ദില്ലി മദ്യനയ കേസ്; അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം, പക്ഷെ പുറത്തിറങ്ങാനാകില്ല
ദില്ലി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് കെജ്രിവാൾ നൽകിയ ഹർജിയിലാണ് വിധി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. ഹർജി വിശദമായി പരിശോധിക്കാൻ വിശാല ബെഞ്ചിന് വിട്ടുകൊണ്ടാണ് ജാമ്യം അനുവദിച്ചത്. എന്നാൽ സിബിഐ കേസ് ഉള്ളതിനാൽ തിഹാർ ജയിലിൽ നിന്നും കെജ്രിവാളിന് പുറത്തിറങ്ങാനാകില്ല.
ഇതുവരെയുള്ള തടവ് പരിഗണിച്ചാണ് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്. 90 ദിവസം ജയിലിൽ കിടന്നില്ലേയെന്ന് ജാമ്യം അനുവദിച്ച് കൊണ്ട് കോടതി പറഞ്ഞു. വിശാല ബെഞ്ചിന് ഇടക്കാല ജാമ്യ ഉത്തരവ് പുനഃപരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി.

അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കെജ്രിവാൾ സുപ്രീംകോടതിയെ സമീപിച്ചത്. അറസ്റ്റ് രേഖപ്പെടുത്തി 24 മണിക്കൂറിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയതെന്നും റിമാന്റ് റിപ്പോർട്ട് അടക്കം അഭിഭാഷകന് കൈമാറാതെയാണ് റിമാന്റ് ചെയ്തതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.മെയ് 17 നാണ് ഹർജിയിൽ സുപ്രീം കോടതി വാദം കേട്ടത്. തുടർന്ന് വിധി പറയാനായി മാറ്റി വെയ്ക്കുകയായിരുന്നു.
മദ്യനയക്കേസിൽ മാർച്ച് 21 നാണ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെജ്രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. 21 ദിവസത്തെ ജാമ്യമായിരുന്നു ലഭിച്ചത്.തിരഞ്ഞെടുപ്പ് ഫലം വരും വരെ ജാമ്യം വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും ജൂൺ 2 ന് കീഴടങ്ങാൻ കോടതി നിർദ്ദേശിച്ചു. ഇതിനിടയിൽ ജാമ്യത്തിനായി വീണ്ടും കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ലഭിച്ചില്ല. തുടർന്ന് ജൂൺ 2 ന് അദ്ദേഹം തിഹാർ ജയിലിൽ കീഴടങ്ങി.
നേരത്തേ ഇഡി കേസിൽ കെജ്‌രിവാളിന് വിചാരണക്കോടതിയുടെ അവധിക്കാല ബെഞ്ച് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ഡൽഹി ഹൈക്കോടതി വിചാരണ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. അതിനിടയിൽ ജൂൺ 26 ന് മദ്യനയ കേസിൽ സി ബി ഐയും കെജ്രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ ആദ്യം അന്വേഷണം തുടങ്ങിയത് സി ബി ഐ ആയിരുന്നു. തിഹാർ ജയിലിൽ എത്തിയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. മദ്യനയ അഴിമതിയുടെ പ്രധാന സൂത്രധാരകനാണ് അരവിന്ദ് കെജ്രിവാൾ ആണെന്നാണ് ഇഡിയും സിബിഐയും പറയുന്നത്.












Click it and Unblock the Notifications