ഗോള്‍ഡന്‍ ലൈന്‍ മെട്രോ വരുന്നു; ഡല്‍ഹിയില്‍ വീട്ടുവാടകയും സ്ഥലവിലയും കുതിച്ചുയരും
രാജ്യതലസ്ഥാനത്തെ ഏറ്റവും പ്രിയപ്പെട്ട പാര്‍പ്പിട മേഖലകളിലൊന്നായിട്ടും ഗതാഗതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കഴിഞ്ഞ കുറെ നാളുകളായി സൗത്ത് ഡല്‍ഹി നേരിടുന്നുണ്ട്. ഗതാഗതക്കുരുക്ക്, വിമാനത്താവളത്തിലേക്കുള്ള ദീര്‍ഘനേര യാത്ര, കിഴക്ക്-പടിഞ്ഞാറ് മേഖലകളെ ബന്ധിപ്പിക്കുന്നതിലെ അപര്യാപ്തത എന്നിവ കാരണം പല പ്രദേശങ്ങള്‍ക്കും തങ്ങളുടെ യഥാര്‍ത്ഥ റിയല്‍ എസ്റ്റേറ്റ് സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല.
എന്നാല്‍ ഇപ്പോള്‍ ഇതിനൊരു പരിഹാരം ഉയര്‍ന്ന് വരികയാണ്. ഡല്‍ഹി മെട്രോയുടെ നാലാം ഘട്ടത്തിന്റെ ഭാഗമായി എയ്റോസിറ്റി മുതല്‍ തുഗ്ലക്കാബാദ് വരെ നീളുന്ന ഗോള്‍ഡന്‍ ലൈന്‍, സൗത്ത് ഡല്‍ഹിയിലെ തിരക്കേറിയ പല പാര്‍പ്പിട-വാണിജ്യ മേഖലകളെയും തമ്മില്‍ ബന്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കുന്ന ഈ പാത, വരും വര്‍ഷങ്ങളില്‍ മേഖലയിലെ വീടുകളുടെ വിലയിലും വാടകയിലും വലിയ വര്‍ധനവിന് വഴിയൊരുക്കും.

അതേസമയം എല്ലായിടത്തും ഇത് ഒരുപോലെയായിരിക്കില്ല. മെട്രോ സ്റ്റേഷനുകളില്‍ നിന്ന് നടക്കാവുന്ന ദൂരത്തിലുള്ള പ്രദേശങ്ങള്‍ക്കാകും ഏറ്റവും വലിയ നേട്ടം ലഭിക്കുക. പ്രീമിയം പ്രദേശങ്ങളില്‍ താരതമ്യേന കുറഞ്ഞ വര്‍ധനവേ ഉണ്ടാകൂ. മഹിപാല്‍പൂര്‍, വസന്ത് കുഞ്ച്, കിഷന്‍ഗഢ്, ഛത്തര്‍പൂര്‍, ഇഗ്‌നോ, സാകേത്, ഖാന്‍പൂര്‍, അംബേദ്കര്‍ നഗര്‍ എന്നിവയിലൂടെ കടന്നുപോയി തുഗ്ലക്കാബാദില്‍ അവസാനിക്കുന്ന രീതിയിലാണ് ഗോള്‍ഡന്‍ ലൈന്‍ വിഭാവനം ചെയ്തിരിക്കുന്നത്.
എയ്റോസിറ്റി, ഛത്തര്‍പൂര്‍, സാകേത് ജി-ബ്ലോക്ക്, തുഗ്ലക്കാബാദ് എന്നിവിടങ്ങളില്‍ നിലവിലുള്ള മെട്രോ പാതകളുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യവും ഈ ലൈന്‍ ഒരുക്കും. ഇവിടുത്തെ താമസക്കാര്‍ക്ക്, റോഡ് ഗതാഗതത്തെ മാത്രം ആശ്രയിക്കാതെ തന്നെ വിമാനത്താവളം, സെന്‍ട്രല്‍ ഡല്‍ഹി, പ്രധാന വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ ഇത് സഹായിക്കും.
