ഡല്‍ഹി എക്‌സിറ്റ് പോള്‍ ഫലം: ആപ്പിനെ ബിജെപി ചുരുട്ടിക്കെട്ടും; കാത്തിരിക്കുന്നത് വമ്പന്‍ വിജയമെന്ന് പ്രവചനം
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വന്‍ വിജയം പ്രവചിച്ച് പീപ്പിള്‍സ് പള്‍സ് ആന്റ് കോഡെമോ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ആകെയുള്ള 70 സീറ്റില്‍ ബി ജെ പി 51 മുതല്‍ 60 സീറ്റ് വരെ നേടും എന്നാണ് എക്‌സിറ്റ് പോള്‍ പ്രവചനം. കഴിഞ്ഞ പത്ത് വര്‍ഷമായി അധികാരത്തിലുള്ള ആം ആദ്മി പാര്‍ട്ടിക്ക് 10 മുതല്‍ 19 വരെ സീറ്റ് മാത്രമെ നേടാനാകൂ. കോണ്‍ഗ്രസിന് ഇത്തവണയും സീറ്റൊന്നും ലഭിക്കില്ല എന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.
2015 ലും 2020 ലും 60 ലേറെ സീറ്റ് നേടിയാണ് ആം ആദ്മി അധികാരത്തിലെത്തിയിരുന്നത്. കഴിഞ്ഞ തവണ വെറും മൂന്ന് സീറ്റിലൊതുങ്ങിയ ബി ജെ പിയെ സംബന്ധിച്ചിടത്തോളം വലിയ മുന്നേറ്റമാണ് പീപ്പിള്‍സ് പള്‍സ് ആന്റ് കോഡെമോ പ്രവചിച്ചിരിക്കുന്നത്. അതേസമയം ഡല്‍ഹിയില്‍ ഏറെ കാലം അധികാരത്തിലിരുന്ന കോണ്‍ഗ്രസിന് തുടര്‍ച്ചയായ മൂന്നാമത്തെ തിരഞ്ഞെടുപ്പിലും സീറ്റൊന്നും ലഭിക്കില്ല എന്നാണ് പ്രവചനം.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സത്യമായാല്‍ 27 വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ബി ജെ പി ഡല്‍ഹിയില്‍ അധികാരത്തിലെത്തുന്നത്. ഡല്‍ഹിയില്‍ ബി ജെ പി വിജയിക്കുമെന്ന് എല്ലാ പ്രമുഖ സര്‍വേകളും പ്രവചിച്ചിട്ടുണ്ട്. ജെ വി സി പോള്‍ പ്രകാരം ബി ജെ പി 39-45 സീറ്റുകള്‍ നേടുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം എ എ പി 22-31 സീറ്റുകളുമായി രണ്ടാം സ്ഥാനത്തെത്തിയേക്കാം. ഒരുകാലത്ത് ഡല്‍ഹി രാഷ്ട്രീയത്തിലെ പ്രബല ശക്തിയായിരുന്ന കോണ്‍ഗ്രസ് 0-2 സീറ്റുകള്‍ നേടുമെന്നാണ് ജെ വി സിയുടെ പ്രവചനം.
മാട്രിസ് സര്‍വേ ബി ജെ പി 35-40 സീറ്റുകള്‍ നേടുമെന്ന് പ്രവചിക്കുന്നു. എ എ പി 32-37 സീറ്റുമായി തൊട്ടുപിന്നിലെത്തും. ബി ജെ പിയുടെ വിജയം ഡല്‍ഹിയിലെ എ എ പിയുടെ ദശാബ്ദക്കാലത്തെ ഭരണത്തിന് അന്ത്യം കുറിക്കുന്നതായിരിക്കും. ദേശീയ രാഷ്ട്രീയത്തില്‍ വലിയ അനുരണനങ്ങള്‍ ചിലപ്പോള്‍ ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം ഉണ്ടാക്കിയേക്കാം.












Click it and Unblock the Notifications