'ജയ് തെലങ്കാന... പോരാട്ടം തുടരും'; ജയിലിന് പുറത്ത് കവിതക്ക് ഊഷ്മളമായ സ്വീകരണം
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ബിആര്‍എസ് നേതാവ് കെ കവിത തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ചൊവ്വാഴ്ച രാത്രിയോടെയാണ് കവിത ജയിലില്‍ നിന്ന് പുറത്തെത്തിയത്. ജയ് തെലങ്കാന എന്ന മുദ്രാവാക്യം വിളിച്ചാണ് കെ കവിത ജയിലില്‍ നിന്ന് ഇറങ്ങിയത്. ജയില്‍ വളപ്പിന് പുറത്ത് പടക്കം പൊട്ടിച്ചും ഡ്രം വായിച്ചും അനുയായികള്‍ കവിതക്ക് ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്.
പുറത്തിറങ്ങിയ ഉടന്‍ കവിത മകനെയും ഭര്‍ത്താവിനെയും ആലിംഗനം ചെയ്തു. സഹോദരനും ബിആര്‍എസ് നേതാവുമായ കെ ടി രാമ റാവുവും സ്ഥലത്തുണ്ടായിരുന്നു. ജയിലിന് പുറത്ത് കവിത മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 'എനിക്ക് എല്ലാവരോടും നന്ദിയുണ്ട്. ഏകദേശം 5 മാസത്തിന് ശേഷമാണ് മകനെയും സഹോദരനെയും ഭര്‍ത്താവിനെയും കാണുന്നത്. രാഷ്ട്രീയം കാരണം മാത്രമാണ് ജയിലില്‍ കിടന്നത്, ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല,' കവിത പറഞ്ഞു.

നിയമപരമായും രാഷ്ട്രീയപരമായും തങ്ങള്‍ ഇതിനെ ചെറുക്കും എന്നും ബിആര്‍എസിന്റെയും കെസിആറിന്റെയും ടീമിനെ തകര്‍ക്കാനാകാത്ത തരത്തില്‍ കെട്ടുറുപ്പുള്ളതാക്കുക മാത്രമാണ് അവര്‍ ചെയ്തതെന്നും കവിത പറഞ്ഞു. ഡല്‍ഹി വസന്ത് വിഹാറിലെ പാര്‍ട്ടി ഓഫീസില്‍ കവിത ബിആര്‍എസ് നേതാക്കളുമായും പ്രവര്‍ത്തകരുമായും കൂടിക്കാഴ്ച നടത്തി. മാര്‍ച്ച് 15 മുതല്‍ ജയിലിലായിരുന്നു കവിത.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കെ കവിതയെ ഹൈദരാബാദിലെ ബഞ്ചാര ഹില്‍സിലെ വസതിയില്‍ നിന്ന് മാര്‍ച്ച് 15 ന് അറസ്റ്റ് ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം, അതേ കേസില്‍ ഏപ്രില്‍ 11 ന് സിബിഐ അവരെ തിഹാര്‍ ജയിലില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് മാസത്തോളമായി കവിത കസ്റ്റഡിയിലാണെന്നും സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നടത്തിയ അന്വേഷണം ഈ കേസുകളില്‍ പൂര്‍ത്തിയായെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി കവിതക്ക് ജാമ്യം അനുവദിച്ചത്.
കേസില്‍ കവിതയ്ക്ക് പങ്കുണ്ടെന്ന് തെളിയിക്കാന്‍ ഇഡിക്കും സിബിഐക്കും എന്ത് തെളിവാണ് ഉള്ളത് എന്ന് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ചോദിച്ചു. കവിത തന്റെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തുവെന്നും അവരുടെ പെരുമാറ്റം തെളിവുകള്‍ നശിപ്പിക്കുന്നതിന് തുല്യമാണെന്നുമായിരുന്നു കേന്ദ്ര ഏജന്‍സികളെ പ്രതിനിധീകരിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിന്റെ മറുപടി
എന്നാല്‍ കവിതയ്ക്കെതിരായ അന്വേഷണം ഇതിനകം പൂര്‍ത്തിയായെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി വാദിച്ചു. സ്വാഭാവികമായും കവിതക്ക് ജാമ്യത്തിന് അര്‍ഹതയുണ്ട് എന്നും ഇതേ കേസില്‍ ജയിലിലായ മനീഷ് സിസോദിയ ഈ മാസം ആദ്യം ജാമ്യത്തില്‍ പുറത്തിറങ്ങിയതായും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications