എന്ത് വൃത്തികേടാണിത്, എന്തൊരു ബോറന്‍ ഭാഷ; വെബ് സീരിസിനെതിരെ ഹൈക്കോടതി
വ്യക്തി സ്വാതന്ത്ര്യത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും ഒരു പരിധിയുണ്ട്. ഇവിടെ അതെല്ലാം ലംഘിക്കപ്പെട്ടു

ന്യൂദല്‍ഹി: കോളജ് റൊമാന്‍സ് എന്ന വെബ് സീരീസിലെ ഭാഷാ പ്രയോഗത്തിന് എതിരെ ദല്‍ഹി ഹൈക്കോടതി. വെബ് സീരീസിലെ ഭാഷ അറുബോറന്‍ ആണ് എന്ന് ഹൈക്കോടതി പറഞ്ഞു. സംഭവത്തില്‍ വെബ് സീരീസ് സംപ്രേഷണം ചെയ്ത ടി വി എഫ് എന്ന ഒടിടി പ്ലാറ്റ്‌ഫോമിനും സംവിധായകന്‍ സിമര്‍പ്രീത് സിങ്ങിനും അഭിനയിച്ച അപൂര്‍വ അറോറയ്ക്കും എതിരെ കേസെടുക്കാനുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി ശരി വച്ചു.
വെബ് സീരീസില്‍ ഉടനളം ലൈംഗികത പ്രകടമാക്കുന്ന ഭാഷയാണ് ഉള്ളത് എന്നും ഇത് കേള്‍വിക്കാരെ അസ്വസ്ഥപ്പെടുത്തുമെന്നും കോടതി നിരീക്ഷിച്ചു. വെബ് സീരീസില്‍ അശ്ലീലവും കാമവുമായ ഉള്ളടക്കമാണ് ഉള്ളത് എന്നും ഹൈക്കോടതി പറഞ്ഞു. ഇത്തരം ഒ ടി ടി പ്ലാറ്റ്ഫോമുകളില്‍ സംപ്രേഷണം ചെയ്യുന്ന കണ്ടന്റുകളുടെ ഭാഷ പരിശോധിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം എന്നും കോടതി ആവശ്യപ്പെട്ടു.
ഇത് പരസ്യമായി കാണാന്‍ പറ്റില്ല എന്നും ഇയര്‍ ഫോണ്‍ ഉപയോഗിച്ചാണ് കേട്ടത് എന്നും ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ്മ പറഞ്ഞു. ഇത് രാജ്യത്തെ പൗരന്മാര്‍ ഉപയോഗിക്കുന്ന ഭാഷയല്ല എന്നും ഈ ഭാഷയെ നമ്മുടെ രാജ്യത്ത് പതിവായി ഉപയോഗിക്കുന്ന ഭാഷ എന്ന് വിളിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും തമ്മില്‍ സൂക്ഷ്മമായ സന്തുലിതാവസ്ഥ പുലര്‍ത്തണം. ഐ ടി നിയമം 67, 67 എ വകുപ്പുകള്‍ പ്രകാരം അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണം എന്നും കോടതി ഉത്തരവിട്ടു. വ്യക്തി സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഇത്തരമൊരു ഭാഷാ പ്രയോഗം അനുവദിക്കാനാവില്ല എന്നും കോടതി നിരീക്ഷിച്ചു.
2018 സെപ്റ്റംബറില്‍ സംപ്രേഷണം ചെയ്ത സീരീസിന്റെ എപ്പിസോഡ് 5 ന് എതിരെയണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരമ്പരയിലുടനീളം അശ്ലീലമായ വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് എല്ലാ പരിധികളും ലംഘിക്കുന്നതാണ് എന്നുമായിരുന്നു പരാതി.












Click it and Unblock the Notifications