ഡൽഹി മദ്യനയ കേസ്; മനീഷ് സിസോദിയ അടക്കമുള്ളവരുടെ 52.24 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
ഡൽഹി: മദ്യനയക്കേസിൽ ആം ആദ്മി നേതാവും മുൻ ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ അടക്കമുള്ളവരുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 52.24 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
സിസോദിയക്ക് പുറമെ അമൻദീപ് സിംഗ് ധാൽ, രാജേഷ് ജോഷി, ഗൗതം മൽഹോത്ര തുടങ്ങിയവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. സിസോദിയയുടെ ഭാര്യ സീമയുടെ സ്വത്തുക്കളും അവരുടെ ബാങ്ക് അക്കൗണ്ടുകളിലെ 11 ലക്ഷം രൂപയും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. സിസോദിയയുമായി അടുത്ത ബന്ധമുള്ള ഡൽഹി വ്യവസായി ദിനേശ് അറോറയെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഇഡി നടപടി.

നിയമവിരുദ്ധമായി സ്വകാര്യ വ്യക്തികള്‍ക്ക് മദ്യശാലകളുടെ ലൈസന്‍സ് നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്നതാണ് ഡൽഹി മദ്യ നയ അഴിമതി കേസ്. കേസിൽ മാർച്ച് 9 നായിരുന്നു മനീഷ് സിസോദിയയെ ഇഡി അറസ്റ്റ് ചെയ്തത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ് സിസോദിയ.
നേരത്തേ കേസിൽ സി ബി ഐയും സിസോദിയയെ അറസ്റ്റ് ചെയ്തിരുന്നു.
മനീഷ് സിസോദിയ ഉൾപ്പെടെ 14 പേരാണ് സിബിഐ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ. ചില മദ്യ വ്യാപാരികൾക്ക് അനുകൂലമാകുന്ന തരത്തിൽ ഡൽഹിയിലെ പുതിയ മദ്യ നയം രൂപീകരിച്ചുവെന്നായിരുന്നു സിബിഐ എഫ് ഐ ആറിൽ പറഞ്ഞത്. വ്യാപാരികളിൽ നിന്നും കോടികൾ കോഴ വാങ്ങി . കേസില്‍ പ്രതികളായ മനീഷ് സിസോദിയയും മറ്റുള്ളവരും 2021-22 ലെ എക്‌സൈസ് നയവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുത്തതും ശുപാര്‍ശകള്‍ നടത്തിയതും ബന്ധപ്പെട്ട അതോററ്റിയുടെ അംഗീകാരമില്ലാതെയാണെന്നും എഫ് ഐ ആറില്‍ പറയുന്നു.
ടെന്‍ഡറിനു ശേഷം ലൈസന്‍സികള്‍ക്ക് അനാവശ്യ ആനുകൂല്യങ്ങള്‍ നല്‍കാനുള്ള ഉദ്ദേശ്യത്തോടെയായിരുന്നു നടപടി.ഇതുമായി ബന്ധപ്പെട്ട് മദ്യവ്യാപാരികളിലൊരാളായ ഇന്‍ഡോസ്പിരിറ്റിന്റെ ഉടമ സമീര്‍ മഹേന്ദ്രു സിസോദിയയുടെ ഒപ്പമുണ്ടായിരുന്നവരുമായി കോടികളുടെ പണമിടപാടുകള്‍ നടത്തിയതായും എഫ് ഐ ആറില്‍ പറയുന്നു. രണ്ട് തവണ നടത്തിയ പണമിടപാടിലൂടെ നാല് മുതല്‍ 5 കോടി വരെ രൂപ ഇവര്‍ കൈക്കലാക്കി എന്നും എഫ് ഐ ആറിൽ പറഞ്ഞിരുന്നു.
അതേസമയം കേസിൽ ജാമ്യം തേടി കഴിഞ്ഞ ദിവസം സിസോദിയ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇഡി കേസിൽ ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയായിരുന്നു സിസോദിയ സുപ്രീം കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications