മാംസാഹാരം വിളമ്പുന്നതുമായി ബന്ധപ്പെട്ട് തർക്കം; എസ്എയുുവിൽ എസ്എഫ്ഐ-എബിവിപി സംഘർഷം
ഡൽഹി: ഡൽഹി സൗത്ത് ഏഷ്യൻ യൂണിവേഴ്സിറ്റി ( എസ് എ യു ) യിൽ എസ് എഫ് ഐ - എ ബി വി പി സംഘർഷം. യൂണിവേഴ്സിറ്റി ക്യാന്റീനിൽ ഒരു കുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. മഹാ ശിവരാത്രിയോട് അനുബന്ധിച്ച് കാന്റീനിൽ മാസം ഭക്ഷണം വിളമ്പിയതാണ് സംഘർഷത്തിന് കാരണമായത് എന്നാണ് സൂചന.
ശിവരാത്രിയോട് അനുബന്ധിച്ച് മാംസ ഭക്ഷണം വിളമ്പരുതെന്ന് എ ബി വി പി ഭീഷണിപ്പെടുത്തിയെന്ന് എസ് എഫ് ഐ പറഞ്ഞു. അതേ സമയം ഉപവാസത്തിലായിരുന്ന 110 വിദ്യാർത്ഥികളെ കൊണ്ട് എസ് എഫ് ഐ പ്രവർത്തകർ നിർബന്ധിച്ച് മാംസ ഭക്ഷണം കഴിപ്പിക്കാൻ ശ്രമിപ്പിച്ചെന്ന് എ ബി വി പി പറഞ്ഞു. വിദ്യാർത്ഥിനിക്ക് മർദ്ദനമേറ്റതിൽ പോലീസ് അന്വേഷണം തുടങ്ങി.

കാന്റീനിലിരിക്കെ ഭക്ഷണവുമായി ബന്ധപ്പെട്ട് ഒരു കൂട്ടം വിദ്യാർത്ഥികൾ തമ്മിൽ തർക്കം ഉണ്ടായെന്നും ഉടൻ തന്നെ വഴക്കുണ്ടായതായും പോലീസ് പറഞ്ഞു. മർദ്ദനമേറ്റ വിദ്യാർത്ഥിനി പി സി ആർ കോളിലൂടെ പോലീസിനെ അറിയിച്ചു. നിലവിൽ മർദ്ദനമേറ്റ വിദ്യാർത്ഥിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയുമാണെന്ന് ഡൽഹി പോലീസ് പറഞ്ഞു.
എ ബി വി പി ഗുണ്ടകൾക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് എസ് എഫ് ഐ ഡൽഹി സംസ്ഥാന കമ്മിറ്റി പ്രതികരിച്ചു. " ജനാധിപത്യപരവും മതനിരപേക്ഷവും സുരക്ഷിതവുമായ വിദ്യാഭ്യാസ ഇടങ്ങളെന്ന് കരുതപ്പെടുന്ന നമ്മുടെ യൂണിവേഴ്സിറ്റി ക്യാമ്പസുകളിൽ ഇത്തരം അക്രമാസക്തരായ ഗുണ്ടകൾക്കും അവരുടെ ബഹിഷ്കരണ തത്വങ്ങൾക്കും സ്ഥാനമില്ല, എസ് എഫ് ഐ പറഞ്ഞു.
എസ് എ യു വിലെ 110 ഓളം വിദ്യാർത്ഥികൾ മഹാ ശിവരാത്രിയിൽ ഉപവസിക്കുകയാണെന്നും അവർക്ക് സാത്വിക ഭക്ഷണം ക്രമീകരിക്കാൻ കാന്റീൻ അഡ്മിനിസ്ട്രേഷനോട് അഭ്യർത്ഥിച്ചിരുന്നെന്നും എ ബി വി പി പറയുന്നു. " വിദ്യാർത്ഥികളുടെ ആവശ്യം അംഗീകരിച്ച് യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻ രണ്ട് വ്യത്യസ്ത മെസ്സുകളിലൊന്നിൽ സാത്വിക ഭക്ഷണം ക്രമീകരിച്ചു. എന്നാൽ ഈ മത സൗഹാർദ്ദം തകർക്കാൻ ചില ഇടത് പക്ഷ ഗുണ്ടകൾ ബോധപൂർവ്വം ശ്രമിച്ചത് ദൗർഭാഗ്യകരമാണ്. വൃതം എടുക്കുന്ന വിദ്യാർത്ഥികൾക്കായി നിശ്ചയിച്ചിരുന്ന മെസ്സിൽ സ്വാതിക ഭക്ഷണം വിളമ്പുമ്പോൾ എസ് എഫ് ഐയുമായി ബന്ധപ്പെട്ടവർ അവിടെ നിർബന്ധിച്ച് നോൺ വെജ് വിളമ്പാൻ ശ്രമിച്ചു, " എ ബി വി പി പറഞ്ഞു.












Click it and Unblock the Notifications