'ആറ്റിക്കുറുക്കിയ' എക്‌സിറ്റ് പോളുമായി ആക്സിസ് മൈ ഇന്ത്യ; മുഖ്യമന്ത്രിയായി കെജ്രിവാള്‍ തന്നെ! ഭരണം ബിജെപിക്ക്
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്നലെ പുറത്തുവന്ന മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും ബിജെപിയ്ക്കായിരുന്നു മുന്‍തൂക്കം പ്രവചിച്ചിരുന്നത്. പീപ്പിള്‍സ് ഇന്‍സൈറ്റ്, പീപ്പിള്‍സ് പള്‍സ്, ചാണക്യ സ്ട്രാറ്റജീസ്, ജെവിസി തുടങ്ങിയവയെല്ലാം ബിജെപി രണ്ടര പതിറ്റാണ്ടിന് ശേഷം രാജ്യതലസ്ഥാനത്ത് അധികാരത്തില്‍ എത്തും എന്നായിരുന്നു പ്രവചിച്ചിരുന്നത്.
അതേസമയം എക്‌സിറ്റ് പോള്‍ പ്രവചനത്തിലെ പ്രധാനികളായ ആക്‌സിസ് മൈ ഇന്ത്യ ഇന്നലെ എക്‌സിറ്റ് പോളുകള്‍ പുറത്തുവിട്ടിരുന്നില്ല. കൂടുതല്‍ വിശകലനം നടത്തി ഇന്ന് എക്‌സിറ്റ് പോള്‍ പുറത്തുവിടും എന്നാണ് പറഞ്ഞിരുന്നത്. പ്രദീപ് ഗുപ്തയുടെ നേതൃത്വത്തിലുള്ള ഉപഭോക്തൃ ഡാറ്റാ ഇന്റലിജന്‍സ് കമ്പനിയാണ് ആക്‌സിസ് മൈ ഇന്ത്യ. ഇന്ന് ആറരയോടെയാണ് ആക്‌സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം പുറത്തുവിട്ടത്.

ഡല്‍ഹിയില്‍ ബിജെപിയുടെ വലിയ വിജയമുണ്ടാകും എന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. 70 അംഗ നിയമസഭയില്‍ 45 മുതല്‍ 55 വരെ സീറ്റുകള്‍ ബിജെപിക്ക് ലഭിക്കും എന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. 2013 മുതല്‍ അധികാരത്തിലിരിക്കുന്ന ആം ആദ്മി പാര്‍ട്ടിക്ക് 15 മുതല്‍ 25 വരെ സീറ്റ് നേടുമ്പോള്‍ കോണ്‍ഗ്രസിന് പരമാവധി ഒരു സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം.
അതേസമയം ബിജെപിക്ക് മുന്നേറ്റം പ്രവചിക്കുമ്പോഴും ഡല്‍ഹിയിലെ ജനങ്ങളുടെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ആദ്യ ചോയ്സ് എഎപിയുടെ അരവിന്ദ് കെജ്രിവാളാണ് എന്നും എക്‌സിറ്റ് പോള്‍ വ്യക്തമാക്കുന്നു. തൊട്ടുപിന്നാലെ ബിജെപിയുടെ പര്‍വേഷ് വര്‍മയും മനോജ് തിവാരിയും ആണ് ഉള്ളത്. ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രകാരം ന്യൂഡല്‍ഹി ജില്ലയിലെ 10 സീറ്റുകളില്‍ ബിജെപിക്ക് ഏഴ് സീറ്റ് ലഭിക്കും.
ആം ആദ്മി മൂന്ന് സീറ്റുകളും നേടുമെന്നാണ് പ്രവചനം. ആം ആദ്മി നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി ജില്ലയില്‍ 10 ല്‍ ആറെണ്ണം ബിജെപി നേടുമെന്നും എഎപി നാലെണ്ണം നേടുമെന്നും എക്സിറ്റ് പോള്‍ പ്രവചിക്കുന്നു. സൗത്ത് ഈസ്റ്റ് ഡല്‍ഹി ജില്ലയില്‍ ബിജെപിയും എഎപിയും അഞ്ച് സീറ്റുകള്‍ വീതം നേടുമെന്നാണ് പ്രവചനം.
ഇന്നലെ പുറത്തുവന്ന എക്‌സിറ്റ് പോളുകളില്‍ വീപ്രെസൈഡ്, മൈന്‍ഡ് ബ്രിങ്ക് എന്നീ രണ്ട് സര്‍വേകള്‍ മാത്രമാണ് എഎപിക്ക് വിജയം പ്രവചിച്ചത്. അതേസമയം എല്ലാ എക്സിറ്റ് പോളുകളും കോണ്‍ഗ്രസിന് നാണംകെട്ട തോല്‍വിയാണ് പ്രവചിക്കുന്നത്. പരമാവധി മൂന്ന് സീറ്റാണ് കോണ്‍ഗ്രസിന് എല്ലാ സര്‍വേകളും പ്രവചിക്കുന്നത്. ബുധനാഴ്ച നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 60.10 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.


Click it and Unblock the Notifications