ഭവന വിപണിയെ സംബന്ധിച്ചിടത്തോളം, ഇതൊരു പുതിയ ഉണര്‍വിന് വഴിയൊരുക്കും. ഗോള്‍ഡന്‍ ലൈന്‍ ഭവന ആവശ്യകതയില്‍ വലിയൊരു വര്‍ധനവ് ഉണ്ടാക്കാന്‍ സാധ്യതയില്ലെന്ന് ഗ്രാന്റ് തോണ്‍ടണ്‍ ഭാരതിലെ പങ്കാളിയായ ചേതന്‍ ചിച്ര അഭിപ്രായപ്പെടുന്നു. പകരം, ദക്ഷിണ ഡല്‍ഹിയിലെ പല പഴയ പ്രദേശങ്ങളുടെയും വളര്‍ച്ചയെ തടസ്സപ്പെടുത്തിയിരുന്ന കണക്റ്റിവിറ്റി ഡിസ്‌കൗണ്ട് ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.
ഛത്തര്‍പൂര്‍, നെബ് സരായ്, സാകേത്, അംബേദ്കര്‍ നഗര്‍, സംഗം വിഹാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മികച്ച സാമൂഹിക അടിസ്ഥാന സൗകര്യങ്ങളും തൊഴില്‍ കേന്ദ്രങ്ങളുമായുള്ള സാമീപ്യവും ധാരാളം വീടുകളും ഇതിനകം തന്നെയുണ്ട്. മെട്രോ സൗകര്യം മെച്ചപ്പെടുന്നതോടെ, ഈ പ്രദേശങ്ങള്‍ക്ക് അര്‍ഹമായ വില ലഭിക്കാന്‍ അവസരമൊരുങ്ങും. വസന്ത് കുഞ്ചിലെ അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് നിലവില്‍ ചതുരശ്ര അടിക്ക് 21,000 മുതല്‍ 23,500 രൂപ വരെയാണ് വില.
ഈ പാതയിലെ ഏറ്റവും ചെലവേറിയ പാര്‍പ്പിട മേഖലകളില്‍ ഒന്നായി സാകേത് തുടരുന്നു. ബ്ലോക്കും പ്രോപ്പര്‍ട്ടിയുടെ തരവും അനുസരിച്ച് ഇവിടെ ചതുരശ്ര അടിക്ക് 27,500 മുതല്‍ 31,500 രൂപ വരെയാണ് വില. ചത്തര്‍പൂര്‍ താരതമ്യേന കുറഞ്ഞ നിരക്കില്‍ വീടുകള്‍ ലഭ്യമാകുന്ന മേഖലയായി തുടരുന്നു. ഇവിടെ ചതുരശ്ര അടിക്ക് 12,400 മുതല്‍ 18,000 രൂപ വരെയാണ് വില. വാടക വിപണിയിലും സമാനമായ അവസ്ഥയാണുള്ളത്.
സാകേതില്‍ സാധാരണയായി രണ്ട് കിടപ്പുമുറികളുള്ള ഒരു അപ്പാര്‍ട്ട്‌മെന്റിന് പ്രതിമാസം ഏകദേശം 35,000 രൂപ വാടക വരുമ്പോള്‍, മൂന്ന് കിടപ്പുമുറികളുള്ള വലിയ വീടുകള്‍ക്ക് പ്രതിമാസം ഒരു ലക്ഷം രൂപ വരെ വാടക ലഭിക്കും. കുറഞ്ഞ നിരക്കില്‍ വീടുകള്‍ ലഭ്യമാകുന്ന മേഖലകള്‍ക്കാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാകാന്‍ സാധ്യതയെന്ന് വ്യവസായ വിദഗ്ധര്‍ കരുതുന്നു. ചത്തര്‍പൂര്‍, നെബ് സരായി, സാകേത് എന്നിവയാണ് ഇതിന് ഏറ്റവും അനുയോജ്യമായ മേഖലകള്‍.
മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും ഗതാഗത സൗകര്യങ്ങളുടെ കുറവായിരുന്നു ഇവയുടെ പ്രധാന പോരായ്മ. വിമാനത്താവള മേഖലയോടും വരാനിരിക്കുന്ന മെട്രോ പാതയോടുമുള്ള സാമീപ്യം കാരണം വസന്ത് കുഞ്ചിനും കിഷന്‍ഗഢിനും നേട്ടമുണ്ടാകും എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തുഗ്ലക്കാബാദ്, സംഗം വിഹാര്‍ തുടങ്ങിയ കുറഞ്ഞ വിലയുള്ള മേഖലകള്‍ വികസിച്ചുവരാന്‍ കൂടുതല്‍ സമയമെടുത്തേക്കാം.


Click it and Unblock the Notifications