാക്കാന്‍ കഴിയുമോ?'' മോദി ചോദിച്ചു.












Click it and Unblock the Notifications