പണം കണ്ടപ്പോള്‍ കെജ്രിവാളിന്റെ കണ്ണ് മഞ്ഞളിച്ചു; വിമര്‍ശനവുമായി അണ്ണാ ഹസാരെ
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ വിമര്‍ശിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. അരവിന്ദ് കെജ്രിവാളിന്റെ രാഷ്ട്രീയ യാത്രയില്‍ നിരാശയുണ്ട് എന്ന് അണ്ണ ഹസാരെ പറഞ്ഞു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഭരണം നഷ്ടമാകും എന്ന് ഉറപ്പായതിന് പിന്നാലെയാണ് ഹസാരെയുടെ പ്രതികരണം.
''ഒരു സ്ഥാനാര്‍ത്ഥിയുടെ പെരുമാറ്റവും ചിന്തകളും ജീവിതവും ശുദ്ധവും മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്താത്തതും ത്യാഗത്തില്‍ കേന്ദ്രീകൃതവുമാകണമെന്ന് ഞാന്‍ എപ്പോഴും പറഞ്ഞിട്ടുണ്ട്. ഈ ഗുണങ്ങള്‍ വോട്ടര്‍മാരില്‍ വിശ്വാസം വളര്‍ത്തുന്നു. ഈ തത്വങ്ങളെക്കുറിച്ച് ഞാന്‍ അരവിന്ദ് കെജ്രിവാളിനെ ഉപദേശിച്ചു, പക്ഷേ അദ്ദേഹം എന്റെ ഉപദേശം ശ്രദ്ധിച്ചില്ല,' അണ്ണാ ഹസാരെ പറഞ്ഞു.

മദ്യം പോലുള്ള വിഷയങ്ങളാണ് അരവിന്ദ് കെജ്രിവാള്‍ മുന്‍ഗണനയായി കണ്ടത്. പണം കണ്ടപ്പോള്‍ അദ്ദേഹം അതിന് പിന്നാലെ പോയി എന്നും അണ്ണാ ഹസാരെ കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളായി കെജ്രിവാളിന്റെ മുന്‍ഗണനകളിലെ മാറ്റത്തോടുള്ള നിരാശ താന്‍ പങ്ക് വെച്ചിരുന്നു അദ്ദേഹം പറഞ്ഞു. അണ്ണാ ഹസാരെയും അരവിന്ദ് കെജ്രിവാളും അടക്കമുള്ളവര്‍ രാജ്യതലസ്ഥാനത്ത് നടത്തിയ പ്രക്ഷോഭമാണ് 15 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ചത്.
അതേസമയം 27 വര്‍ഷത്തിന് ശേഷം ഡല്‍ഹിയില്‍ ബിജെപി ഭരണം പിടിക്കും എന്ന് ഉറപ്പിച്ചിരിക്കുകയാണ്. 70 അംഗ നിയമസഭയില്‍ 46 സീറ്റിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. കേവലഭൂരിപക്ഷത്തിന് 36 സീറ്റാണ് വേണ്ടത്. 24 സീറ്റില്‍ ആം ആദ്മി പാര്‍ട്ടി ലീഡ് ചെയ്യുമ്പോള്‍ തുടര്‍ച്ചയായ മൂന്നാം തവണയും കോണ്‍ഗ്രസിന് ഡല്‍ഹി നിയമസഭയില്‍ ഒറ്റ എംഎല്‍എമാരും ഉണ്ടാകില്ല എന്നതിലേക്ക് ഫലം പോകുന്നത്.
അതിനിടെ സ്വന്തം മണ്ഡലത്തില്‍ അരവിന്ദ് കെജ്രിവാള്‍ പിന്നിലാണ് എന്നതും ആപ്പ് കേന്ദ്രങ്ങളെ ഞെട്ടിക്കുന്നുണ്ട്. ന്യൂഡല്‍ഹി നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിച്ച കെജ്രിവാള്‍ ബിജെപിയുടെ പര്‍വേശ് വര്‍മ്മയുമായി കനത്ത പോരാട്ടമാണ് കാഴ്ച വെക്കുന്നത്. മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജഗ്പുരയിലും മുഖ്യമന്ത്രി അതിഷി കല്‍ക്കാജിയിലും പിന്നിലാണ്. ന്യൂഡല്‍ഹി നിയമസഭാ സീറ്റില്‍ ഒമ്പതാം റൗണ്ട് വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ കെജ്രിവാള്‍ ഇതുവരെ 18,097 വോട്ടുകള്‍ ആണ് നേടിയത്. പര്‍വേഷ് വര്‍മ 19,267 വോട്ടുകള്‍ നേടി 1,170 വോട്ടുകള്‍ക്ക് മുന്നിലാണ്.












Click it and Unblock the Notifications