വനിതാ സമരക്കാര്‍ക്ക് നേരെ ഡല്‍ഹി പോലീസിന്റെ ലൈംഗിക അതിക്രമം; അമിത് ഷാ എവിടെ എന്ന് രാഹുല്‍ ഗാന്ധി
ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ വനിതകള്‍ക്ക് മോശം അനുഭവം. പോലീസുകാര്‍ ലൈംഗിക അതിക്രമം നടത്തി എന്ന് പരാതി. വനിതാ മാധ്യമപ്രവര്‍ത്തകരും സമരത്തില്‍ പങ്കെടുത്തവരും പരാതി ഉന്നയിച്ചു. പരാതി ലഭിച്ചെന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.
സമരക്കാരെ ബലം പ്രയോഗിച്ച് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഈ വേളയിലാണ് പോലീസുകാര്‍ വനിതകള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതത്രെ. കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലാണ് ഡല്‍ഹി പോലീസ്. ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണം എന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഡല്‍ഹി എസിപി വിവേക് ഭഗതിനെതിരെയാണ് പ്രധാന പരാതി.

മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകരാണ് ദുരനുഭവം വെളിപ്പെടുത്തിയത്. ലൈംഗികമായി അതിക്രമം നേരിടുകയും പോലീസുകാര്‍ മോശമായി പിടിക്കുകയും ചെയ്തു എന്നാണ് പരാതി. വനിതാ മാധ്യമപ്രവര്‍ത്തകരുടെ പരാതി ലഭിച്ചെന്ന് ഡല്‍ഹി പോലീസ് ട്വീറ്റ് ചെയ്തു. സുതാര്യമായ അന്വേഷണം നടത്തുമെന്നാണ് പോലീസ് പറയുന്നത്. പോലീസുകാര്‍ക്കെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി.
പരാതി ലഭിച്ചാല്‍ കേസെടുക്കേണ്ടത് പോലീസുകാരുടെ ഉത്തരവാദിത്തമല്ലേ, എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ക്യാമറകള്‍ പിടിച്ചുവാങ്ങി. മാധ്യമപ്രവര്‍ത്തകരെ വലിച്ചിഴച്ചു. വനിതകളോട് പോലീസുകാര്‍ ഇത്തരത്തില്‍ ചെയ്യുന്നത് ആദ്യമല്ല. വീഡിയോ ദൃശ്യങ്ങള്‍ തെളിവായുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
എസിപി വിവേക് ഭഗതിനെതിരെ വനിതാ മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയിട്ടുണ്ടെന്ന് സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞു. അവരെ മോശമായി സ്പര്‍ശിച്ചു എന്നാണ് പരാതി. ഡല്‍ഹി പോലീസ് എന്തിനാണ് എസിപി ഭഗതിനെ സംരക്ഷിക്കുന്നത്. ഞങ്ങള്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പമാണ്. വിവേക് ഭഗതിനെതിരെ കേസെടുക്കുകയും സസ്‌പെന്റെ ചെയ്യുകയും വേണമെന്നും സൗരവ് ദാസ് ആവശ്യപ്പെട്ടു.
പരാതി സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് സിജെപി നേതാവ് അഭിജിത് ദീപ്‌കെ പറഞ്ഞു. എന്തിനാണ് എസിപിയെ ഡിസിപി സച്ചിന്‍ ശര്‍മ സംരക്ഷിക്കുന്നത്. താങ്കള്‍ അമിത് ഷായുടെ ഇഷ്ടക്കാരനാണോ എന്നും ദീപ്‌കെ ചോദിച്ചു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് പുറമെ വനിതാ സമരക്കാര്‍, അഭിഭാഷകര്‍ എന്നിവരെയെല്ലാം പുരുഷ പോലീസ് കൈയ്യേറ്റം ചെയ്തുവെന്ന് ഐസ കുറ്റപ്പെടുത്തി. പലരെയും മോശമായി പിടിച്ചുവെന്നും ഐസ ആരോപിച്ചു.


Click it and Unblock the Notifications
