ഗവർണറുടെ അപ്രതീക്ഷിത രാജിയിൽ ഞെട്ടി ദില്ലി, നജീബ് ജംഗ് മടങ്ങുന്നു
നജീബ് ജംഗ് ദില്ലി ഗവർണർ സ്ഥാനത്ത് നിന്നും രാജി സമർപ്പിച്ചു. രാജി നീക്കം അപ്രതീക്ഷിതം, അക്കാദമിക ജീവിതത്തിലേക്ക് മടങ്ങാനെന്ന് വിശദീകരണം.
ദില്ലി ലഫ്റ്റനന്റ് ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് നജീബ് ജംഗിന്റെ അപ്രതീക്ഷിത നീക്കം.രാജിക്കത്ത് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു. അക്കാദമിക് രംഗത്തേക്ക് മടങ്ങിപ്പോകാനാണ് രാജി എന്നാണ് ഗവര്‍ണറുടെ ഓഫീസ് നല്‍കിയിരിക്കുന്ന വിശദീകരണം. കാലാവധി തീരാന്‍ 18 മാസം അവശേഷിക്കെയാണ് നജീബ് ജംഗിന്റെ മടക്കം. അപ്രതീക്ഷിത രാജിക്കുള്ള യഥാര്‍ത്ഥ കാരണം വ്യക്തമല്ല. തനിക്ക് പൂര്‍ണപിന്തുണ നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ദില്ലിയിലെ ജനങ്ങള്‍ എന്നിവര്‍ക്ക് നജീബ് ജംഗ് നന്ദിയറിയിച്ചു.

ആം ആദ്മി സര്‍ക്കാര്‍ ദില്ലിയിൽ അധികാരത്തില്‍ വന്നതിന് ശേഷമുള്ള 2 വര്‍ഷങ്ങള്‍ സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ വിവിധ വിഷയങ്ങളില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിന്റെതായിരുന്നു. സർക്കാർ നടത്തിയ നിയമനങ്ങൾ റദ്ദാക്കിയത് അടക്കമുള്ള ഗവർണറുടെ നടപടികൾ ഏറെ ഒച്ചപ്പാട് ഉണ്ടാക്കിയതായിരുന്നു. ഭരണകാലയളവില്‍ ദില്ലി മുഖ്യമന്ത്രിയുമായി ചേര്‍ച്ചയില്‍ അല്ലായിരുന്നുവെങ്കിലും അരവിന്ദ് കെജരിവാളിനും നജീബ് ജംഗ് നന്ദി അറിയിച്ചിട്ടുണ്ട്.

മധ്യപ്രദേശ് കേഡറില്‍ നിന്നുള്ള ഐഎഎസ് ഉദ്യോഗസ്ഥനായ നജീബ് ജംഗ് ജാമിയ മിലിയ സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സലര്‍ കൂടിയായിരുന്നു. 2013 ജൂലൈയിലാണ് നജീബ് ജംഗ് ദില്ലി ഗവര്‍ണറായി സ്ഥാനമേല്‍ക്കുന്നത്. ജംഗിന് മറ്റെന്തെങ്കിലും പദവി നല്‍കണമോയെന്ന കാര്യം ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നുണ്ട്. പുതിയ ലെഫ്. ഗവര്‍ണറുടെ നിയമനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയം പ്രത്യേക യോഗം ചേര്‍ന്നു.












Click it and Unblock the Notifications