ഡൽഹിയിലെ ഹനുമാൻ ജയന്തി സംഘർഷം; 21 പേർ അറസ്റ്റിൽ; കൂടുതൽ പേർ കുടുങ്ങും
ഡൽഹി: ഹനുമാൻ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൽ 21 പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. പിടിയിലായ പ്രതികളിൽ നിന്ന് മൂന്ന് നാടൻ പിസ്റ്റളുകളും അഞ്ച് വാളുകളും പിടിച്ചെടുത്തു. പൊലീസാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സംഘർഷത്തിന് പിന്നാലെ ഡൽഹി പൊലീസ് സബ് ഇൻസ്‌പെക്ടർ മെദലാൽ മീണയ്ക്ക് നേരെ അക്രമി വെടിയുതിർത്തിരുന്നു. പിടിയിൽ ആയ പ്രതികളിൽ അസ്ലം എന്ന പ്രതിയും ഉണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. ഇയാളുടെ കൈയ്യിൽ നിന്ന് ഒരു നാടൻ പിസ്റ്റൾ പൊലീസ് കണ്ടെടുത്തു.

അതേസമയം, ഡല്‍ഹിയില്‍ ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ച് നടന്ന ഘോഷയാത്രയ്ക്കിടെ ഇന്നലെ ആയിരുന്നു സംഘർഷം നടന്നത്. അക്രമത്തിൽ എട്ട് പൊലീസുകാർക്കും ഒരു സാധാരണക്കാരനും പരുക്കേറ്റിരുന്നു. ഡൽഹി ജഹാംഗീർപുരിയിലാണ് സംഭവം നടന്നത്. പ്രദേശത്ത് സംഘർഷാവസ്ഥ നില നിൽക്കുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു. നിലവിൽ അന്വേഷണം ക്രൈംബ്രാഞ്ചിനാണ് നൽകിയിരിക്കുന്നത്. കൂടുതൽ പ്രതികൾക്ക് വേണ്ടി ഉളള അറസ്റ്റ് തുടരുകയാണ്.
എന്നാൽ, സംഘർഷത്തിന് പിന്നാലെ സുരക്ഷയ്ക്കായി നിരവധി പൊലീസ് ഉദ്യോഗസ്ഥരെ ജഹാംഗീർപുരിയിൽ വിന്യസിച്ചു. കല്ലേറിൽ പരിക്കേറ്റ പോലീസുകാർ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. സംഘർഷ സ്ഥലത്ത് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടെന്നും സ്ഥിതി ഗതികൾ നിരീക്ഷിച്ച് വരികയാണ് എന്നും സ്‌പെഷ്യൽ സിപി ദേപേന്ദ്ര പതക് വ്യക്തമാക്കിയിരുന്നു.
ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ച് ഡല്‍ഹി ജഹാംഗീർപുരിയിൽ ഘോഷ യാത്ര നടന്നിരുന്നു. ഈ ഘോഷ യാത്രയ്ക്കിടെ രണ്ട് സമുദായങ്ങൾ തമ്മിൽ രൂക്ഷമായ വാക്ക് തർക്കം ഉണ്ടായി. തുടർന്ന് വാക്ക് തർക്കം സംഘർഷത്തിൽ എത്തി. സംഘർഷത്തിൽ ഘോഷ യാത്രയിൽ പങ്കെടുത്തവർ കല്ലെറിയുകയും ചെയ്തു. സംഭവത്തിൽ പൊതു മുതൽ നശിപ്പിക്കുകയും ചില വാഹനങ്ങൾ കത്തിക്കുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഘർഷം ഉണ്ടായതിന് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സംഘത്തെ സ്ഥലത്ത് നിയോഗിച്ചു. സംഘർഷത്തിൽ പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പരിക്കേറ്റ ഉദ്യോഗസ്ഥരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പുറത്തു വിടുന്ന റിപ്പോർട്ട്.
ഡൽഹിയിൽ നടന്ന ആക്രമണത്തിന് പിന്നാലെ 14 ജില്ലകളിൽ പോലീസ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോട് സംഘർഷം നടന്ന സ്ഥലം സ്ഥിതി ഗതികൾ വിലയിരുത്തുവാൻ നിർദ്ദേശം നൽകി. കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ ആണ് സുരക്ഷയുടെ ഭാഗമായി ഇവിടെ വിന്യസിച്ചിരിക്കുന്നത്. എന്നാൽ, പ്രദേശത്തെ ജനങ്ങളോട് സംയമനം പാലിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിർദ്ദേശിച്ചിരുന്നു.. പൊലീസ് ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണിൽ ബന്ധപ്പെട്ടിരുന്നു.












Click it and Unblock the Notifications