വികസനം മാത്രമേ ഗുണം ചെയ്യൂ; സിഎഎ തിരിച്ചടിക്കും- കെജ്രിവാളിനെ അഭിനന്ദിച്ച് മമത
ദില്ലി: രാജ്യതലസ്ഥാനത്ത് വീണ്ടും ഭരത്തിലെത്തിയ എഎപിയെ അഭിനന്ദിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറും. അരവിന്ദ് കെജ്രവാളിനെ അഭിനന്ദിക്കുന്നുവെന്ന് മമത പറഞ്ഞു. ജനങ്ങള്‍ ബിജെപിയെ തള്ളിയിരിക്കുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ മാത്രമേ ജനങ്ങള്‍ ഏറ്റെടുക്കൂ. അത് മാത്രമേ വിജയിക്കൂ. സിഎഎയും എന്‍ആര്‍സിയും ജനം ഏറ്റെടുക്കില്ലെന്നും മമത പറഞ്ഞു.

ഇന്ത്യയുടെ ആത്മാവ് സംരക്ഷിക്കാന്‍ എഴുന്നേറ്റ് നിന്ന ദില്ലി ജനങ്ങളെ നന്ദി അറിയിക്കുന്നുവെന്നാണ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പ്രതികരിച്ചത്. നേരത്തെ ജെഡിയു വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹത്തെ സിഎഎ പ്രതികരണത്തെ തുടര്‍ന്ന് നിതീഷ് കുമാര്‍ പുറത്താക്കിയിരുന്നു. വര്‍ഗീയ രാഷ്ട്രീയത്തെ ജനം തള്ളുകയും വികസനത്തെ ഏറ്റെടുക്കുകയും ചെയ്തുവെന്നാണ് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പ്രതികരിച്ചത്.
ദേശീയതയിലൂന്നിയ വിഷയങ്ങള്‍ അടിസ്ഥാനമാക്കിയാണ് ബിജെപി പ്രചാരണം നടത്തിയതെന്നും അതിന് ജനം പിന്തുണ നല്‍കാത്തതില്‍ അസന്തുഷ്ടിയുണ്ടെന്നും ബിജെപി വക്താവ് ഹരീഷ് ഖുരാന പ്രതികരിച്ചു. രാഷ്ട്രീയ തന്ത്രങ്ങള്‍ പുനപ്പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ബിജെപിക്ക് ഈ തിരഞ്ഞെടുപ്പില്‍ ആശ്വസിക്കാന്‍ വകയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ മുന്നേറ്റം അവരുണ്ടാക്കി. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മൂന്ന് സീറ്റ് മാത്രമാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ ആദ്യ ട്രെന്‍ഡില്‍ അവര്‍ രണ്ടക്കം കടന്നു. വോട്ടിലും സീറ്റിലും ബിജെപിക്ക് വര്‍ധനവുണ്ടായി. കോണ്‍ഗ്രസിന്റെ കാര്യം കഷ്ടമാണ്. ഇത്തവണയും കോണ്‍ഗ്രസിന് അക്കൗണ്ട് തുറക്കാന്‍ സാധിച്ചേക്കില്ല.












Click it and Unblock the Notifications