ഐഎന്‍എക്‌സ് മീഡിയ കേസ്, ചിദംബരത്തിന് ജാമ്യമില്ല, മുഖ്യ സൂത്രധാരനെന്ന് ദില്ലി ഹൈക്കോടതി!!
ദില്ലി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ജാമ്യമില്ല. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളി. ചിദംബരത്തിന്റെയും എന്‍ഫോഴ്‌സ്‌മെന്റിന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് ജാമ്യാപേക്ഷ തള്ളിയത്. ഒക്ടോബര്‍ 16നാണ് കേസില്‍ ചിദംബരം അറസ്റ്റിലാവുന്നത്. നേരത്തെ ഇതേ കേസില്‍ സിബിഐ ഓഗസ്റ്റ് 21ന് ചിദംബരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതില്‍ ഒക്ടോബര്‍ 22ന് ചിദംബരത്തിന് ജാമ്യം ലഭിച്ചിരുന്നു.

ചിദംബരത്തിന് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കോടതി വ്യക്തമാക്കി. ചിദംബരം 85 ദിവസമായി കസ്റ്റഡിയിലും ജയിലിലുമായി തുടരുകയാണ്. മുന്‍ ധനമന്ത്രിക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്ന് ജസ്റ്റിസ് സുരേഷ് കെയ്ത് പറഞ്ഞു. ചിദംബരം അഴിമതിയില്‍ മുഖ്യ സൂത്രധാരനും നിര്‍ണായക പങ്കുവഹിച്ചെന്നും സംശയിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ ഗുരുതര സ്വഭാവമുള്ള കേസാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഇതേ കേസിലെ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് ഹൈക്കോടതി അവസാനിപ്പിച്ചിരുന്നു. കേന്ദ്രത്തിന് വേണ്ടി ഹാജരായ തുഷാര്‍ മേത്ത ചിദംബരത്തിന് ജാമ്യം അനുവദിക്കരുതെന്ന് ശക്തമായി വാദിച്ചു. മുന്നില്‍ കാണുന്നതിനേക്കാള്‍ എത്രയോ ഗുരുതരമായ കേസാണ് ചിദംബരത്തിനെതിരെയുള്ളതെന്ന് മേത്ത കോടതിയെ അറിയിച്ചു. സാമ്പത്തിക തട്ടിപ്പ് വളരെ ഗുരുതരമായ കുറ്റമാണെന്നും സോളിസിറ്റര്‍ ജനറല്‍ കൂടിയായി മേത്ത പറഞ്ഞു.
അതേസമയം ചിദംബരത്തിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നത് ദുരുദേശപരമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കബില്‍ സിബല്‍ പറഞ്ഞു. ചിദംബരത്തെ ജയിലില്‍ തുടരാന്‍ അനുവദിക്കുന്നത് അദ്ദേഹത്തിന്റെ ആരോഗ്യം മോശമാക്കുക എന്ന ലക്ഷ്യത്തോടെയാണ്. ഇതുവരെ ഏഴ് കിലോയോളം ഭാരം അദ്ദേഹത്തിന് കുറഞ്ഞെന്നും സിബല്‍ പറഞ്ഞു. ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കാനാണ് ചിദംബത്തിന്റെ തീരുമാനം.












Click it and Unblock the Notifications